Saturday, April 24, 2010

7 - കിഴിശ്ശേരിയിലെ മാമ്പഴക്കാലം.

അരീക്കോട്ടേക്ക്‌ മുക്കിയും മൂളിയും സമയം തെറ്റിയും ഓടികൊണ്ടിരുന്ന ഒരേ ഒരു ബസ്സ്‌, അതാണ്‌ കുരിക്കൾ. നിറയെ യാത്രകാരുമായി കിതച്ച്‌കൊണ്ടുള്ള അവന്റെ യാത്ര നിയന്ത്രിക്കുന്നത്‌, വൃദ്ധനായ കോയാക്കയാണ്‌. ആര്‌ എവിടെനിന്ന്‌ കൈ കാണിച്ചാലും കുരിക്കൾ നിർത്തും.

സുൽത്താനും മാളുഅമ്മായിയും ഞെങ്ങിഞ്ഞെരുങ്ങി ബസ്സിലിരിക്കുന്നു. പതിമൂന്ന് വയസ്സുകാരന്റെ ജാള്യതയോടെ സുൽത്താൻ അമ്മായിയുടെ മടിയിലിരിക്കുന്നു. എന്നാൽ ഒരു കൊച്ചുകുഞ്ഞിനെ എന്നവണ്ണം, അമ്മായി അവനെ മുറുകെ പിടിച്ചിരിക്കുകയാണ്‌. സുരക്ഷിതത്തിന്റെ വൻമതിലിനകത്ത്‌, സ്നേഹത്തിന്റെ കോട്ടക്കുള്ളിലായിരുന്നു സുൽത്താൻ.

കിഴിശ്ശേരിയിൽ ബസ്സിറങ്ങി, കൈതകാടുകൾ നിറഞ്ഞ വയൽവരമ്പിലൂടെ കുന്നും മലയും താണ്ടി, എത്രനേരം നടന്നു എന്നറിയില്ല. വഴിയരികിൽ, കാണുന്നവരോടോക്കെ സംസാരിച്ച്‌, വിശേഷങ്ങൾ പങ്ക്‌വെച്ച്‌, നിർത്താതെ സംസാരിച്ച്‌കൊണ്ട്‌ അമ്മായി നടന്നു.

നിറയെ പഴുത്ത്‌നിൽക്കുന്ന മാവുകളുള്ള ഒരു പറമ്പ്‌. അതിന്റെ നടുവിലായി മൺകട്ടകൾകൊണ്ട്‌ നിർമ്മിച്ച ഒരു കുഞ്ഞുവീട്‌. ഉമ്മറത്ത്‌ തന്നെ ആകാംക്ഷയോടെ അമ്മായിയെ പ്രതീക്ഷിച്ചിരിക്കുകയാണ്‌ കാക്ക. അമ്മായിയെ കണ്ടതും, "നേരേത്രായീന്നറിയോ അനക്ക്‌. ഇപ്പോ വെരാന്ന്‌ പറഞ്ഞി പോയാതാ" എന്ന്‌ പറഞ്ഞ്‌ കൃത്രിമഗൗരവം അഭിനയിക്കുന്ന കാക്ക.

"ഇങ്ങളെന്തിനാ ബെജാറാവ്‌ണ്‌, ഞാൻ ഇന്റോട്‌ക്ക്‌ പോയതാല്ലെ. ബസ്‌ കിട്ടാൻ നേരം ബെഗി" എന്നു പറഞ്ഞ്‌ അമ്മായി അകത്തേക്ക്‌. കാക്ക സുൽത്താനെ പിടിച്ച്‌, മുടിയിൽ തലോടികൊണ്ട്‌ ചോദിച്ചു. "പരീക്ഷോക്കെ കയ്‌ഞ്ഞോ? ജെയ്ച്ച്വോ?." ഉവ്വെന്ന്‌ സുൽത്താൻ തലയാട്ടി.

അമ്മായി വസ്ത്രം മാറി, കൈയിൽ ഒരു അലുമിനിയ പാത്രവുമായി പുറത്തേക്ക്‌ വന്നു. നേരെ കാലിതൊഴുത്തിലേക്ക്‌ നടന്നു. അപ്പോഴെക്കും, ഒന്ന്‌ രണ്ട്‌ പഴുത്ത മാങ്ങകളുമായി കാക്ക വന്നു. "ഇന്നാ' എന്ന്‌ പറഞ്ഞ്‌ അത്‌ സുൽത്താണ്‌ നൽകി. ഇറയത്തിരുന്ന്‌ സുൽത്താൻ കോമാങ്ങ ഇമ്പികൊണ്ട്‌, അമ്മായി പാൽകറക്കുന്നത്‌ നോക്കിയിരുന്നു.

