Wednesday, August 4, 2010

10 - ഹമീദും സാദിരിയും

പച്ചപിടിച്ച മലനിരകളും, നിറയൗവനത്തിന്റെ നിർവൃതിയിൽ കതിരണിഞ്ഞ നെൽപ്പാടങ്ങളും, കുളിർക്കാറ്റേറ്റ്‌ തലയാട്ടിനിൽക്കുന്ന തെങ്ങിൻതോപ്പുകളും പിന്നിട്ട്‌ കാർ കുതിച്ച്‌ പായുകയാണ്‌. ഹമീദിനെയും കൂട്ടി, നഗരത്തിലെ പ്രശസ്തനായ ന്യൂറോ സർജ്ജൻ, ഡോ. ബാബുനെ കാണുവാൻ പോവുകയാണ്‌ ഞാൻ. മിന്നിമറയുന്ന ഹരിതഭംഗി ആവോളം ആസ്വദിച്ചായിരുന്നു യാത്ര. പ്രവാസിയുടെ സ്വപ്നങ്ങൾക്ക്‌ നിറക്കൂട്ട്‌ പകരുന്ന, ഈ മായകഴ്ചകളാണല്ലോ മരുഭൂമിയിൽ കുടുസുമുറിക്കുള്ളിലെ ഇടുങ്ങിയ ജീവിതത്തിന്റെ സ്പന്ദനങ്ങൾ നിയന്ത്രിക്കുന്നത്‌.

പിൻസിറ്റിലേക്കമർന്നിരുന്ന് ഞാൻ വീണ്ടും മരുഭൂമിയിലേക്ക്‌ പറന്നു.

രണ്ട്‌ മൂന്ന് വർഷത്തിനുള്ളിൽ, ഹമീദ്‌ പണിതുയർത്തിയ സമ്രാജ്യം സ്വപ്നതുല്യമായിരുന്നു. നാല്‌ ബൂഫിയകൾ ജിദ്ധയുടെ വിവിധ ഭാഗങ്ങളിൽ, രണ്ട്‌ ഇടത്തരം സൂപ്പർമാർക്കറ്റുകളും. എല്ലാറ്റിനും സഹായിയായി കൂടെനിന്ന ഹംസയെ പുതിയ സുപ്പർമാർക്കറ്റിന്റെ ചുമതലയേൽപ്പിച്ചപ്പോൾ മുതൽ ഹമീദിന്റെ പതനം തുടങ്ങുകയായിരുന്നു. നല്ലപോലെ കച്ചവടം നടന്നിരുന്ന സ്ഥാപനത്തിലെ കണക്കുകൾ മാത്രം ഒരിക്കലും നേരെയായില്ല. വരവിനെക്കാൾ കൂടുതൽ ചിലവുകൾ വന്നപ്പോഴും, ഹമീദ്‌ അത്‌ ശ്രദ്ധിച്ചില്ല. അവൻ ഹംസയെ അത്രക്ക്‌ വിശ്വസിച്ചിരുന്നല്ലോ.

കണക്കിലെ കളികൾ ഹംസക്ക്‌ മടുത്തുതുടങ്ങിയപ്പോൾ, ഉയരങ്ങൾ പെട്ടെന്ന് കീഴടക്കാനുള്ള ആവേശം രക്തത്തിലലിഞ്ഞപ്പോൾ, സംഭവിച്ചത്‌ മറ്റോന്നാണ്‌. കൂടെകിടക്കുന്നവനെ കൂട്ടികൊടുക്കുവാനുള്ള, ചങ്കുറപ്പ്‌ ചിലരുടെ രക്തത്തിലടങ്ങിയിരിക്കും.

