Monday, March 29, 2010

4 - മാർക്ക കല്യാണം

സുൽത്താൻ ആറാം ക്ലാസിൽ പഠിക്കുന്ന സമയത്താണ്‌, വല്ല്യ അമ്മാവൻ ദുബൈയിൽനിന്നും വന്നത്‌. വല്ല്യൂമ്മയോടും, ഉപ്പയോടും ചോദിച്ച്‌, അവർ ഒരു കാര്യം തീരുമാനിച്ചിരുന്നു. വീട്ടിൽ മുതിർന്ന മുന്ന് ആൺകുട്ടികളായി, ഇനി എല്ലാവരുടേതും ഒരുമിച്ച്‌ നടത്താം എന്ന തീരുമാനത്തിൽ, ആ സംഭവം ഒരുത്സവമാക്കുകയാണ്‌ ഇന്നീ തറവാട്ടിൽ.

അടുക്കളയുടെ ഭാഗത്ത്‌, കിണറ്റിനടുത്തായി, ബിരിയാണി ചെമ്പുകളിൽനിന്നുമുയരുന്ന മണം ആ പ്രദേശമാകെ നിറഞ്ഞു. പന്തലിട്ട മുറ്റം നിറയെ ആളുകളെത്തിയിരിക്കുന്നു. നടുമുറ്റത്ത്‌, പായ വിരിച്ച്‌, അതിനൊത്ത നടുവിൽ, അരിനിറച്ച ഗ്ലാസിൽ കത്തിച്ച്‌വെച്ച, ചന്ദനതിരികൾ പുകയുന്നു. വെള്ളതുണിയിട്ട്‌ മൂടിയ തലയിണക്ക്‌ മുകളിൽ മൗലൂദ്‌ ചൊല്ലുന്ന സബീനയുണ്ട്‌.

ളുഹർ നമസ്കാരം കഴിഞ്ഞ്‌, പള്ളിയിൽനിന്നും ഖത്തിബും മുസ്ലിയാർക്കുട്ടികളും എത്തി. കൂടെ നാട്ടിലെ പ്രമാണികളായ ഒരുപറ്റം ആളുകളും.

"അസാലാമു അലൈക്കും"

"വ അലൈക്കും അസ്സലാം".

ഉപ്പയും, അമ്മാവനും അവരെ സ്വീകരിച്ചിരുത്തി.

ഇതിനിടയിൽ, ബിരിയാണി ചെമ്പുകൾക്ക്‌ വലം വെച്ച്‌, സുൽത്താൻ പലവട്ടം നടന്നു. വെപ്പ്‌കാരൻ മരക്കർ കാക്ക ബീഡിയും വലിച്ച്‌, അടുപ്പിലെ കനലുകൾ വാരികളയുകയായിരുന്നു.

"ഇതെപ്പളാ തൊറക്ക്വ" സുൽത്താൻ മരക്കാർ കാക്കയോട്‌ ചോദിച്ചു.

"സബൂറാവ്‌ സുൽത്താനെ, ഇജി അടുപ്പിന്റെട്‌ത്ത്‌ നിക്കല്ലെ, ഇപ്പോ വെച്ച്‌, മേത്ത്‌ മുറി ആക്കല്ലെ. മാളൂ, ഈ കുട്ടിനെ അങ്ങട്ട്‌ കൊണ്ടോയാണി"

ഒച്ചകേട്ട്‌ സഫിയാത്ത ഓടിവന്നു, സുൽത്താനെ പിടിച്ച്‌കൊണ്ട്‌ പോയി, വല്ല്യൂമ്മയെ ഏൽപ്പിച്ചു.

"ഇമ്മാന്റെ കുട്ടി അടങ്ങി നിക്ക്‌, മോല്യമ്മാര്‌ തിന്നിട്ട്‌ അനക്ക്‌ തരാ ട്ടോ" വല്യൂമ്മ അവനെ സമധാനിപ്പിച്ചു.

"സഫിയാ, കുട്ട്യളെ മൂന്നിനെം കുളിപ്പിച്ചാളാ, നേരോരുപ്പാടായി, ഒലെ അരെലെ ചെരട്‌ മുറിച്ചിട്‌ത്താളാ"

"ന്നാ വെളമ്പാൻ നോക്ക്വ" മുറ്റത്ത്‌നിന്നും ഉപ്പ മുസ്ലിയാരുടെ സമ്മതത്തിന്‌ കാത്തിരുന്നു.

"ആയ്‌ക്കോട്ടെ" എന്നു പറഞ്ഞ്‌ മുസ്ലിയാർ എഴുന്നേറ്റു.