"പുല്ല്‌ കെറച്ചെ കിട്ടിട്ടുള്ളൂ, ഇനെകൊണ്ട്‌ എറ്റാൻ കയ്യൂലാ"

"അത്‌ മതി, ബാക്കി വൈക്കോല്‌ കൊട്‌ക്കാ"

എന്നും രാവിലെ എഴുന്നേറ്റ്‌ അമ്മായി പാല്‌ കറക്കും. ചായകുടിച്ച്‌ സുൽത്താനെയും കൂട്ടി പുല്ലരിയാൻ പോകും. ഉച്ചയ്ക്ക്‌ മുൻപ്‌ വീട്ടിൽ തിരിച്ചെത്തും. ഒരിക്കൽ പോലും സുൽത്താനെ പുല്ലരിയാനോ പുല്ല്‌ ചുമകാനോ സമ്മതിച്ചില്ല. സ്വന്തം കുഞ്ഞിനോട്‌ ഒരു മാതാവിന്‌ തോന്നുന്ന സ്നേഹത്തിലുപരി, ശ്രദ്ധയും പരിചരണവും അവർ സുൽത്താന്‌ നൽകി. പെട്ടെന്ന്‌ തന്നെ അയൽപക്കത്തെ കുട്ടികളുമായി സുൽത്താൻ ചങ്ങാത്തമായി. അവരിലോരാൾ, ഗഫൂർ, എട്ടാം ക്ലാസിലാണ്‌ പഠിക്കുന്നത്‌. അവൻ പറഞ്ഞു "സുൽത്താനെ ഞാൻ ജയിച്ചാൽ എന്റെ പുസ്തകം നിനക്ക്‌ തരട്ടോ" വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും, പുതിയ പുസ്തകങ്ങളും വസ്ത്രങ്ങളും എന്നും പ്രതീക്ഷകപ്പുറമായിരുന്നല്ലോ സുൽത്താന്‌.

ഇടക്കൊരു ദിവസം, അബു വന്നു, സുൽത്താൻ എട്ടാംക്ലാസിലേക്ക്‌ വിജയിച്ചു എന്ന് പറഞ്ഞു. അടുത്തയാഴ്ച ഹൈസ്കൂളിൽ ചേർത്തണം. "വെള്ള്യയ്ഴ്ച ഞാൻ ഓനെ കൊണ്ടെന്നാക്കി തെരണ്ട്‌" എന്ന് അമ്മായി പറഞ്ഞപ്പോൾ അബു മടങ്ങി.

സുൽത്താൻ വിജയിച്ച വിവരം ഗഫൂറിനോട്‌ പറഞ്ഞെങ്കിലും, അവൻ പുസ്തകം തന്നില്ല. അതിനുള്ള കാരണം.

പതിവ്‌ പോലെ, കയറ്‌ കെട്ടി, ബസ്സുണ്ടാക്കി, ഇടവഴികളിലൂടെ "പീ, പീ" എന്ന് പറഞ്ഞ്‌ ഓടികളിക്കുന്ന സമയത്ത്‌, അന്നത്തെ റൂട്ട്‌, ഇത്തിരി മാറ്റി, കോയക്കയുടെ പറമ്പിന്റെ ഇടവഴികളിലൂടെ പോയപ്പോൾ, "പഞ്ചാര മാങ്ങ" എന്ന് വിളിക്കുന്ന, അതിമധുരമുള്ള മാവിൽ നിറയെ, ചെറിയ മാമ്പഴങ്ങൾ പഴുത്ത്‌ നിൽക്കുന്നിടത്ത്‌, ബസ്സ്‌ ബ്രേക്കിട്ടു. കൂട്ടത്തിൽ മരം കയറുവാൻ അതിവിദക്തനായ ഗഫൂർ, നിമിഷങ്ങൾക്കകം മാവിലെത്തി. മാമ്പഴത്തിന്റെ രൂചിയിൽ സുൽത്താന്റെ എതിർപ്പും അലിഞ്ഞില്ലാതായി. നല്ലപോലെ പഴുത്ത മാമ്പഴം തിരഞ്ഞ്‌ ഗഫൂർ ചില്ലകളിലൂടെ നടക്കുന്ന സമയത്താണ്‌, അവന്‌ ബോഡി ഗാർഡായി, വഴിയരികിൽ നിന്ന സുൽത്താനും കുട്ടരും, സുബൈദ താത്ത, ആ വഴിവരുന്നത്‌ കണ്ടത്‌. പെട്ടെന്ന്, "ഗഫൂറെ ചാടിക്കോ" എന്ന് പറഞ്ഞതും, മറ്റുള്ളവർ, പൊന്തകാടുകളിൽ മറഞ്ഞിരുന്നു. ഗഫൂർ തഴെയിറങ്ങാനുള്ള വെപ്രാളത്തിൽ, ഉടുത്തിരുന്ന മുണ്ട്‌, മാവിന്റെ കൊമ്പിലുടുക്കി. പാതിവഴിയെത്തിയ ഗഫൂർ, ഇനി അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് സംശയിച്ച്‌ നിന്നു. പൊന്തകാടുകളിൽനിന്നും എന്തോ അനങ്ങുന്ന ശബ്ദം കേട്ട്‌ സുബൈദ നാല്‌ പാടും നോക്കി. സുബൈദ കാണുമെന്ന് പേടിച്ച്‌ വിറച്ച ഗഫൂറിന്റെ വിറയലിന്റെ ശക്തിയിൽ ഒരു മാങ്ങ താഴെ വീണു.