പാവമായിരുന്ന മുഹമ്മദ്‌ ബിൻ അൽ സാദിരിയെന്ന അറബിയുടെ വീട്ടിൽ അടുപ്പ്‌ കത്തുവാൻ തുടങ്ങിയത്‌, ഹമീദിന്റെ കഫീലായ ശേഷമാണെന്ന് അവൻ തന്നെ പലരോടും പറഞ്ഞത്‌ പഴങ്കഥയായി. ഇന്ന്, ആവശ്യമുള്ളപ്പോയോക്കെ, സാദിരി മാത്രമല്ല, അവന്റെ കുട്ടികളും ഭാര്യയും കടകളിൽനിന്ന് കാശ്‌ ചോദിച്ച്‌വാങ്ങുവാൻ തുടങ്ങി. എങ്കിലും ഹമീദിന്‌ എതിർപ്പുണ്ടായിരുന്നില്ല. അവൻ കാരണമാണ്‌ ഞാൻ രക്ഷപ്പെട്ടതെന്ന് ഹമീദ്‌ ഇടക്കിടെ പറയുമായിരുന്നു. മാത്രമല്ല എന്ത്‌ സഹായവും അറബി ചെയ്തുതരുമെന്നും ഹമീദ്‌ പറയാറുണ്ട്‌.

ഒരു ദിവസം പതിവ്‌ പോലെ, രാവിലെ കടതുറക്കാനെത്തിയ ജോലികാരുടെ കൈയിൽനിന്നും സാദിരി ബലമായി ചാവി വാങ്ങിയെന്നും, ഇനി കടതുറക്കേണ്ടെന്നും പറഞ്ഞു. അതറിഞ്ഞ ഹമീദ്‌ സാദിരിയെ വിളിച്ച്‌ സംസാരിച്ചു. അവൻ പറഞ്ഞത്‌ കേട്ട്‌, ഹമീദിന്റെ സപ്തനാഡികളും തളർന്നു. സാദിരി അവന്റെ പേരിലുള്ള തന്റെ 7 സ്ഥാപനങ്ങളും ഹംസയെ നടത്തുവാനേൽപ്പിച്ചിരിക്കുന്നു. ഇത്‌ വരെ ഹമീദ്‌ മാസമാസം കൊടുത്തിരുന്നു പൈസയുടെ ഇരട്ടി ഹംസ തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നും സാദിരി പറഞ്ഞു. അറബി അനയസേന കൈകാര്യം ചെയ്യുന്ന ഹംസയെ, പലപ്പോഴും നേരിട്ട്‌ സാദിരിയുമായി സംസാരിക്കാൻ വിട്ടത്‌ ഹമീദ്‌ ചെയ്ത ആദ്യത്തെ തെറ്റ്‌. കണ്ണടച്ചാരെയും വിശ്വസിക്കരുതെന്ന പാഠം പഠിക്കാതെപോയത്‌, ശുദ്ധ ഹൃദയനായ ഹമീദിന്റെ മറ്റോരു തെറ്റ്‌. എല്ലാ സ്ഥാപനങ്ങളും ഒരു അറബിയുടെ പേരിൽ മാത്രം തുടങ്ങിയതും, അവനെ വിശ്വസിച്ചതും, ഏതോരു മലയാളിയെപോലെ, ഹമീദിന്റെ മറ്റോരു തെറ്റ്‌.

പുതിയ കട തുടങ്ങുവാൻ വാങ്ങിയ കടങ്ങൾ തിരിച്ച്‌കൊടുത്തിട്ടില്ലെന്ന ആധി ഹമീദിനെ തളർത്തിയില്ല, ചിട്ടിപിടിച്ചും കടം വാങ്ങിയുമാണ്‌ ആ കടതുടങ്ങിയത്‌. ആവതുള്ള കാലം അധ്വാനിച്ച്‌ കടം വീട്ടാൻ കഴിയുമെന്ന വിശ്വാസത്തിന്റെ ബലത്തിൽ, സമചിത്തതകൈവിടാതെ, അടിതെറ്റാതെ ജീവിക്കുവാൻ ഹമീദ്‌ ശ്രമിച്ചു. പണം എല്ലാറ്റിനും അവസാനവാക്കല്ലെന്ന് വിശ്വസിക്കുവാൻ, കഷ്ടപാടിന്റെ, പട്ടിണിയുടെ വിലയറിയുന്ന ഹമീദിന്‌ കഴിഞ്ഞു.