ഭക്ഷണം കഴിഞ്ഞ്‌, ഖതീബിന്‌ ചുറ്റും മുസ്ലിയാർ കുട്ടികൾ വട്ടത്തിലിരുന്ന്, മൗലൂദ്‌ തുടങ്ങിയിരുന്നു. താളത്മകമായി ആടികൊണ്ട്‌, അവർ പ്രവാചകന്റെ മഹത്ത്വങ്ങൾ ഉറക്കെ പാടി.

"യാറബി സ്വല്ലി അലനെബിയി മുഹമ്മദീ
മുജിൽ ഖലായിക്ക്‌ മിൻ ജഹനമ്മ ഫീ കദീ"

എന്നാൽ, സുൽത്താനും, അനിയൻ സലാമും, ഇളയുപ്പയുടെ മകൻ ഹമീദും, ഭക്ഷണശേഷം കളിക്കുവാനുള്ള ശ്രമത്തിൽ, പറമ്പിലേക്ക്‌ കടന്നതും, അമ്മാവൻ ഓടി വന്നു.

"എല്ലാരും അവുത്തുക്ക്‌ കേറ്യാണി, മേത്ത്‌ ചളിയാക്കണ്ടാ"

അവർ പിന്നെയും പന്തലിനെ ചുറ്റിപറ്റിനിന്നു.

അസർ ബാങ്ക്‌ കൊടുക്കുന്നതിന്‌ മുൻപ്‌, മൗലൂദിന്റെ ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ, അമ്മാവൻ ആദ്യം സുൽത്താനെ അകത്തേക്ക്‌ കൊണ്ട്‌പോയി.

അകത്ത്‌, നടുവാതിലിന്നഭിമുഖമായി കിടക്കുന്ന മരകസേരയിൽ അവൻ ഇരിക്കുന്നതിന്‌ മുൻപ്‌, ഒസ്സാൻ മുഹമ്മദ്‌, അവന്റെ തുണി വലിച്ചെടുത്തിരുന്നു. നാല്‌ ഭാഗത്ത്‌ നിന്നും അവന്റെ കൈകാലുകൾ പിടിക്കപ്പെട്ടിരുന്നു. എന്താണ്‌ സംഭവിക്കുന്നത്‌ എന്ന് മനസിലാവുന്നതിന്‌ മുൻപെ, ഒസ്സാൻ, കടഞ്ഞെടുത്ത കത്തിയുയർത്തുകയും, "ബിസ്മില്ലാഹി റഹമാനി റഹീം" എന്നുച്ചരിക്കുകയും ചെയ്തു.

നിമിഷനേരംകൊണ്ട്‌ എല്ലാം കഴിഞ്ഞിരുന്നു.

"അള്ളോ ന്റെ മുട്ടാണീ" പരിസരം മറന്ന് സുൽത്താൻ കരഞ്ഞു.

കാലുകൾ രണ്ടും അകത്തിപിടിച്ച്‌, സുൽത്താനെ രണ്ടാളുകൾ അകത്ത്‌ വിരിച്ച പാഴയിൽ കിടത്തി. അധികം താമസിയാതെതന്നെ മറ്റു രണ്ടുപേരെയും അവിടെയെത്തിച്ചു.

വേദനയുടെ കാഠിന്യം കുറഞ്ഞപ്പോൾ, സുൽത്താൻ തലചെരിച്ച്‌നോക്കി. ഉമ്മയും, അമ്മായികളും പാളകൊണ്ടുള്ള വിശറിയുമായി ചുറ്റുമിരുന്ന് വീശികൊടുക്കുന്നു.

"ഇമ്മെന്തെ" വല്ല്യൂമ്മയുടെ സാമിപ്യത്തിൽ വേദനകുറയുമെന്ന വിശ്വാസത്താൽ, സുൽത്താൻ ചോദിച്ചു.

"ഇജി കരയ്‌ണത്‌ കണാം പറ്റൂല്ലാന്ന് പറഞ്ഞ്‌, ഇമ്മ കൗജാത്താന്റോട്‌ക്ക്‌ പോയിക്ക്‌ണ്‌, ഞാം ബിളിച്ചോണ്ടരാ" സുൽത്താന്റെ ഉമ്മ എഴുന്നേറ്റ്‌ പോയി.

സലാം അപ്പോഴും കരയുകയാണ്‌. ഇടക്കെപ്പോയോ അവൻ ആ മഹത്തായ രഹസ്യം അമ്മായിയോട്‌ ചോദിച്ചു.