മാങ്ങ കണ്ടതും, നാവ്‌ നൊട്ടിനുണഞ്ഞ്‌, സുബൈദ, മാങ്ങ വന്ന വഴി വെറുതെ നോക്കിയപ്പോൾ, ഗഫൂർ, ചിരിക്കണോ കരയണോ എന്നറിയാതെ, ഒരു മാവിലകൊണ്ട്‌, മെയിൽ പാർട്ട്‌സ്‌ മറക്കുവാൻ ശ്രമിച്ചെങ്കിലും, കാറ്റ്‌ അതുമായി പോയി.

"ഡാ അമുക്കെ, ഇജി, മാങ്ങ പറച്ചി തായത്ത്‌ക്ക്‌ട്ട്‌, ഞമ്മളെ വടിയാക്ക്യാണ്‌ ല്ലെ. ചെക്കൻ കുണ്ടിം കാണിച്ചി നിക്ക്‌ണ്‌ കണ്ടില്ലെ, ഞാം ഇന്ന് അന്റെ ഇമ്മാനോട്‌ പറഞ്ഞികൊട്‌ക്കും. പെണ്ണ്‌ കെട്ടാൻ വയസ്സായീന്ന് ഞാം ഇമ്മാനോട്‌ പറയ്യ്‌ണ്ട്‌"

ഒന്നൂടെ ഗഫൂറിനെ നോക്കി, പിന്നെ തിരിഞ്ഞ്‌ മാങ്ങയെടുത്ത്‌ സുബൈദ താത്ത നടന്നകന്നു. ഈ താത്ത എന്തിനാ ചൂടാവുന്നതെന്നറിയാതെ ആശ്ചര്യപെട്ട്‌, പെണ്ണ്‌കെട്ടാൻ പ്രായമായീന്ന് എങ്ങനെ സുബൈദതാത്ത ഇത്രപെട്ടെന്ന് കണ്ട്‌പിടിച്ചു എന്ന അൽഭുതത്തോടെ, ഞങ്ങൾ എല്ലാവരും ഗഫൂറിനെ നോക്കിയപ്പോൾ, രണ്ട്‌കൈകൊണ്ടും കൊമ്പിൽ മുറുക്കെപിടിച്ച്‌, ഗഫൂർ നിൽക്കുന്നു. അവന്റെ തുണി, തഴെ വിശാലമായി കിടക്കുന്നു.

ചിരിക്കാതിരിക്കാൻ പട്‌പെടുന്നവർക്കിടയിൽനിന്നും, നിയന്ത്രണംവിട്ട്‌ ആദ്യം ചിരിച്ചത്‌ സുൽത്താനായിരുന്നു. ആ ഒരോറ്റകാരണംകൊണ്ട്‌, സുൽത്തന്‌ അവൻ പുസ്തകം കൊടുത്തില്ല. മാത്രമല്ല, പിന്നീട്‌ ഇന്ന് വരെ, സുബൈദതാത്തയോട്‌ ഗഫൂർ മിണ്ടിയിട്ടുമില്ല.


7

Tuesday, April 13, 2010

6 - അവധികാലം

എഴാം ക്ലാസ്‌ പരീക്ഷ കഴിഞ്ഞ്‌, സ്കൂൾ വേക്കേഷന്റെ ഒരു മാസകാലം. അന്നും ഇന്നും കുട്ടികളുടെ ഉത്സവ നാളുകളാണ്‌ അവധികാലം.

രാവിലെ, തകാളിപെട്ടിയിൽ, നാലഞ്ച്‌ കുഞ്ഞുഭരണികൾ നിറയെ മിഠായികളുമായി, വീട്ടിനടുത്തുള്ള ഇടവഴിയിൽ, ഹാജിയരുടെ പറമ്പിൽ, ഇന്തോലകൾകൊണ്ട്‌ നിർമ്മിച്ച തന്റെ കടയിലേക്ക്‌ പോവുകയാണ്‌ സുൽത്താൻ.