പക്ഷെ, കടംകൊടുത്തവർ വർത്തയറിഞ്ഞിരുന്നു. അത്‌വരെ സ്നേഹത്തോടെ മാത്രം സംസാരിച്ചിരുന്നവരുടെ മുഖഭാവം, രൗദ്രവും വീഭത്സവുമായി മാറിയത്‌ പെട്ടെന്നായിരുന്നു. ചിട്ടിപിടിച്ചവർ പലരും ചിട്ടി തിരിച്ചടക്കാതായി. കോമാളിയായ ഒരു കഥപാത്രമായി മറ്റുള്ളവർക്ക്‌ മുന്നിൽ ഹമീദ്‌. നാട്ടിലെ കല്യാണങ്ങൾക്കും, പള്ളിപണിയാനും, രോഗചികിൽസക്കും എന്നോക്കെ പറഞ്ഞ്‌, ആഴ്ചത്തോറും പിരിവിനെത്തിയ നാട്ടുകാർക്കും, ഹമീദ്‌ അന്യഗ്രഹജീവിയായി.

കുറ്റപ്പെടുത്തലുകളും, അവഹേളനവും നാല്‌ ഭാഗത്ത്‌നിന്നും വന്ന്‌കൊണ്ടിരുന്നു. പരോപകാരിയായവൻ പെട്ടെന്ന് അഹങ്കാരിയായി പലർക്കും. ഹമീദിന്റെ കൺമുന്നിൽ വന്ന് പെടാതെ നടക്കുവാൻ പലരും ശ്രമിച്ചു. പക്ഷെ എനിക്കവനെ കൈവിടാനാവുമായിരുന്നില്ല. കടമയും കടപ്പാടും അവനോടുണ്ട്‌. അങ്ങിനെയാണ്‌ ഞാൻ അവനെ ഉപദേശിച്ചത്‌. അവന്റെ കഫീലിനെ, സാദിരിയെ നേരിട്ട്‌ പോയി കാണുക. അവനോട്‌ നേരിട്ട്‌ സംസാരിക്കുക. ഹംസ കൊടുക്കാമെന്ന് പറഞ്ഞ പൈസ കൊടുത്തിട്ടാണെങ്കിലും, കടകൾ തിരികെ വാങ്ങുക. എന്റെ നിർബന്ധത്തിന്‌ വഴങ്ങി, അവസാനം ഹമീദ്‌ സാദിരിയെ കാണുവാൻ പോയി. പ്രതീക്ഷയോടെ കാത്തിരുന്ന ഞങ്ങളെ ഞെട്ടിച്ച്‌കൊണ്ടാണ്‌ ആ വാർത്ത വന്നത്‌. വിശ്വസിക്കുവാനായില്ല ആ വാർത്ത ആർക്കും. പക്ഷെ അത്‌ സത്യമായിരുന്നു.

ശത്രുവിന്‌ പോലും ഇങ്ങനെ ഒരവസ്ഥ വരുത്തരുതെ എന്ന് പ്രാർത്ഥിക്കുക മാത്രമേ നിർവ്വാഹമുണ്ടായിരുന്നുള്ളൂ.


.

12 comments:

Sulthan | സുൽത്താൻ said...

ഹമീദിന്റെ കഥ തുടരുകയാണ്‌, ഒപ്പം സുൽത്താന്റെ യാത്രയും.