"അമ്മായ്‌യേ, ഞാ എങ്ങനെഞ്ഞി മൂത്രം പാത്ത്വ"

നെയ്യ്‌ പുരട്ടിയ കട്ടിപത്തിരിയും, ഹലുവയും, ജിലേബിയും, ലഡുവും, മൈസൂർ പാക്കും എല്ലാം തിന്ന് സുഖിച്ചങ്ങനെ കിടക്കുന്നതിന്റെ മുന്നാം ദിവസം. സ്വയം എഴുന്നേറ്റ്‌ കാലുകളകത്തിവെച്ച്‌ നടക്കുവാനുള്ള അനുവാദം ഒസ്സാൻ കൊടുത്ത ദിവസം.

"കുഞ്ഞാക്കാ, അന്റെ കണക്കിന്റെ ടെസ്റ്റ്‌ ബുക്ക്‌ ഒന്ന്‌ തെര്‌വോ"

ചോദ്യം കേട്ട്‌, സുൽത്താൻ, മച്ചിൽ കെട്ടിയിരിക്കുന്ന തുണി മാറ്റിവെച്ച്‌, എഴുന്നേറ്റു. ഉമറത്തേക്കിറങ്ങുവാൻ വാതിൽ തുറന്നു. ഉമ്മറപടിയിൽ കയറിനിന്ന്, രണ്ട്‌കൈകൊണ്ടും വാതിൽ പാളികൾ മലർക്കെതുറന്ന് പിടിച്ചിരിക്കുന്ന സുൽത്താൻ.

മുറ്റത്ത്‌,

തലയുയർത്തിനിൽക്കുന്ന രണ്ട്‌സുൽത്താന്മാരെയും മാറിമാറി വീക്ഷിക്കുന്നവളുടെ മുഖത്ത്‌, ആശ്ചര്യവും, അമ്പരപ്പും മാറി, നാണംകലർന്ന പുഞ്ചിരി. കവിളിൽ നുണകുഴികൾ വിരിഞ്ഞു.

"കുഞ്ഞാക്കാ, ഞാം പിന്നെ ബെരാ" ആയിഷ ഓടിമറഞ്ഞു. അപ്പോഴും സുൽത്താൻ ഉമ്മറപടിയിൽതന്നെയായിരുന്നു.


.

Saturday, March 27, 2010

3 - സുറുമയെഴുതിയ മിഴികൾ

"ഡാ, വിടെടാ അവളെ"

കൈപ്പിടിയിലൊതുങ്ങാത്ത കരിങ്കല്ലിന്റെ കഷ്ണവുമായി, ഈറ്റപുലിയുടെ ശൗര്യത്തോടെ, ഉസ്മാന്റെ നേരെ പാഞ്ഞടുക്കുകയാണ്‌ സുൽത്താൻ.

പരാജയപ്പെടുമെന്ന് പരിപൂർണ്ണ വിശ്വാസമുള്ളത്‌കൊണ്ടും, അങ്ങിനെ പലവുരു സംഭവിച്ചത്‌കൊണ്ടും, ഉസ്മാൻ, ആയിഷയെ വിട്ട്‌ ഓടാൻ ശ്രമിച്ചു. എന്നാൽ അതിന്‌ മുൻപെ, കരിങ്കല്ല്‌ ഉസ്മാന്റെ നെറ്റിയിൽ പതിച്ചിരുന്നു. ഉസ്മാനും ഒപ്പം കരിങ്കല്ലും സ്കൂൾ മുറ്റത്ത്‌ വീണു.

ഉസ്മന്റെ നിലവിളികേട്ടാണ്‌ അദ്ധ്യാപകർ ഓടിയെത്തിയത്‌. അപ്പോഴും എന്താണ്‌ സംഭവിച്ചതെന്നറിയാതെ, അന്തിച്ച്‌നിൽക്കുകയായിരുന്നു ആയിഷ.

സുമ ടീച്ചർ ഓടിവന്നു ഉസ്മാനെ പിടിച്ചെഴുന്നേൽപ്പിച്ചു. കൈയിലുള്ള തൂവാലകൊണ്ട്‌, ഉസ്മാന്റെ നെറ്റി തുടച്ചു. മുറിവ്‌ ആഴത്തിലുള്ളതല്ലെങ്കിലും ചോര നിൽക്കുന്നില്ല.

ആരോക്കെയോ ചേർന്ന് ഉസ്മാനെയെടുത്ത്‌ സ്കൂളിന്റെ വരാന്തയിലിരുത്തി. ചായപ്പൊടിയും, കമ്യൂണിസ്റ്റ്‌ അപ്പ പിഴിഞ്ഞെടുത്ത ചാറും ചേർത്ത്‌, അവന്റെ നെറ്റിയിൽ വച്ച്‌ കെട്ടി. സ്കൂൾ മുറ്റത്ത്‌ കൂടിനിൽക്കുന്ന കുട്ടികളോടായി ഹെഡ്‌മാസ്റ്റർ രാഘവൻ മാഷ്‌ പറഞ്ഞു.