ശീമകൊന്നയുടെ നാല്‌ കാലിൽ, സുൽത്താനിരിക്കാൻ മാത്രം വലിപ്പത്തിൽ നിർമ്മിച്ച കട. അതിനകത്ത്‌, ചാക്ക്‌ വിരിച്ച്‌ സുൽത്താനിരിക്കും. മുന്നിൽ, നാലോ അഞ്ചോ കുഞ്ഞു ഭരണികൾ നിറയെ പലതരത്തിലും നിറത്തിലുമുള്ള മിഠായികളുണ്ടാവും. അഞ്ച്‌ പൈസ, പത്ത്‌ പൈസ മിഠായികൾ. ഇടവഴിയിലൂടെ കടന്ന് വരുന്നവരെ പ്രതീക്ഷയോടെ നോക്കിനിൽക്കും സുൽത്താൻ. അവർ കടന്ന് പോയാൽ അടുത്ത കാലോച്ച കാതോർത്ത്‌ വീണ്ടും കാത്തിരിപ്പ്‌.

രാവിലെയും വൈകുന്നേരവും, സഹപാഠികളും, അയൽപക്കത്തുള്ളവരുമായ ഒരു കൂട്ടം തന്നെ അവിടെ സമ്മേളിക്കും. പിന്നെ കളിയാണ്‌. ഗ്രൂപ്പ്‌ തിരിഞ്ഞും ഒറ്റക്കും, എല്ലാവരും ഹാജിയാരുടെ പറമ്പ്‌ കളികളമാക്കി മാറ്റും. ഇതിനിടയിൽ, അടിയും ഇടിയും ആവോളം നടന്നിട്ടുണ്ടാവും. വെകുന്നേരമാകുമ്പോൾ മൊത്തം കച്ചവടം രണ്ട്‌ രൂപ കടന്നാലായി. പെട്ടിയും ചാക്കും തലയിലേറ്റി തിരിച്ച്‌ വീട്ടിലേക്ക്‌. അപ്പോഴെക്കും അരി വരുത്തതും ഒരു ചെറിയ കഷ്ണം ശർക്കരയും കട്ടൻ ചായയും തയ്യറാക്കി ഇമ്മുട്ടി കാത്തിരിക്കും. അതും കഴിച്ച്‌, വീണ്ടും ഓടും, സ്കൂൾ ഗ്രൗണ്ടിലേക്ക്‌.

ആ പ്രദേശത്തെ, മുതിർന്ന 10-14 ആളുകൾ ഫുട്ട്‌ബോൾ കളിക്കുന്നുണ്ടാവും. അവരുടെ എണ്ണം തികഞ്ഞില്ലെങ്കിൽ, ആദ്യം വരുന്നവന്‌ നറുക്ക്‌ വീഴും, മിക്കവാറും ഗോളിയായിട്ട്‌. പക്ഷെ സുൽത്താൻ എപ്പോഴും വൈക്കുന്നത്‌ കാരണം, ഗോളിയുടെ ബാക്കിൽ, ഗോളികിപ്പറായാണ്‌ സ്ഥാനം. മുതിർന്ന ചേട്ടന്മർ അടിച്ച്‌വിടുന്ന പന്തിനു പിന്നാലെ, പറപുറത്ത്‌കൂടെ, ഒരു പട തന്നെയുണ്ടാവും.

സുൽത്താന്റെ വീട്ടിനടുത്തുള്ള വലിയ പറമ്പ്‌, കുട്ട്യാലി ഹാജിയുടെതാണ്‌. അറിയപ്പെടുന്ന പണക്കാരൻ. മക്കയിൽ പോയി ഹജ്ജ്‌ ചെയ്യുവാൻ ഭാഗ്യം ലഭിച്ചവൻ. ഹാജിയാരുടെ, പാറപോലെയുള്ള മണ്ണിൽ, അബു കപ്പയും വാഴയും കൃഷി ചെയ്തു. ചക്കയും ചക്ക കുരുവും കറി വെച്ചു. അങ്ങിനെയിരിക്കവെ, അബുവിന്‌ അസുഖം ബാധിച്ച്‌ ഒരാഴ്ച കിടപ്പിലായി. കഞ്ഞിയും, കപ്പയും, ചക്കയുമായി തുടങ്ങിയ ആഴ്ച അവസാനിക്കുമ്പോൾ, അടുകളയിൽ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. അപ്പോഴാണ്‌, സുൽത്താന്റെ അമ്മായി, മാളു എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന പാത്തുമ്മ കിഴിശ്ശേരിയിൽനിന്നും വരുന്നത്‌. തലയിൽ ഒരു സഞ്ചിയുണ്ട്‌. കൈയിൽ മറ്റോരു സഞ്ചിയും. അമ്മായിയെ ദൂരെന്ന് കണ്ടതും സുൽത്താൻ, "ഇമ്മാ, മാളു അമ്മായി വെരണ്‌ണ്ട്‌" എന്ന് പറഞ്ഞു ഓടിപോയി. അമ്മായിയുടെ കൈയിൽനിന്നും ഒരു സഞ്ചിവാങ്ങി തലയിവെച്ചു.