പക്ഷെ, കടംകൊടുത്തവർ വർത്തയറിഞ്ഞിരുന്നു. അത്‌വരെ സ്നേഹത്തോടെ മാത്രം സംസാരിച്ചിരുന്നവരുടെ മുഖഭാവം, രൗദ്രവും വീഭത്സവുമായി മാറിയത്‌ പെട്ടെന്നായിരുന്നു. ചിട്ടിപിടിച്ചവർ പലരും ചിട്ടി തിരിച്ചടക്കാതായി. കോമാളിയായ ഒരു കഥപാത്രമായി മറ്റുള്ളവർക്ക്‌ മുന്നിൽ ഹമീദ്‌. നാട്ടിലെ കല്യാണങ്ങൾക്കും, പള്ളിപണിയാനും, രോഗചികിൽസക്കും എന്നോക്കെ പറഞ്ഞ്‌, ആഴ്ചത്തോറും പിരിവിനെത്തിയ നാട്ടുകാർക്കും, ഹമീദ്‌ അന്യഗ്രഹജീവിയായി.

രസികന്‍ said...

പ്രിയ സുല്‍ത്താന്‍ :- ഈ കഥയിലൂടെ സഞ്ചരിക്കുമ്പോള്‍... ഹമീദിനെ എവിടെയൊക്കെയോ കണ്ടപോലെ ... നമ്മുടെയിടയിലെല്ലാം ... ആരുമറിയാതെ പോകുന്ന അല്ലെങ്കില്‍ പുറം ലോകത്തിന്റെ മുന്‍പില്‍ തെറ്റുകാരനും കടക്കാരനുമെന്നു മുദ്രകുത്തപ്പെടുന്ന എത്രയെത്രെ ഹമീദുകള്‍ ...

[കണ്ണടച്ചാരെയും വിശ്വസിക്കരുതെന്ന പാഠം പഠിക്കാതെപോയത്‌, ശുദ്ധ ഹൃദയനായ ഹമീദിന്റെ മറ്റോരു തെറ്റ്‌. ] ഈ വരികള്‍ കൂടുതലിഷ്ടമായി ... ബാക്കി വായിക്കാനായി കാത്തിരിക്കുന്നു .... ആശംസകള്‍

Unknown said...

ഇങ്ങിനെ ശുദ്ധ ഹൃദയാരായി കണക്കും കാര്യവുമില്ലാതെ ജീവിച്ച് വഞ്ചിക്കപ്പെടുന്ന കുറെ നല്ല മനുഷ്യര്‍ നമുക്കിടയില്‍ കാണാം. അവരുടെ നിഷ്കളങ്ക ഭാവം പലരും പിന്നെയും പിന്നെയും മുതലെടുക്കുമ്പോഴും അവര്‍ തിരിച്ചറിയാതെ തന്നെ പോകുന്നു.

ഹംസ said...

ആരടാ ആ കൂതറ ഹംസ . ചെറ്റ തെണ്ടി..@$&^%$#@..... മലയാളി ,കൊലയാളി, (കലിപ്പ് തീരുന്നില്ല ) കൂടെ കിടക്കുന്നവന്‍റെ കഴുത്ത് നെരിക്കാന്‍ ഒരു മടിയും ഇല്ലാത്തവര്‍.. സഹായിക്കുന്നവരെ തന്നെ വഞ്ചിക്കുന്നവര്‍ ..
കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാ സുല്‍ത്താനെ നിന്‍റെ ഓരൊ വരിയും .

OAB/ഒഎബി said...

സ്വന്തം മക്കളെ പോലും സംശയത്തോടെ നോക്കിക്കാണേണ്ട ഇക്കാലത്ത് ശുദ്ധ ഹൃദയന്മാരെന്ന വിഡ്ഢികള്‍ക്ക് ജീവിക്കാന്‍ പറ്റാതായി.
പ്രത്യേകിച്ച് ഗള്‍ഫില്‍.
പണ്ടൊക്കെ ബങ്കാളികളെ കളിയാക്കിയിരുന്ന എനിക്കിപ്പോല്‍ സ്വന്തം റൂമില്‍ നൂറ് റിയാല്‍ വച്ച് പോരാന്‍ പേടിയാ.

ഇങ്ങനെ ടപ്പേന്ന് നിര്‍ത്തരുതേ സുല്‍ത്താനെ
:)

Sulthan | സുൽത്താൻ said...