"ആ, ആ, ഇവിടെ പ്രത്യേകിച്ചൊന്നും ഇല്ല. ഏല്ലാവരും ക്ലാസിൽ പോ. സമയം പന്ത്രണ്ടെ കാലായി. രാമൂ ബെല്ലടീ"

"സുൽത്താൻ ഇങ്ങട്ട്‌ വരൂ" എന്നു പറഞ്ഞ്‌ രാഘവൻ മാഷ്‌, ഓഫീസിലേക്ക്‌ നടന്നു, പിന്നാലെ കൂസലന്യേ സുൽത്താനും.

അകത്ത്‌കടന്നതും, മേശപുറത്തിരുന്ന, ചൂരലെടുത്ത്‌ മാഷ്‌ പ്രയോഗം തുടങ്ങി. ഒന്ന്, രണ്ട്‌, മുന്നാമത്തേതിന്‌ വേണ്ടി വടി ഉയർത്തിയപ്പോഴെക്കും രമ ടീച്ചർ ഓടി വന്നിട്ട്‌, മാഷെ തടഞ്ഞു "വേണ്ട മാഷെ, സുൽത്താൻ ക്ലാസിലെ നല്ല കുട്ടിയാണ്‌, ഇത്‌ വരെ ആരുമായും ഒരു പ്രശ്നം അവനുണ്ടാക്കിയിട്ടില്ല"

"ഹും, ഇനി മേലിൽ, നീ ആരെയെങ്കിലും ഉപദ്രവിച്ചാൽ, അടിച്ച്‌ നിന്റെ തുട ഞാൻ പൊട്ടിക്കും" രാഘവൻ മാഷ്‌ ചൂരൽ മേശപുറത്തേക്കിട്ടു.

രമ ടീച്ചർ സുൽത്തനെയുംകൊണ്ട്‌ ക്ലാസിലേക്ക്‌ നടന്നു.

"നീ എന്തിനാ കുട്ടി ഉസ്മാനെ ഉപദ്രവിച്ചത്‌? നിങ്ങൾ തമ്മിൽ വഴക്കുണ്ടാവാൻ എന്താ കാരണം?" ക്ലാസിലേക്ക്‌ നടക്കുന്നതിനിടയിൽ, ടീച്ചർ ചോദിച്ചു.

"അത്‌ ടിച്ചറെ, ഓൻ ആയിച്ചാനെ പിടിച്ചതോണ്ടാ." ഒട്ടും കൂസാതെ സുൽത്താൻ പറഞ്ഞു.

"ഹെന്റെ ഭഗവതീ, നലാം ക്ലാസിലായിട്ടുള്ളൂ നിയോക്കെ, അപ്പോഴെക്കും തുടങ്ങിയോ ആയിഷയും പ്രേമവും" ടീച്ചർ തലയിൽ കൈവച്ചു.

ക്ലാസിലെത്തിയപ്പോൾ, ടിച്ചർ ആയിഷയെവിളിച്ചു. എന്താണ്‌ കാരണമെന്നന്വേഷിച്ചു. കരയാനല്ലാതെ മറ്റോന്നിനും അവൾക്കായില്ല.

"ടീച്ചറെ, ഞാം പറയാ" രണ്ടാംനിരയിൽനിന്നും സുമതി എഴുന്നേറ്റ്‌നിന്നു.

"എന്താണ്‌ കാരണം?" ടീച്ചർ സുമതിയോട്‌ ചോദിച്ചു.

"അത്‌, രാവിലെ സ്കൂളിക്ക്‌ പോരുമ്പോ, സുൽത്താൻ, പുതീ ഒരു പെൻസില്‌ ആയിച്ചാക്ക്‌ കൊടുത്തിനി. അത്‌ നോക്കാംമാണ്ടി, ഉസ്മാൻ ചോയ്ച്ചി. ആയ്‌ച്ചാ കൊടുത്തീലാ. അപ്പോ ഓൻ ഓളെ കൈയ്യിന്ന് അത്‌ തട്ടിപറിച്ചി" സംഭവത്തിന്റെ ദൃക്‌സാക്ഷി വിവരണം നടത്തി സുമതി.