"മാളൂ, കേറി ഇരിക്ക്‌ണീ" എന്ന് പറഞ്ഞ്‌, ഇമ്മുട്ടി അമ്മായിയെ അകത്തേക്ക്‌ ക്ഷണിച്ചു.

"ദാ, താത്തെ, ഇത്‌ ഇട്‌ത്ത്‌വെച്ചാളീ" എന്ന് പറഞ്ഞ്‌ അമ്മായി രണ്ട്‌ സഞ്ചിയും ഇമ്മുട്ടിയെ എൽപ്പിക്കുന്നു. "എന്താത്‌, ഇജി എന്ത കെട്ടിവലിച്ച്‌ കൊണ്ടന്നത്‌" എന്ന് പറഞ്ഞ്‌ സഞ്ചി തുറന്ന ഇമ്മുട്ടി ഒരു നിമിഷം അൽഭുതപ്പെട്ടു. രണ്ടിറ്റ്‌ കണ്ണുനീർ സഞ്ചിയിലേക്ക്‌ വീണു.

"എന്തിനാ മാളൂ, ഈ അരിയും താങ്ങിപിടിച്ച്‌കൊണ്ട്‌ വന്നത്‌"

"ഇങ്ങള്‌ അത്‌ ഔത്ത്‌ക്ക്‌ വെച്ചാളീ, റേഷൻപീട്യേന്ന് വാങ്ങീതാ"

കിഴിശ്ശേരിയിലെ റേഷൻ കടയിൽനിന്നും അരി വാങ്ങി, അതുമാതി സുൽത്താന്റെ വീട്‌ വരെയെത്തുവാൻ മാളു വളരെയധികം കഷ്ടപ്പെടും. ബസ്സിറങ്ങി, വയലിലൂടെയുള്ള പഞ്ചയത്ത്‌ റോഡ്‌ വഴി 2 കിലോമിറ്ററിലധികം നടന്ന്, ഇടവഴികൾ താണ്ടി, ഇത്രയും സാധനങ്ങൾ ഇവിടെ എത്തിക്കുക പ്രയാസം തന്നെയാണ്‌.

ചേമ്പും, ചേനയും, കാവുത്തും, തേങ്ങയും, അങ്ങനെ തനിക്ക്‌ കൊണ്ട്‌പോകുവാൻ സാധിക്കുമെന്ന് തോന്നുന്നത്രയും ഭാരം സഞ്ചിയിലാക്കിയാണ്‌ മാളുവിന്റെ യാത്ര.

"താത്തെ, ഞാൻ പോവ്വാണ്‌" എന്ന് പറഞ്ഞ്‌ മാളു പുറത്തിറങ്ങി "അവ്‌ടെ അളിയൻ മാത്രെള്ളൂ."

കുട്ടികളില്ലാത്ത, മാളുഅമ്മായിക്ക്‌, ഞങ്ങൾ എന്നും സ്വന്തം കുട്ടികളായിരുന്നു. ശാസനയും സ്നേഹവും, നിയന്ത്രണവും, അതിനുമപ്പുറം, അണകെട്ടിവെച്ചിരിക്കുന്ന അവരുടെ വികാരമുണ്ടല്ലോ, സ്വന്തം കുഞ്ഞിനോട്‌ കാണിക്കുവാനുള്ള സ്വതന്ത്രം, മറ്റുള്ളവർ എന്ത്‌ കരുതുമെന്ന ചിന്ത. ഇതിനിടയിലൂടെ, ചിലപ്പോൾ രണ്ടും ഒരുമിച്ച്‌, പലവുരു സുൽത്താന്‌ ലഭിച്ചിരുന്നു.

പക്ഷെ, അന്നോന്നും, കുട്ടികളില്ലാത്ത ഒരു മാതാവിന്റെ വിങ്ങുന്ന ഹൃദയത്തിൽനിന്നും പുറത്തേക്ക്‌ വരുന്ന സ്നേഹത്തിന്റെ വില സുൽത്താന്‌ മനസിലാവുമായിരുന്നില്ല.

"സ്ക്കുള്‌ പൂട്ടിലെ താത്തെ, സുൽത്താനെ ഞാൻ കൊണ്ടോട്ടെ. ഒരാഴ്ച കഴിഞ്ഞിട്ട്‌ ഞാൻ കൊണ്ടരണ്ട്‌"

എതിർത്തൊന്നും പറയാൻ ഇമ്മുട്ടിക്ക്‌ കഴിഞ്ഞില്ല, കഴിയില്ല. ഒരാളുടെ എണ്ണമെങ്കിലും കുറയുമല്ലോ എന്നാശ്വസിക്കുന്നുണ്ടാവും.

