Monday, June 21, 2010

9 - സൈനയും ഹമീദും

ഒരിരബലോടെ വിമാനം റൺ‌വെയിൽ തെട്ടതും, ഗതകാലസ്മരണകളിൽ പാറിനടന്നിരുന്ന മനസ്സും മണ്ണിൽതെട്ടു.

“സ്വപ്നം കാണുകയായിരുന്നു ല്ലെ” അടുത്ത സീറ്റിലിരിക്കുന്നവൻ പെട്ടിയെടുക്കുവാനുള്ള തിടുക്കത്തിലാണ്. കൂടണയാൻ കൊതിക്കുന്ന കിളികളെപോലെ, എത്രയും പെട്ടെന്ന് പുറത്ത്‌കടക്കുവാനുള്ള വെമ്പൽ പലരുടെയും മുഖത്തുണ്ട്.

------------

ഒരുകൊച്ച്‌കുടിലിനുള്ളിൽ പൊട്ടിച്ചിരിയുടെ അലകളുയരുന്നു. എത്രദൂരെയാണെങ്കിലും, എനിക്കവന്റെ ശബ്ദം വ്യക്തമാവും. കിനാവും കണ്ണിരും ഒരുമിച്ച് പങ്ക്‌വെച്ചവന്റെ ശബ്ദം. കുബൂസും അച്ചാറും നല്ല കോബിയാണെന്ന് പറഞ്ഞവൻ. പച്ചവെള്ളംകുടിച്ച് കിടന്നുറങ്ങുവാൻ പഠിപ്പിച്ചവൻ.
പ്രാരബ്ദങ്ങളുടെ കഥകൾ ആരോടും പറയരുതെന്നും, ജീവിക്കുന്നത് സുൽത്താനായിട്ടാവണമെന്നും പറഞ്ഞവൻ.

“ഇവിടെ ആരൂല്ലെ” ആളുണ്ടെന്നറിഞിട്ടും, ഔപചാരികതയുടെ മേൽമുണ്ട് പുതച്ച വാക്കുകൾക്ക്, “ആരാത്?’ എന്ന ചോദ്യവുമായി, തട്ടംകൊണ്ട് മുഖം തുടച്ച്‌കടന്ന്‌വരുന്നവളെ കണ്ട് ഞാൻ അൽഭുതപ്പെട്ടു. ഒട്ടിയകവിളും, പ്രതീക്ഷയറ്റ മിഴികളുമായി, സൈന. വർഷങ്ങൾക്ക് മുൻപ് പുതുമണവാട്ടിയായി, ഹമീദിന്റെ കൈപിടിച്ചെത്തിയ നാണംകുണിങ്ങിപെണ്ണിന്റെയും, പ്രസവശേഷം, തടിച്ച്‌വീർത്ത ഗൾഫുകാരന്റെ ഭാര്യയുടെയും ചിത്രങ്ങൾ എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു.

നനവ് പടരുന്ന മിഴികൾ തുടച്ചവൾ ചോദിച്ചു “സുൽത്താനിക്കാ എന്നാ വന്നത്” “ഇന്നലെ രാവിലെ എത്തി” സ്വപ്നാടനത്തിലെന്നപോലെ അകത്തേക്ക് കടക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.

“ഇക്കയുടെ മനസ്സിൽ അമൂല്യമായി സൂക്ഷിക്കുന്ന മുത്തുകൾ ചിലപ്പോഴോക്കെ, വീണ് കിട്ടാറുണ്ട്. പലരുടെയും സ്നേഹിക്കുന്ന മുഖം അങ്ങനെ ഞാൻ തിരിച്ചറിയുന്നു. നന്ദിയുണ്ട് ഒരുപാട്. കൂട്ടും കുടുംബവും തിരിഞ്ഞ്‌നോക്കാത്തവനെ, സ്നേഹിക്കാനും സഹായിക്കാനും സന്മനസ്സ് കാണിക്കുന്നതിന്”

"സൈനാ, ഹമീദിനോട് ചെയ്യുന്നത് സഹായമല്ല, എന്റെ കടമയാണ്” ഞാൻ അവളെ വിലക്കി.

“ഇക്കാ, പണ്ട് പലപ്പോഴും കുടുംബത്തിന്റെ ബാധ്യതകൾ എന്റെ തലയിലേറ്റിവെച്ച് തന്നിരുന്നു. അന്നോക്കെ ഞാൻ ദേഷ്യത്തോടെ ചോദിക്കുമായിരുന്നു. “ഇതോക്കെ നിങ്ങൾക്ക് ചെയ്തലെന്താ”ഇന്നറിയാം, വരുംകാലത്തിലേക്ക്, കാലിടറാതെ നടക്കുവാൻ, എന്നെ പ്രപ്തയാക്കുകയായിരുന്നോ?. കുറഞ്ഞകാലയളവ്‌കൊണ്ട്, മതിവരുവോളം എന്നെ സ്നേഹിച്ചത്, ഇപ്പോൾ അതോക്കെ തിരിച്ച്‌വാങ്ങുവാനായിരുന്നല്ലോ.ഒരോ വേക്കേഷനും ഒരോ വസന്തകാലമായിരുന്നു. മനസ്സും ശരീരവും പിഴിഞെടുത്തെ മടങ്ങാറുള്ളൂ. ഒരു ജന്മം മുഴുവൻ
അനുഭവിക്കേണ്ട സ്നേഹം ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്ന്തീർത്തുവോ?. "