"ഒരു പെൻസിലിനാണോ, ഈ വഴക്ക്‌ മുഴുവൻ" ടീച്ചർ സുൽത്താന്റെ നേരെ നോക്കി

ഈ ടിച്ചർക്കെന്തറിയാം. സുൽത്താൻ മനസ്സിൽ പറഞ്ഞു. അബുദാബിയിലുള്ള അമ്മാവൻ, വന്നപ്പോ കൊണ്ട്‌വന്നതാണ്‌ തലയിൽ മായ്ക്കുന്ന റബറുള്ള ഈ പെൻസിൽ. അതിൽ ഒന്നാണ്‌ രാവിലെ വരുന്ന വഴി ആയിഷക്ക്‌ കൊടുത്തത്‌. പക്ഷെ ഉസ്മാൻ അത്‌ തട്ടിപറച്ചത്‌കൊണ്ട്‌ മാത്രമല്ല ഒരു യുദ്ധം നടന്നത്‌. മറിച്ച്‌, കൂറെ ദിവസമായി, എപ്പോഴും ഉസ്മാൻ ആയിഷയെ കളിയാക്കുന്നു. അവളോട്‌ കിന്നരിക്കുന്നു. ഇതോക്കെ കണ്ടിട്ട്‌, രണ്ടെണ്ണം പൊട്ടിക്കാൻ ഒരു ചാൻസ്‌നോക്കി നടക്കുകയായിരുന്നു സുൽത്താൻ. കിട്ടിയ ചാൻസ്‌ അങ്ങനെതന്നെ ഉപയോഗിച്ചു. പക്ഷെ, ഉസ്മാന്റെ തലപൊട്ടിക്കണം എന്നോന്നും സുൽത്താൻ കരുതിയിരുന്നില്ല. പൊട്ടിയത്‌ അവന്റെ കൈയിലിരുപ്പിന്റെ ഗുണം.

പെൻസിൽ ആയിഷയുടെ കൈയിനിന്നും തട്ടിപറിച്ചു എന്നത്‌ മാത്രമല്ല ഉസ്മാൻ ചെയ്ത്‌ തെറ്റ്‌. അതിലും വലിയ തെറ്റ്‌ നടന്നത്‌, ഇന്നലെയാണ്‌. സാധരണ ഞയറാഴ്ചകളിൽ മദ്രസ വിട്ട്‌ വന്ന ശേഷം, സുൽത്താനും, ഉസ്മാനും, രാജനും, ആയിഷയും, സുമതിയും, രജനിയും, അങ്ങനെ സുൽത്താന്റെ വീടിന്റെ പരിസരത്തുള്ള അഞ്ചെട്ട്‌ കുട്ടികൾ, പാറമ്മൽ തറവാട്ടിനടുത്തുള്ള കശുമാവിൻ തോട്ടത്തിൽ കളിക്കാൻ പോവും. തഴെവീണ്‌ കിടക്കുന്ന കശുവണ്ടി ശേഖരിക്കണം. അതിനുള്ള കൂലി, പഴുത്ത്‌ നിൽക്കുന്ന, കശുമാമ്പഴമാണ്‌. അത്‌ എല്ലാവർക്കും ഇഷ്ടം പോലെ തിന്നാം. ആൺകുട്ടികൾ മരത്തിൽ കയറി കശുവണ്ടി പറിക്കും. പെൺകുട്ടികൾ അത്‌ ശേഖരിച്ച്‌ മുവാണ്ടൻ മാവിന്റെ ചുവട്ടിൽ കൂട്ടിവെക്കും.

കുട്ടികളുടെ വയറ്‌ നിറഞ്ഞാൽ പിന്നെ കളിയാണ്‌. മണ്ണപ്പം ചുട്ടും, കച്ചവടം നടത്തിയും ഒരു കൂട്ടർ. ഈന്ത്‌മരത്തിന്റെ ഓലയെടുത്ത്‌, വീടുണ്ടാക്കി, അവരുടെ മൊത്തം ബാപ്പയായി സുൽത്താനും ഉമ്മയായി ആയിഷയും വീട്ടിലുണ്ടാവും.

പക്ഷെ, ഇന്നലെ, പതിവ്‌പോലെ, കശുമാവിന്റെ പഴംതിന്ന് വയറ്‌നിറഞ്ഞപ്പോൾ, പുതിയവീട്‌ കെട്ടിയുണ്ടാക്കിയപ്പോൾ, പലചരക്ക്‌ കച്ചവടത്തിന്റെ ലഹരി ഉസ്മാന്‌ ഉണ്ടായിരുന്നില്ല. അവൻ സുൽത്താനോട്‌ പറഞ്ഞു

"കുഞ്ഞാക്ക, എന്നും ഞാന്തെനെ കച്ചോടകാരൻ. ഇന്ന് കുഞ്ഞാക്ക കച്ചോടം ചെയ്യ്‌, ഞാൻ ബാപ്പാവാ"

"ആയ്ക്കോട്ടെ, ഇജി ചെരട്ട ഇട്‌ത്ത്‌, ദാ അവ്‌ടെ അട്‌പ്പ്‌ണ്ടാക്കിക്കോ. ആരാ ഇമ്മ, സുമത്യോ രജിന്യോ?" സുൽത്താൻ സമ്മതിച്ചു.

