Monday, March 29, 2010

4 - മാർക്ക കല്യാണം

സുൽത്താൻ ആറാം ക്ലാസിൽ പഠിക്കുന്ന സമയത്താണ്‌, വല്ല്യ അമ്മാവൻ ദുബൈയിൽനിന്നും വന്നത്‌. വല്ല്യൂമ്മയോടും, ഉപ്പയോടും ചോദിച്ച്‌, അവർ ഒരു കാര്യം തീരുമാനിച്ചിരുന്നു. വീട്ടിൽ മുതിർന്ന മുന്ന് ആൺകുട്ടികളായി, ഇനി എല്ലാവരുടേതും ഒരുമിച്ച്‌ നടത്താം എന്ന തീരുമാനത്തിൽ, ആ സംഭവം ഒരുത്സവമാക്കുകയാണ്‌ ഇന്നീ തറവാട്ടിൽ.

അടുക്കളയുടെ ഭാഗത്ത്‌, കിണറ്റിനടുത്തായി, ബിരിയാണി ചെമ്പുകളിൽനിന്നുമുയരുന്ന മണം ആ പ്രദേശമാകെ നിറഞ്ഞു. പന്തലിട്ട മുറ്റം നിറയെ ആളുകളെത്തിയിരിക്കുന്നു. നടുമുറ്റത്ത്‌, പായ വിരിച്ച്‌, അതിനൊത്ത നടുവിൽ, അരിനിറച്ച ഗ്ലാസിൽ കത്തിച്ച്‌വെച്ച, ചന്ദനതിരികൾ പുകയുന്നു. വെള്ളതുണിയിട്ട്‌ മൂടിയ തലയിണക്ക്‌ മുകളിൽ മൗലൂദ്‌ ചൊല്ലുന്ന സബീനയുണ്ട്‌.

ളുഹർ നമസ്കാരം കഴിഞ്ഞ്‌, പള്ളിയിൽനിന്നും ഖത്തിബും മുസ്ലിയാർക്കുട്ടികളും എത്തി. കൂടെ നാട്ടിലെ പ്രമാണികളായ ഒരുപറ്റം ആളുകളും.

"അസാലാമു അലൈക്കും"

"വ അലൈക്കും അസ്സലാം".

ഉപ്പയും, അമ്മാവനും അവരെ സ്വീകരിച്ചിരുത്തി.

ഇതിനിടയിൽ, ബിരിയാണി ചെമ്പുകൾക്ക്‌ വലം വെച്ച്‌, സുൽത്താൻ പലവട്ടം നടന്നു. വെപ്പ്‌കാരൻ മരക്കർ കാക്ക ബീഡിയും വലിച്ച്‌, അടുപ്പിലെ കനലുകൾ വാരികളയുകയായിരുന്നു.

"ഇതെപ്പളാ തൊറക്ക്വ" സുൽത്താൻ മരക്കാർ കാക്കയോട്‌ ചോദിച്ചു.

"സബൂറാവ്‌ സുൽത്താനെ, ഇജി അടുപ്പിന്റെട്‌ത്ത്‌ നിക്കല്ലെ, ഇപ്പോ വെച്ച്‌, മേത്ത്‌ മുറി ആക്കല്ലെ. മാളൂ, ഈ കുട്ടിനെ അങ്ങട്ട്‌ കൊണ്ടോയാണി"

ഒച്ചകേട്ട്‌ സഫിയാത്ത ഓടിവന്നു, സുൽത്താനെ പിടിച്ച്‌കൊണ്ട്‌ പോയി, വല്ല്യൂമ്മയെ ഏൽപ്പിച്ചു.

"ഇമ്മാന്റെ കുട്ടി അടങ്ങി നിക്ക്‌, മോല്യമ്മാര്‌ തിന്നിട്ട്‌ അനക്ക്‌ തരാ ട്ടോ" വല്യൂമ്മ അവനെ സമധാനിപ്പിച്ചു.