സങ്കടപുഴയുടെ കുത്തോഴുക്കിൽ ഞാൻ എല്ലാം മറന്നിരുന്നു. പ്രയാസങ്ങളുടെ ഭാണ്ഡംതുറക്കുവാൻ കിട്ടിയ അവസരമെന്നപ്പോലെ, അവൾ പിന്നെയും പറഞ്ഞ്‌കൊണ്ടിരുന്നു. ഒരു സാധരണ ഗൾഫുകാരന്റെ ഭാര്യയുടെ സ്വപ്നങ്ങളും, പ്രതീക്ഷകളും. ഒപ്പം ചിറകൊടിഞ്ഞ ഇണകിളിയുടെ പരിഭവങ്ങളും.

“എനിക്ക് തന്ന സ്നേഹത്തിന്റെ ഒരംശം‌പോലും തിരിച്ച്‌കൊടുക്കുവാൻ എനിക്കാവില്ലെന്നറിയാം. എങ്കിലും, കാത്തുസുക്ഷിക്കുകയാണ് ഈ നിധി ഞാൻ. എന്റെ മരണംവരെ.“

ഞാൻ ഹമീദിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. ഒരു കൊച്ചുകുഞ്ഞിന്റെ നിശ്കളങ്കഭാവം.

ആദ്യമായി സൌദിയിലെത്തിയപ്പോൽ മുതൽ കിട്ടിയ ഒരു കൂട്ട്. മെസ്സ് റൂമിൽ ഒരുമിച്ചുണ്ടും കളിച്ചും ചിരിച്ചും ഞാനും ഹമീദും. ഉം‌റ വിസയെടുത്ത് എത്തിയവരാണ് ഞങ്ങൾ. ഇടക്ക് എന്തെങ്കിലും ചെറിയ പണിക്ക് പോവും. വലിയ സ്വപ്നങ്ങളുമായി ജീവിക്കുന്ന, ഒരു ചെറിയ മനുഷ്യനെ എനിക്ക് നന്നെ ബോധിച്ചു. ആ കൂട്ട്കെട്ട് വളർന്നു.

പലരും പലവട്ടം ഭാഗ്യപരീക്ഷണം നടത്തി പരാജയപ്പെട്ട ഒരു ബൂഫിയ, കടംവാങ്ങിയും ചിട്ടിപിടിച്ചും ഹമീദ് സ്വന്തമാക്കി. വേണ്ടെന്ന് എല്ലാവരും ഉപദേശിച്ചെങ്കിലും, “ബിസിനസ്സല്ലെ, കിട്ടിയാൽ കിട്ടി, പോയാൽ പോയി” എന്ന് പറഞ്ഞവൻ.

ഞാനും അവനെ നിരുത്സാഹപ്പെടുത്തുവാൻ ശ്രമിച്ചു. അതിനവന്റെ മറുപടി. "സുൽത്താനെ, ഞാൻ കടംവാങ്ങുന്നത് 5000 റിയാലല്ലെ ഉള്ളൂ. ഈ ബിസിനസ്സ് വിജയിച്ചില്ലെങ്കിൽതന്നെ,
അദ്ധ്വനിക്കുവാനുള്ള കരുത്ത്, ഈ കൈകൾക്കുണ്ട്. വാങ്ങിയത് തിരിച്ച് കൊടുക്കാൻ കഴിയും"

അത്മവിശ്വാസം ആവോളമുള്ളവൻ സ്വപ്നങ്ങൾ നട്ട് നനച്ച് വളർത്തിയെടുത്തു. ഹമീദിന്റെ വിജയത്തിന്റെ ആദ്യപടിയായിരുന്നു അത്. രണ്ട് വർഷംകൊണ്ട്, ജിദ്ധയിലെ വിവിധഭാഗങ്ങളിൽ നാലഞ്ച് സ്ഥാപനങ്ങൾ തുടങ്ങുവാൻ ഹമീദിന്‌ കഴിഞ്ഞു.

കുടുംബത്തിന്റെ അത്താണിയായവൻ, വളർന്ന് പന്തലിച്ചപ്പോൾ, ആ തണലിൽ രക്ഷപ്പെട്ടത് പലരുടെയും ജീവിതമായിരുന്നു. ആരെയും കൈയയഞ്ഞ് സഹായിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്നവൻ. അറബിപെന്നിന്റെ പത്തരമാറ്റ്, ഹമീദിന്റെ കണ്ണുകളെ അശ്ചര്യപ്പെടുത്തുന്നില്ലെന്ന്, യതീമായ ഒരു പെൺകുട്ടിയുടെ, സൈനയുടെ, കൈപിടിച്ചവൻ ജീവിതത്തിന്റെ പടികടന്നപ്പോൾ മനസ്സിലായി.

ഹമീദിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. അതിലും പെട്ടെന്നായിരുന്നു അവന്റെ തളർച്ച.

അവൻ അകമഴിഞ്ഞ് സഹായിച്ച, വിശ്വസിച്ച, സ്നേഹിച്ച സുഹ്ര്‌ത്ത്‌തന്നെ, അവന്റെ വേരറുക്കുകയായിരുന്നു.

9