അങ്ങിനെ സുൽത്താൻ കിഴിശ്ശേരിയിലേക്ക്‌.


.

Tuesday, April 6, 2010

5 - ഓലപുരയിലെ സുൽത്താൻ

"ഇമ്മാ, ഇങ്ങള്‌ ഇണ്ണിനോടും കുഞ്ഞാനോടും ചോയ്‌ച്ച്യോക്കി. ഞാം മമ്മയ്‌നെ കാണാം പോക്വ. ഇന്നെനെ പൈസ കൊട്‌ക്കണംന്ന ഒൻ പറഞ്ഞ്‌ണത്‌" വിട്ടിൽനിന്നും ഇറങ്ങുമ്പോൾ ഹംസ ഉമ്മയെ ഓർമ്മപ്പെടുത്തി.

ഹംസ, ഈ വീട്ടിലെ ഇളയമകനാണ്‌. സുൽത്താന്റെ എറ്റവും ചെറിയ ഇളയുപ്പ (ഉപ്പയുടെ അനിയൻ). അതിന്‌ മുകളിലാണ്‌ കുഞ്ഞാൻ എന്ന് വിളിക്കുന്ന സൈതലവി. പിന്നെ സുൽത്താന്റെ ഉപ്പ അബു. ഹംസക്ക്‌ ഒരു വിസ വന്നിട്ടുണ്ട്‌. ദമാമിലേക്ക്‌. അറബിയുടെ കടയിലേക്കാണെന്നും, നല്ല ശമ്പളമുണ്ടെന്നും, വിസകച്ചവടക്കാരൻ മമ്മദ്‌ പറഞ്ഞിട്ടുണ്ട്‌. എങ്ങിനെയെങ്കിലും അക്കരെപറ്റുകയെന്നത്‌ ഹംസയുടെ വലിയൊരാഗ്രഹമാണ്‌. അതിനുള്ള കാശാണ്‌ അവൻ ജേഷ്ഠന്മരോട്‌ ചോദിക്കുവാൻ ഉമ്മയോട്‌ പറഞ്ഞത്‌.

"ഇമ്മാ, ഞം പോവ്വ്വാ"

രാവിലെ ചായയും കുടിച്ച്‌, അബു കടയിലേക്ക്‌ പോകാനിറങ്ങിയപ്പോൾ ഉമ്മ, വെറ്റിലയിൽ ചുണ്ണമ്പ്‌ തേച്ച്‌, കോലായിലിരിപ്പുണ്ട്‌.

"അബ്വോ, ഹംസപ്പൂന്‌ ഒരു പേപ്പറ്‌ വന്ന്‌ണ്ട്‌ന്ന് പറഞ്ഞി. ഓന്‌ അയ്ന്‌ പൈസ മാണംന്ന് പറഞ്ഞീനി. ഒന്റെ പൂത്യല്ലെ. ഇജി എവ്‌ട്‌ന്നെങ്കിലും അത്‌ ഒപ്പിച്ച്‌ കൊട്‌ത്താളാ" വെറ്റിലകൂട്ട്‌ വായിലിട്ട്‌ ഉമ്മ പറഞ്ഞു.

'ഉം, നോക്കട്ടെ. ഇന്നോട്‌ മമ്മദും പറഞ്ഞി. 10 ഉറ്‌പ്പ്യ മാണംന്ന പറഞ്ഞത്‌"

അബു നടന്നകന്നു. ഇടവഴികൾ കടന്ന്, പഞ്ചായത്ത്‌ റോഡിലൂടെ അങ്ങാടിയിലേക്ക്‌ നടക്കുമ്പോഴും അബു അലോചിക്കുകയായിരുന്നു. എങ്ങനെ ഇത്രയും രൂപ സംഘടിപ്പിക്കുമെന്ന്. കച്ചവടം വളരെ മോശമാണ്‌. വീട്ടിലെ ചിലവുകൾക്ക്‌ തന്നെ തികയുന്നില്ല. മാത്രമല്ല, പഞ്ചായത്തിന്റെ വക റോഡ്‌ വികസനത്തിന്‌ വേണ്ടി, മിക്കവാറും കട പൊളിക്കേണ്ടിവരും. ഉദ്യോഗസ്ഥർ വന്ന് സ്ഥലം അളന്ന് പോയിട്ടുണ്ട്‌. കടയുടെ മുക്കാൽ ഭാഗവും പോവും. അങ്ങനെ വന്നാൽ....