"സഫിയാ, കുട്ട്യളെ മൂന്നിനെം കുളിപ്പിച്ചാളാ, നേരോരുപ്പാടായി, ഒലെ അരെലെ ചെരട്‌ മുറിച്ചിട്‌ത്താളാ"

"ന്നാ വെളമ്പാൻ നോക്ക്വ" മുറ്റത്ത്‌നിന്നും ഉപ്പ മുസ്ലിയാരുടെ സമ്മതത്തിന്‌ കാത്തിരുന്നു.

"ആയ്‌ക്കോട്ടെ" എന്നു പറഞ്ഞ്‌ മുസ്ലിയാർ എഴുന്നേറ്റു.

ഭക്ഷണം കഴിഞ്ഞ്‌, ഖതീബിന്‌ ചുറ്റും മുസ്ലിയാർ കുട്ടികൾ വട്ടത്തിലിരുന്ന്, മൗലൂദ്‌ തുടങ്ങിയിരുന്നു. താളത്മകമായി ആടികൊണ്ട്‌, അവർ പ്രവാചകന്റെ മഹത്ത്വങ്ങൾ ഉറക്കെ പാടി.

"യാറബി സ്വല്ലി അലനെബിയി മുഹമ്മദീ
മുജിൽ ഖലായിക്ക്‌ മിൻ ജഹനമ്മ ഫീ കദീ"

എന്നാൽ, സുൽത്താനും, അനിയൻ സലാമും, ഇളയുപ്പയുടെ മകൻ ഹമീദും, ഭക്ഷണശേഷം കളിക്കുവാനുള്ള ശ്രമത്തിൽ, പറമ്പിലേക്ക്‌ കടന്നതും, അമ്മാവൻ ഓടി വന്നു.

"എല്ലാരും അവുത്തുക്ക്‌ കേറ്യാണി, മേത്ത്‌ ചളിയാക്കണ്ടാ"

അവർ പിന്നെയും പന്തലിനെ ചുറ്റിപറ്റിനിന്നു.

അസർ ബാങ്ക്‌ കൊടുക്കുന്നതിന്‌ മുൻപ്‌, മൗലൂദിന്റെ ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ, അമ്മാവൻ ആദ്യം സുൽത്താനെ അകത്തേക്ക്‌ കൊണ്ട്‌പോയി.

അകത്ത്‌, നടുവാതിലിന്നഭിമുഖമായി കിടക്കുന്ന മരകസേരയിൽ അവൻ ഇരിക്കുന്നതിന്‌ മുൻപ്‌, ഒസ്സാൻ മുഹമ്മദ്‌, അവന്റെ തുണി വലിച്ചെടുത്തിരുന്നു. നാല്‌ ഭാഗത്ത്‌ നിന്നും അവന്റെ കൈകാലുകൾ പിടിക്കപ്പെട്ടിരുന്നു. എന്താണ്‌ സംഭവിക്കുന്നത്‌ എന്ന് മനസിലാവുന്നതിന്‌ മുൻപെ, ഒസ്സാൻ, കടഞ്ഞെടുത്ത കത്തിയുയർത്തുകയും, "ബിസ്മില്ലാഹി റഹമാനി റഹീം" എന്നുച്ചരിക്കുകയും ചെയ്തു.

നിമിഷനേരംകൊണ്ട്‌ എല്ലാം കഴിഞ്ഞിരുന്നു.

"അള്ളോ ന്റെ മുട്ടാണീ" പരിസരം മറന്ന് സുൽത്താൻ കരഞ്ഞു.

കാലുകൾ രണ്ടും അകത്തിപിടിച്ച്‌, സുൽത്താനെ രണ്ടാളുകൾ അകത്ത്‌ വിരിച്ച പാഴയിൽ കിടത്തി. അധികം താമസിയാതെതന്നെ മറ്റു രണ്ടുപേരെയും അവിടെയെത്തിച്ചു.

വേദനയുടെ കാഠിന്യം കുറഞ്ഞപ്പോൾ, സുൽത്താൻ തലചെരിച്ച്‌നോക്കി. ഉമ്മയും, അമ്മായികളും പാളകൊണ്ടുള്ള വിശറിയുമായി ചുറ്റുമിരുന്ന് വീശികൊടുക്കുന്നു.