"ഇമ്മ അയ്‌ട്ട്‌ ആയ്ച്ചാനെ തന്നെ മതി" ഉസ്മാൻ കൊലുസണിഞ്ഞ, കൊലുന്നനെയുള്ളവളെ ചൂണ്ടികാണിച്ചു.

"അങ്ങനെ മണ്ടട്ടോ, അനക്ക്‌ മാണെങ്കി ആരെ മാണേലും ഇമ്മാക്കിക്കോ, അയ്ച്ചാനെ കിട്ടൂലാ"

"ന്താ, അനക്ക്‌ മാത്രേ ഓളെ പുതിയപ്ലാകാൻ പറ്റ്യുള്ളൂ. ഞാം ഇല്ല, ഞാമ്പോഗാ" ഉസ്മാൻ പോവാനോരുങ്ങി. മറ്റുള്ളവർ പരിഹാരമാർഗ്ഗങ്ങളിൽ പലതും മുന്നോട്ട്‌ വെച്ചു. അയിഷയെ കിട്ടണമെന്ന് ഉസ്മാനും, കൊടുക്കില്ലെന്ന് സുൽത്താനും വാശിപിടിച്ചപ്പോൾ, അന്നത്തെ കളി അവിടെ അവസാനിച്ചു. അപ്പോഴും, പുതിയവീട്ടിലെ അടുപ്പിലിരിക്കുന്ന ചിരട്ടയിൽ, തിളച്ച്‌ മറിയുന്ന അരിയുടെ വേവ്‌നോക്കുകയായിരുന്നു ആയിഷ.

"സുൽത്താൻ" രമ ടീച്ചർ വിളിച്ചപ്പോഴാണ്‌ സുൽത്താന്‌ പരിസരബോധം വന്നത്‌.

"പോയി സീറ്റിലിരിക്കൂ"

കടന്ന് പോകുമ്പോൾ സുൽത്താൻ തിരിഞ്ഞ്‌നോക്കി, മന്ദഹാസ മലരുകൾ പൊട്ടിവിരിയാൻ കൊതിക്കുന്ന അധരങ്ങളോടെ, സുറുമയെഴുതിയ മിഴികൾ അവനെതന്നെ വീക്ഷിക്കുകയായിരുന്നു. അവളുടെ കൈകളിൽ അപ്പോഴും അവൻ കൊടുത്ത പെൻസിലുണ്ടായിരുന്നു.


.

Thursday, March 25, 2010

2- ഓത്തു‌പള്ളിയിൽ അന്ന് നമ്മള്‌

"കദീശാ, കാദീശാ..."

ഉമ്മറത്തിരുന്ന് തളിർവെറ്റിലയിൽ വാസനചുണാമ്പ്‌ പുരട്ടികൊണ്ട്‌ പാത്തുമ്മ താത്ത നീട്ടി വിളിച്ചു.

"എന്തെമ്മാ"

"ന്റെ കുട്ടി ന്ന് മദ്രസ്‌ക്ക്‌ പോവ്വാ. അതനക്ക്‌ ഓർമ്മണ്ടോ? നേരം വെള്‌ത്ത്‌ട്ട്‌ നേരെത്രായീന്നറിയോ? ഇന്നലെ അബുകൊണ്ടെന്ന ചീര്‌ണിന്റെ കെട്ട്‌, വടക്കോർത്തെ തട്ടിന്റെ മോള്‌ല്‌ണ്ട്‌. അത്‌ങ്ങട്ട്‌ ഇട്‌ത്ത്‌കൊണ്ടെന്നാ"

"സഫീയ, സുൽത്താൻ ഇണിച്ചോ, ജ്‌ ഓന്റെ പല്ല്‌തേച്ച്‌കൊട്ത്തോ? ഓട്ടാട ആയ്‌ക്ക്‌ണോ? അയ്നിച്ചിരി ചായ കൊട്‌ത്താളാ"

"ഇമ്മാ, ഇന്നലെ ഇപ്പകൊണ്ടെന്ന സ്ലേയ്റ്റ്‌ കണ്ടോ"

പുത്തനുടുപ്പിട്ട്‌, പട്ടുറുമാൽ തലയിൽകെട്ടി, സ്ലേറ്റുമായി വല്യൂമ്മയുടെ അടുത്തേക്കോടി വന്നു സുൽത്താൻ.