പാതിരാത്രിയിൽ കടയടച്ചെത്തിയിട്ടും അബുവിന്‌ ആശ്വാസം കിട്ടിയില്ല. മുറ്റത്ത്‌ വന്ന്, മുരടനക്കി "ഇമ്മാ, ഈമ്മ" എന്ന് രണ്ട്‌ വിളി. കൈയിൽ മണ്ണെണ്ണ വിളക്കുമായി, ഇമ്മുട്ടി വന്ന് വാതിൽ തുറക്കും. മറ്റുള്ളവരെല്ലാം അപ്പോൾ സുഖമായുറങ്ങിയിട്ടുണ്ടാവും. കുട്ടികൾക്കുള്ള മുന്തിരിയോ, അപ്പിളോ, ഓറഞ്ചോ പൊതിഞ്ഞ്‌ ഉമ്മയുടെ കട്ടിലിനടുത്ത്‌ വെക്കും. രാവിലെ അത്‌ വിതരണം ചെയ്യുക എന്നത്‌ ഉമ്മയുടെ കടമയാണ്‌.

"എന്തെ, മൊഖോക്കെ വാല്ലാണ്ടിരിക്ക്‌ണ്‌?" ഭക്ഷണം കഴിച്ച്‌, കട്ടിലിൽ മുഖം കുനിച്ചിരിക്കുന്ന ഭർത്താവിനോട്‌ സഫിയ ചോദിച്ചു.

"ഒന്നൂല്ല, ഇജി ചോറ്‌ന്നോ?"

"ഉം"

ഇമ്മുട്ടിയുടെ പതിവുകൾ അങ്ങിനെയാണ്‌, നേരം എത്ര പതിരയാണെങ്കിലും ഭർത്താവ്‌ വന്ന്, ചോറ്‌ തിന്ന ശേഷം മാത്രമേ ഇമ്മുട്ടി കഴിക്കൂ. അപ്പോഴേക്കും മിക്കവറും പാതിര കഴിഞ്ഞിരിക്കും.

"രണ്ടീസായി ഞാൻ ശ്രദ്ധിക്ക്‌ണ്‌, എന്തെ പറ്റ്യത്‌"

"ഒന്നൂഞ്ഞ്യ, ഹംസാപ്പൂന്‌ വിസക്ക്‌ പൈസ കൊടുക്കണം. അത്‌ എവ്‌ട്ന്ന് ഇണ്ടാക്കും"

"എത്രേ മാണ്ടി"

"ന്തെയ്‌, അന്റെട്‌ത്ത്‌ണ്ടോ"

"പതിനായിരം ഉറ്‌പ്പ്യ മാണം ന്നാ മമ്മദ്‌ പറഞ്ഞത്‌. കൊടുത്താ, മറ്റന്നാള്‌ ബോബെക്ക്‌ പോകാന്ന്. ഞാൻ ഒരു വജും കാണ്‌ണ്‌ഞ്ഞ്യാ"

വാതിലിന്‌ ഓടാമ്പിലയിട്ട്‌ ഇമ്മുട്ടി അൽപ്പനേരം ചിന്തിച്ചു. എന്നിട്ട്‌ പതിയെ തന്റെ കഴുത്തിൽ കിടക്കുന്ന മാല ഊരിയെടുത്തു.

"ദാ, ഇത്‌ വിറ്റാളീ, ചങ്കേൽസ്‌ ഞാൻ ഇട്‌ണ്‌ലല്ലോ. അതും ഇട്‌ക്ക. രണ്ടും കൂടി ഒരു പത്ത്‌ പവംണ്ടാവും"

തന്റെ കൈയിലേക്ക്‌ വെച്ച്‌ തന്ന ആഭരണത്തെയും, ഭാര്യയുടെ മുഖത്തേക്കും അബു മാറി മാറി നോക്കി. ഇത്‌ ചോദിക്കുവാൻ പലവട്ടം തുനിഞ്ഞതാണ്‌. അവളുടെ ബാക്കിയുള്ള എല്ലാ ആഭരണങ്ങളും അബു തന്നെ വിറ്റിരുന്നു, പലപേരിലായി. അവസാനമായി അവളുടെ കഴുത്തിൽ കിടക്കുന്ന മാല ചോദിക്കുവാൻ ഇത്തിരി വിഷമം തോന്നി.

"സാരല്ല്യ, ഒൻ പോയിട്ട്‌, ഞമ്മക്ക്‌ ബെറെ മാങ്ങിതാന്നോളും" നിശ്ചലനായി നിൽക്കുന്ന അബുവിന്റെ മുടി മാടിയൊതുക്കി ഇമ്മുട്ടി പറഞ്ഞു.

പിന്നിടെല്ലാം പെട്ടെന്നായിരുന്നു. പല ജീവിതങ്ങൾക്ക്‌ പുതുനാമ്പുകൾ മുളച്ച്‌പൊന്തിയപ്പോൾ മറ്റുപല ജീവിതങ്ങൾക്ക്‌ വളർച്ച മുരടിച്ചിരുന്നു.

ഇടവഴിയിലൂടെ മഴവെള്ളം കുത്തിയൊലിച്ച്‌ കടന്ന് പോയി.