"ഇമ്മെന്തെ" വല്ല്യൂമ്മയുടെ സാമിപ്യത്തിൽ വേദനകുറയുമെന്ന വിശ്വാസത്താൽ, സുൽത്താൻ ചോദിച്ചു.

"ഇജി കരയ്‌ണത്‌ കണാം പറ്റൂല്ലാന്ന് പറഞ്ഞ്‌, ഇമ്മ കൗജാത്താന്റോട്‌ക്ക്‌ പോയിക്ക്‌ണ്‌, ഞാം ബിളിച്ചോണ്ടരാ" സുൽത്താന്റെ ഉമ്മ എഴുന്നേറ്റ്‌ പോയി.

സലാം അപ്പോഴും കരയുകയാണ്‌. ഇടക്കെപ്പോയോ അവൻ ആ മഹത്തായ രഹസ്യം അമ്മായിയോട്‌ ചോദിച്ചു.

"അമ്മായ്‌യേ, ഞാ എങ്ങനെഞ്ഞി മൂത്രം പാത്ത്വ"

നെയ്യ്‌ പുരട്ടിയ കട്ടിപത്തിരിയും, ഹലുവയും, ജിലേബിയും, ലഡുവും, മൈസൂർ പാക്കും എല്ലാം തിന്ന് സുഖിച്ചങ്ങനെ കിടക്കുന്നതിന്റെ മുന്നാം ദിവസം. സ്വയം എഴുന്നേറ്റ്‌ കാലുകളകത്തിവെച്ച്‌ നടക്കുവാനുള്ള അനുവാദം ഒസ്സാൻ കൊടുത്ത ദിവസം.

"കുഞ്ഞാക്കാ, അന്റെ കണക്കിന്റെ ടെസ്റ്റ്‌ ബുക്ക്‌ ഒന്ന്‌ തെര്‌വോ"

ചോദ്യം കേട്ട്‌, സുൽത്താൻ, മച്ചിൽ കെട്ടിയിരിക്കുന്ന തുണി മാറ്റിവെച്ച്‌, എഴുന്നേറ്റു. ഉമറത്തേക്കിറങ്ങുവാൻ വാതിൽ തുറന്നു. ഉമ്മറപടിയിൽ കയറിനിന്ന്, രണ്ട്‌കൈകൊണ്ടും വാതിൽ പാളികൾ മലർക്കെതുറന്ന് പിടിച്ചിരിക്കുന്ന സുൽത്താൻ.

മുറ്റത്ത്‌,

തലയുയർത്തിനിൽക്കുന്ന രണ്ട്‌സുൽത്താന്മാരെയും മാറിമാറി വീക്ഷിക്കുന്നവളുടെ മുഖത്ത്‌, ആശ്ചര്യവും, അമ്പരപ്പും മാറി, നാണംകലർന്ന പുഞ്ചിരി. കവിളിൽ നുണകുഴികൾ വിരിഞ്ഞു.

"കുഞ്ഞാക്കാ, ഞാം പിന്നെ ബെരാ" ആയിഷ ഓടിമറഞ്ഞു. അപ്പോഴും സുൽത്താൻ ഉമ്മറപടിയിൽതന്നെയായിരുന്നു.


.

26 comments:

Sulthan | സുൽത്താൻ said...

സുൽത്താൻ ആറാം ക്ലാസിൽ പഠിക്കുന്ന സമയത്താണ്‌, വല്ല്യ അമ്മാവൻ ദുബൈയിൽനിന്നും വന്നത്‌. വല്ല്യൂമ്മയോടും, ഉപ്പയോടും ചോദിച്ച്‌, അവർ ഒരു കാര്യം തീരുമാനിച്ചിരുന്നു. വീട്ടിൽ മുതിർന്ന മുന്ന് ആൺകുട്ടികളായി, ഇനി എല്ലാവരുടേതും ഒരുമിച്ച്‌ നടത്താം എന്ന തീരുമാനത്തിൽ, ആ സംഭവം ഒരുത്സവമാക്കുകയാണ്‌ ഇന്നീ തറവാട്ടിൽ.