"മ്മാന്റെ കുട്ടി പെർമ്മാണി ആയ്‌ക്ക്‌ണ്‌. നല്ല കുട്ട്യായിട്ട്‌ മദ്രസില്‌ ഇര്‌ന്ന് പഠിച്ചണം. കുട്ട്യളെന്നും വെള്‌ കാട്ടര്‌ത്ട്ടോ"

സുൽത്താൻ തലയാട്ടി.

കദീശ, പലഹാരകൊട്ടയുമായി വന്നു.

"ഇത്‌ കോറെണ്ട്‌മ്മാ, ഇത്‌ന്ന് കൊറച്ചി ഇട്‌ത്ത്‌വെക്കണോ?"

"മണ്ടാ, ഇത്‌ ഇന്റെ കുട്ടി മദ്രസ്‌പോണെ സന്തോഷത്തിന്‌ മാങ്ങീതാ. അത്‌ മദ്രസ്‌ക്ക്‌ തന്നെ കൊട്‌ക്കണം" വല്യൂമ്മ അവളെ കനപ്പിച്ചോന്ന് നോക്കി.

"ന്നാ പോവ, ഇന്‌ക്ക്‌ അന്നെ മദ്രസ്‌ൽ ചേർത്ത്‌ട്ട്‌ മാണം കോഴിക്കോട്ട്ക്ക്‌ പോകാൻ" എന്നു പറഞ്ഞ്‌ അബു പുറത്തേക്ക്‌ വന്നു, സുൽത്താന്റെ കൈപിടിച്ചു.

"രാമാ, ന്നാ ഈ കൊട്ട ഇട്‌ത്തോ"
സുൽത്താനെയും കുട്ടി അബു മുറ്റത്തേക്കിറങ്ങി. പിന്നാലെ പരഹാരകൊട്ടയുമായി രാമനും.

"മദ്രസ്‌ വിട്ടാൽ, വെയിലത്ത്‌നിന്ന് കളിച്ചര്‌ത്‌, വെം ഇങ്ങട്ട്‌ പോരേണ്ടിട്ടോ" അവരുടെ യാത്ര നോക്കി നിൽക്കാവെ, പത്തുമ്മ താത്ത വിളിച്ച്‌പറഞ്ഞു.

അബുവും സുൽത്താനും മദ്രസ മുറ്റത്തെത്തി. ഒരു ഭാഗത്ത്‌ നിന്നും "ബിസ്മില്ലാഹി റഹ്‌മാനി റഹീം" എന്ന് കുട്ടികൾ ഒരേസ്വരത്തിൽ ഉച്ചരിക്കുന്നതിന്റെ ശബ്ദം. മരു ഭാഗത്ത്‌ "ഇസ്ലാം കാര്യം അഞ്ചാണ്‌, അവകൾ അറിയൽ ഫർളാണ്‌, ഇമാൻ ഇസ്ലാം അറിഞ്ഞില്ലെങ്കിൽ, നരകം നമ്മുടെ വീടാണ്‌' എന്ന താളത്മകമായി കുട്ടികൾ പാടുന്നു.

വല്ല്യുമ്മയുടെ കോന്തലയും പിടിച്ച്‌ നടന്ന, ഒരു വീട്‌ മുഴുവൻ ഭരിക്കുന്ന, കരച്ചിലും വാശിയും, പിന്നെ ഉമ്മയുടെ പിൻബലവും മാത്രം കൈമുതലായുള്ള സുൽത്താൻ പതിയെ മറ്റോരു ലോകത്തേക്ക്‌ കാലെടുത്ത്‌ വെക്കുകയായിരുന്നു. ചിരിയും കളിയുമുള്ള, ഇണക്കവും പിണക്കവുമുള്ള, കുട്ടുകാരുടെ ലോകത്തേക്ക്‌, പരിമളം പരത്തുന്ന സൗഹൃദത്തിന്റെ വാടമലരുകളുടെ ലോകത്തേക്ക്‌. കുപ്പിവളകളും, പാദസ്വരങ്ങളും നാദമുയർത്തുന്ന പാവാടകാരികളുടെ ലോകത്തേക്ക്‌. തട്ടമിട്ട്‌ സുറുമയെഴുതിയ മിഴികൾ ആദരവോടെ, അവരുടെ സുൽത്താനെ കാത്തിരിക്കുന്ന പോലെ.