അബുവിന്റെ കച്ചവടം നഷ്ടപ്പെട്ടിരുന്നെങ്കിലും വീടിന്റെ പ്രതാപത്തിന്‌ കുറവ്‌ വന്നില്ല. മരുപച്ചയിൽനിന്നും ഒഴുകിയെത്തിയ റിയാലുകൾ, നാടിന്റെ തന്നെ മുഖഛായ മാറ്റികൊണ്ടിരുന്നു.

ഹംസയുടെ വിവാഹശേഷമാണ്‌, ഒത്തൊരുമയോടെ കഴിഞ്ഞിരുന്ന ഒരു വലിയ കുടുംബത്തിൽ പൊട്ടലും ചീറ്റലും തുടങ്ങിയത്‌. ആരുടെ ഭാഗത്ത്‌ നിൽക്കുമെന്നറിയാതെ വല്ല്യൂമ്മ പലപ്പോഴും കുഴങ്ങി.

കുട്ടികൾ തമ്മിലുള്ള പിണക്കങ്ങൾ പലപ്പോഴും വലിയവർ എറ്റെടുത്തു. എല്ലാം കണ്ട്‌ നെടുവീർപ്പിടനല്ലാതെ മറ്റൊന്നിനും വല്ല്യുമ്മക്കായില്ലെന്നത്‌ സത്യം.

എന്നാൽ, പിടിച്ചതിനേക്കാൾ വലുതാണ്‌ മാളത്തിലെന്ന് പറഞ്ഞത്‌ പോലെ, ദുരന്തങ്ങളും ദുരിതങ്ങളും സുൽത്താനെ കാത്തിരിക്കുകയായിരുന്നു.

ഹംസ രണ്ട്‌ പ്രാവശ്യം വന്നപ്പോഴും, ഹാജിയാരുടെ രണ്ട്‌ തെങ്ങിൻത്തോപ്പുകൾ സ്വന്തമാക്കിയിരുന്നു. സുൽത്താന്റെ ഉപ്പയുടെ കട ഇതിനകം നഷ്ടപ്പെട്ടിരുന്നു. പാടത്തും പറമ്പിലും കൂലിപണിയെടുത്തായിരുന്നു പിന്നിടുള്ള അബുവിന്റെ ജീവിതം.

ഒരു ദിവസം, നിസാര കാര്യത്തിന്‌ കുട്ടികൾ തമ്മിലുള്ള അടിപിടിയിൽ, ഹംസയുടെയും സൈതലവിയുടെയും ഭാര്യമാർ, സുൽത്താനെ കുറ്റപ്പെടുത്തിയപ്പോൾ, അവനെ ശാസിച്ചപ്പോൾ, അതിനുള്ള അധികാരം തനിക്ക്‌ മാത്രമാണെന്ന് വല്ല്യൂമ്മ പെണ്ണുങ്ങളെ ഒർമ്മപ്പെടുത്തിയപ്പോൾ, പലവുരു ഇമ്മുട്ടി അബുവിനോട്‌ യാചിച്ചിരുന്ന കാര്യം, ഒരു കുഞ്ഞു വീടെടുത്ത്‌, നമ്മുക്ക്‌ മാറി താമസിക്കാം എന്ന് കാര്യം, വല്യൂമ്മ തന്നെ, നേരിട്ട്‌ അബുവിനോട്‌ പറഞ്ഞു.

"അബ്വോ, ജ്‌ ഒരു പെരട്‌ത്ത്‌ മാറിക്കാളാ. ഇന്നെകൊണ്ട്‌ എല്ലാരെം കൊണ്ട്‌ടക്കാൻ പറ്റൂലാ"

സുൽത്താൻ ഇറങ്ങുകയാണ്‌. ഒരു വലിയ വീട്ടിൽനിന്നും, ഓലകൊണ്ട്‌ മറച്ച, രണ്ട്‌മുറിയും അടുക്കളയും മാത്രമുള്ള, സ്വന്തം കുടിലിലേക്ക്‌.

നാല്‌ കുഞ്ഞുങ്ങളുടെ വയറ്‌ നിറയ്ക്കുവാൻ ഇനിയെന്ത്‌ ‌മാർഗ്ഗമെന്ന് ചിന്തിച്ചിരിക്കുന്ന അബു. പുതിയ വീട്ടുമുറ്റത്ത്‌, പുതിയ കുട്ടുകാരോടോത്ത്‌ കളിച്ചിരിക്കുന്ന കുട്ടികൾ. തിളച്ച്‌ മറിയുന്ന സങ്കട കഞ്ഞിയിൽനിന്നും സന്തോഷത്തിന്റെ വറ്റുകൾ കോരിയെടുക്കുകയായിരുന്നു ഇമ്മുട്ടി അപ്പോൾ.


5