Sulthan | സുൽത്താൻ

കൂതറHashimܓ said...

ആഹാ നല്ല ഓര്‍മകള്‍
ആറാം ക്ലാസിൽ പഠിക്കുന്ന സമയത്ത് തന്നെ ആയിരുന്നോ?? മിക്കവാറും എല്ലാവരുടേയും അഞ്ചാം വയസ്സിനു മുമ്പെ കഴിയും

Sulthan | സുൽത്താൻ said...

ഹാഷിം,

എന്റെ കുട്ടികാലത്ത്‌, ഇതോക്കെ മിക്കവാറും യു.പി സെക്‌ഷനിലാണ്‌ സംഘടിപ്പിക്കാറുള്ളത്‌. പിന്നെ, പിന്നെ, 5 വയസ്സിന്‌ താഴെയായി.

പക്ഷെ ഇപ്പൊഴും കുട്ടികൾ അത്യാവശ്യം വളർന്നശേഷം സംഘടിപ്പിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്‌. (എന്റെ മകനടക്കം)

നന്ദി

ജിപ്പൂസ് said...

കട്ടിങ് കഴിഞ്ഞ ശേഷം സുനേമ്മലുള്ള ചെറിയ ഒരു നീറ്റലും നിലവിളി മാറ്റാന്‍ കളിപ്പാട്ടം എന്തോ കയ്യില്‍ കൊണ്ട് തന്നതും തുണി കൊണ്ടുള്ള തൊട്ടിലില്‍ കിടക്കുന്നതും മാത്രേ എനിക്കോര്‍മ്മയുള്ളൂ.അത്ര ചെറിയ പ്രായത്തില്‍ ആയിരുന്നു.

എഴുത്ത് ഉഷാറാവുന്നുണ്ട് സുല്‍ത്താന്‍ ഭായ്.ആശംസകള്‍

Sulthan | സുൽത്താൻ said...

ജിപ്പൂസ്‌,

എന്റെ കുട്ടികാലത്ത്‌, ഈ പ്രോഗ്രാം, അമ്മാവന്മരുടെ മൊത്തം സ്പോൺഷർഷിപ്പിലാണ്‌ നടത്താറ്‌. അവരുടെ ഇഷ്ടമനുസരിച്ച്‌, അതിന്റെ പ്രായം, കൂടാം, കുറയാം.

ഇന്നും, ചിലവിടുകളിലെങ്കിലും, ഞാൻ കണ്ടിട്ടുണ്ട്‌, ഉപ്പയില്ലെങ്കിലും, അമ്മാവന്റെ സമയമനുസരിച്ച്‌, ഈ പ്രോഗ്രാം. ഒസ്സന്മാർ വംശനാശം സംഭവിച്ച്‌കൊണ്ടിരിക്കുന്ന നാട്ടിൽ, പ്രസവിച്ച്‌ മുന്നാം ദിവസമാണ്‌ ഇന്നീ പ്രോഗ്രാം.

പണ്ട്‌, ഇതോക്കെ, ഒരുത്സവമായിരുന്നു വീടുകളിൽ. ശരിക്കും ഒരു കല്യാണം തന്നെ.

നന്ദി, വീണ്ടും വരിക.

പട്ടേപ്പാടം റാംജി said...

ഞങ്ങളുടെ നാട്ടിലെ പഴയ കാലത്തെ മാര്‍ക്ക കല്യാണം
മനസ്സില്‍ ഓടിയെത്തി.

Sulthan | സുൽത്താൻ said...

റാംജി,

സുല്‍ത്താന്‍ കഥകളിലേക്ക് സ്വാഗതം.

വീണ്ടും വരിക.

ജീവി കരിവെള്ളൂർ said...

കൂട്ടുകാർ പറഞ്ഞ് മാർക്ക കല്യാണത്തെ പറ്റി കേട്ടിരുന്നു .ഇവിടെ ആ പ്രോഗ്രാം കണ്ട പ്രതീതി നല്കി .

jayanEvoor said...

സുൽത്താൻ,

ഇതൊക്കെ ഇനി ചരിത്രമാവും.