രസികൻ,

അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുത്ത ജീവിതങ്ങൾ, സ്വന്തം മുന്നിൽ ആടിതകരുമ്പോൾ, ആ വേദനയറിഞ്ഞു ഞാൻ എന്നറിഞ്ഞതിൽ സന്തോഷം.

ആശ്വസിപ്പിക്കാൻ വാക്കുകളില്ല സുഹൃത്തെ. വാക്കുകൾക്ക് സ്ഥാനവുമില്ലല്ലോ.

പാലക്കുഴി,

ശുദ്ധ ഹൃദരായ ഇത്തരം ജന്മങ്ങൾ അറിഞ്ഞോ അറിയാതെയോ മറ്റോരു സാമൂഹിക കടമ നിർവഹിക്കുന്നുണ്ട്. വിശദീകരിക്കാം ഞാൻ.

ഹംസാക്കാ,

കണ്ടും അനുഭവിച്ചും കാര്യങ്ങളാക്കുമ്പോൾ, മനസ്സിൽതോന്നുന്ന വെറുപ്പും ദേഷ്യവും മനസ്സിലാക്കുവാനാകുന്നു.

ഒഎബി,

പണത്തിന്‌ മൂല്യം കൂടിയപ്പോൾ, രക്തബന്ധങ്ങൾ വിലക്കുറഞ്ഞു എന്നത് സത്യം. പക്ഷെ, ഇപ്പോഴും പണത്തെക്കാൾ മനുഷ്യനെ സ്നേഹിക്കുന്നവരെ കാണുവാൻ കഴിയുന്നതാണ്‌ ആശ്വാസം.

ഹമീദിന്റെ കഥകേല്ക്കുവാനെത്തിയ എല്ലാവർക്കും നന്ദി.

Unknown said...

ആരെയും കണ്ണടച്ച് വിശ്വസിക്കരുത് ഇത്പോലുള്ള ഹമീദുമാരുടെ കഥകള്‍ പ്രവാസ ജീവിതത്തിനിടയില്‍ ഞാനും കേട്ടിട്ടുണ്ട് ........

RAY said...

ഏതു വാര്‍ത്താന്നു പറഞ്ഞില്ല.
എക്സിറ്റ് അടിക്കും എന്നൊന്നുമല്ലല്ലോ അല്ലെ?

Jishad Cronic said...

ഇതേ അനുഭവം എന്‍റെ വീടിന്റെ അടുത്ത വീട്ടിലെ ഇക്കാകും പറ്റിയിട്ടുണ്ട് സൌദിയില്‍,
ആരും പറ്റിച്ചതല്ല ബിസിനെസ് കൂടിയപോള്‍ അറബി വന്ന്നു ഇറക്കിവിട്ടു.
എനിക്ക് തോന്നുന്നു ഇത് സൌദിയില്‍ മാത്രമേ നടക്കുകയുള്ളു.

Sulthan | സുൽത്താൻ said...

ഹമീദിന്‌ എന്ത്‌ സംഭവിച്ചു?

ഹമീദിന്റെ കഥ ഇവിടെ തുടരുന്നു

.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹും.. എപ്പൊ എവിടെയുണ്ട് ആ നാ...#$^&^%$ മോന്റെ മോന്‍ ഹംസ..(സോറി..കലിപ്പ് തീരണില്ല)
ഒരു പണി കൊടുക്കാനാ..വെറും പണിയല്ല നല്ല എട്ടിന്റെ പണി..

@ അതാരാ ജിഷാദേ നമ്മുടെ അടുത്തുള്ള ആ ഇക്ക..?

ബഷീർ said...

ഹംസമാരാൽ വഞ്ചിക്കപ്പെടുന്ന ഹമീദുമാരുടെ കഥകൾ ഗൾഫിൽ എല്ലായിടത്തും കാണാം. പണമില്ലാതായാൽ പിന്നെ അവനെ പിരിവുകാർ എന്നല്ല വീട്ടുകാരും തിരിഞ്ഞ് നോക്കില്ല

ബാക്കി വായിക്കട്ടെ