സുൽത്താൻ കഥകളും!

Faizal Kondotty said...

Nice memories

Sulthan | സുൽത്താൻ said...

ജീവി,

നന്ദി,

ജയേട്ടാ,

വെർതെ മനുഷ്യനെ കൊതിപ്പിക്കല്ലെ.

ഫൈസൽഭായി,

സുൽത്താൻ കഥകളിലേക്ക്‌ സ്വാഗതം.

mini//മിനി said...

ശരിക്കും ഒരു സുൽത്താൻ കഥ തന്നെ.

ഷെരീഫ് കൊട്ടാരക്കര said...

കലക്കി സുൽത്താനേ! കഥേടെ കാര്യത്തിൽ ങ്ങളു ഒരു സുൽത്താൻ തന്നെ ആയിരിക്കുണു.( സുന്നത്തു കല്യാണത്തിന്റെ കഥ വായിച്ചപ്പോൾ പണ്ടെങ്ങാണ്ടു എഴുതി വെച്ചിരുന്നതും പിന്നീടു മൂലയിൽ തള്ളിയിരുന്നതുമിപ്പോൾ പൊടി പിടിച്ചു മൂടി ഇരുന്നതുമായ സ്വന്തം രചന എടുത്തു നോക്കാൻ പ്രേരിതമായി.മറക്കാനാവാത്ത ബാല്യകാല സ്മരണകൾ.അതു എന്നിലേക്കു ഇപ്പോൾ കൊണ്ടു വന്നതിൽ സുൽത്താനേ, അനേകം നന്ദി.)

Jishad Cronic said...

ആശംസകള്‍..!

mukthaRionism said...

"അള്ളോ ന്റെ മുട്ടാണീ"
കൂയ്..

സുല്‍ത്താനെ
മുന്‍പ്
ഇവിടെ വന്നിട്ടുണ്ട്..
ചിലത് വായിച്ചിട്ടുമുണ്ട്..

ഇന്നിതാ മുഴുവനും
കത്തം തീര്‍ത്തു..

ഓര്‍മകള്‍..
കുട്ടിക്കാലം..
ഹായ് കൂയ് പൂയ്...

സുന്നത്ത് കല്ല്യാണം..
കൂടുതലാരും എഴുതാത്ത വിഷയം..
മുസ്ലിമായിപ്പിറന്ന
ആണ്‍പിറന്നോന്മാരുടെയൊക്കെ
അനുഭവം..

ഞാനും ഒന്ന് പോയി..
അങ്ങോട്ട്..
മണ്ണിന്റെ ഒരു തിണ്ടിലാലായിരുന്നു
അട്ടത്ത് കെട്ടിത്തൂക്കിയ തുണിക്കുള്ളില്‍ ഞാന്‍..
മൂത്താപ്പയുടെ മകനുമുണ്ടായിരുന്നു കൂടെ..

കാണാന്‍ വരുന്നവര്‍ കൊണ്ടൂവരുന്ന
സമ്മാനങ്ങള്‍.. പലഹാരങ്ങള്‍..
പാലു കാച്ചിയതും കോഴിമുട്ട പുഴുങ്ങിയതും..

പുട്ടാണി കാട്ടി ഞാനും മൂത്താപ്പാന്റെ മകനും കോട്ടി കളിക്കും..
പുട്ടാണി അളക്കാണ്ട് ഒരു പാത്തിരുന്നാളിം.. എളകി ചോര ബരും ബലാലാളെ..
ഉമ്മ പറയും..

ഓര്‍മകള്‍ക്ക് നന്ദി..
സുല്‍ത്താനേ
തുടരുക..
ഇനിയും വരാം..

OAB/ഒഎബി said...

ഓര്‍ക്കാന്‍ രസമുള്ള കാലം!
വിവരണം ജോര്‍.

നിലപലകയിലിരുന്ന് ചൂട് വെള്ളവും മുന്നില്‍ വച്ച് ഒത്താന്‍ വരും മുമ്പെ ‘കെട്ട്’ പൊതിര്‍ത്തുന്ന പണിയൊന്ന് ആലോചിച്ച് നോക്ക്യേ...

Manoraj said...

കൊള്ളാം.. ഇത്രയും കമന്റുകൾക്ക് ശേഷം വേറെന്ത് പറയാൻ

Anil cheleri kumaran said...

കുട്ടിക്കാലം നന്നായി ഓര്‍ത്ത് വെച്ചിട്ടുണ്ട്.

Sulthan | സുൽത്താൻ said...

മിനി ചേച്ചി,

നന്ദി,

ഷെരീഫ്‌ക്കാ,

കുട്ടികാലം മറക്കുവാൻ കഴിയില്ലല്ലോ ഇക്കാ. മാനത്ത്‌ പറക്കുന്ന പൂ തുമ്പികളല്ലെ അന്ന് നാം.

വീണ്ടും വരിക.

ജിഷാദ്‌,

നന്ദി

മുക്താർ ഭായി,

ഹഹഹ, കൂയ്‌. എങ്ങാനും കോട്ടി ഉന്നംതെറ്റി സുനാപ്പിയിൽ വന്നിടിച്ചിരുന്നെങ്കിൽ, എന്റാള്ളോ... (ഇത്താത്ത രക്ഷപ്പെടുമായിരുന്നു)

മനോരാജ്‌,

നന്ദി, വീണ്ടും വരിക.

കുമാരേട്ടാ,

നാലഞ്ച്‌ പെണ്ണുങ്ങൾ, ഒന്നര ഡെസൻ കുട്ടികൾ, അവരുടെ സുൽത്താനായി ഞാൻ വിലസിയ കാലം. മരണമില്ലാത്ത ഒർമ്മകളാണ്‌ മാഷെ.

പക്ഷെ, ഞങ്ങളെ മുഴുവൻ നിയന്ത്രിച്ചിരുന്ന, എന്നെ ഏറെ സ്നേഹിച്ചിരുന്ന, വല്ല്യൂമ്മ....

നന്ദി, വീണ്ടും വരിക.

ബഷീർ said...

നാണമില്ലാത്ത സുൽത്താൻ

അരുണ്‍ കരിമുട്ടം said...

ഓലപ്പുരയില്‍ ഇത്രത്തോളം സംഭവിച്ചെന്ന് ഇന്നാ അറിഞ്ഞത്.ഇനിയും വരാം :)

റൊമാരിയോ said...

ഞമ്മക്ക് പെരുത്ത് ഇഷ്ടായീക്ക്ണ്.........

sm sadique said...

ഒമ്പതാം വയസ്സിലേക്ക് ഞാന്‍ പടിഇറങ്ങി , ( കാലകത്തി) നടന്നു ചെന്ന് നിന്നത് ഞങളുടെ കുടുംബ പള്ളിയായ(പടച്ചവന്റെ ഭവനം ) കളീക്ക തക്കിയാവിന്റെ മുന്നില്‍ . ഓര്‍മകളില്‍ ഓടി കളിക്കാന്‍ ഒരവസ്സരം തന്നതിന് നന്ദി സുല്‍ത്താനെ .

ramanika said...

ഒന്നും പറയാന്‍ പറ്റുന്നില്ല ..........
നല്ല ഓര്‍മകള്‍!

അഭി said...

പറഞ്ഞു കേട്ടിടുണ്ട് ഈ ചടങ്ങിനെ കുറിച്ച്


ആശംസകള്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹൊ സുല്‍ത്താനെ..കലക്കി...ഒരു ഹോസ്പിറ്റലില്‍ വെച്ചാണെന്റെ ഈ സംഭവം നടത്തിയത്..അന്നു സ്റ്റിച്ച് ഇടാന്‍ വേണ്ടി ഡോക്ടര്‍ ചെറിയ ഒരു കമ്പി എടുത്തപ്പോ ഞാന്‍ ഡോക്ടറോട് ചോദിച്ചു..എന്തിനാ കമ്പി എന്ന്.. ഒരു തെങ്ങ് കെട്ടാനാ എന്ന ഡോക്ടറുടെ മറുപടി ഇന്നും കാതില്‍ മുഴങ്ങുന്നു....