മുദരിസ്സ്‌, മെയ്തിൻ മൊല്ലാക്ക പുറത്തേക്ക്‌ വന്നു.

"അസ്സലാമു അലൈക്കും"

"വ അലൈക്കും അസ്സലാം"

"ഇമ്മ പറഞ്ഞീനി, ഇന്ന് സുൽത്താനെ കൊണ്ടരുമ്ന്ന്"

"രാമ ആ ചീര്‌ണി അവുത്ത്‌ക്ക്‌ വെച്ചാളാ" അബു രാമനോട്‌ പറഞ്ഞു.

"ബീരാൻ മോല്യേരെ, ദാ ചിര്‌ണ്‌ കൊണ്ടന്ന്‌ക്ക്‌ണ്‌ പാറമ്മലെ തറവാട്ട്‌ന്നാ, ഈ കുട്ടീനെ ഇങ്ങളെ ക്ലാസിൽ ഇര്‌ത്തിക്കോളി"

"രാമ, ഇജ്‌ അതങ്ങട്ട്‌ മോല്യരെ കൈകെ കൊട്‌ത്താളാ"

ബീരാൻ മുസ്ലിയാർ തന്റെ കുറ്റിതാടിയുഴിഞ്ഞ്‌ കൈയിലിരിക്കുന്ന ചൂരൽ കക്ഷത്തിൽവെച്ച്‌ സുൽത്താനോട്‌ പറഞ്ഞു "ബാ. ഇതാണ്‌ അന്റെ ക്ലാസ്‌"

"എല്ലാരും സുൽത്താനോട്‌ സെലാം പറയിം" ബീരാൻ ഉസ്താദ്‌, ചൂരൽ എടുത്ത്‌ മേശപുറത്തടിച്ചു. ആദ്യത്തെ അമ്പരപ്പ്‌ മാറിയപ്പോൾ സുൽത്താൻ പുറത്തേക്ക്‌ നോക്കി. ഉപ്പ പോയ്‌കഴിഞ്ഞിരുന്നു. ഇനി തനിയെ വീട്ടിലേക്കുള്ള വഴിയും അറിയില്ല. അല്ലെങ്കിൽ സുൽത്താനിപ്പോൾ വിടെത്തിയെനെ. ഉള്ളിൽ പതഞ്ഞുവന്ന അങ്കലാപ്പ്‌ മറി, സങ്കടകടൽ ഇരമ്പി വന്നു.

അപ്പോൾ,

"കുഞ്ഞാക്കാ, ഇങ്ങട്ട്‌ പോര്‌" എന്ന് പറഞ്ഞു, സുൽത്താന്റെ കൈപിടിച്ച്‌ ഒരുത്തി അവളുടെ അടുത്തിരിത്തി. തട്ടംകൊണ്ട്‌, പെയ്തൊഴിയാൻ വെമ്പിനിൽക്കുന്ന, സുൽത്താന്റെ മിഴികൾ തുടച്ചു.

"മദ്രസ്‌ ബിട്ടിട്ട്‌ ഞമ്മക്ക്‌ ഒപ്പം പോകട്ടോ? രാവിലെ ഞമ്മക്ക്‌ ഒപ്പം ബെര"

വടക്കെപുറത്തെ പോക്കർകാക്കന്റെ മൊഞ്ചത്തി ആയിഷയുടെ വാക്കുകളിൽ, സുൽത്താനുള്ള ധൈര്യമുണ്ടായിരുന്നു, ആവശ്യത്തിലധികം.


-

Wednesday, March 24, 2010

1 - സുൽത്താൻ വരുന്നു

"കദീശാ, കാദീശാ,,,"

അകത്ത്‌നിന്നും വെളുത്ത പ്ലേറ്റും കൈയിൽപിടിച്ച്‌, പാത്തുമ്മ താത്ത പുറത്തേക്കോടി വന്നിട്ട്‌ നീട്ടി വിളിച്ചു. പുറത്ത്‌, പശുകൾക്ക്‌ വെള്ളംകൊടുക്കുകയായിരുന്ന കദീശ എന്ന വല്ല്യക്കാരി, വിളി കേട്ടതും, കാടിവെള്ളത്തിൽമുക്കിയ കൈ വലിച്ചെടുത്ത്‌, അത്‌ ഉടുത്തിരിക്കുന്ന കാച്ചിതുണിയിൽ തുടച്ച്‌, തട്ടമെടുത്ത്‌ മുഖം തുടച്ച്‌, വിളി കേട്ടു.

"എന്താമ്മാ, ഞാൻ ഇവടെണ്ട്‌"

"ഇന്നാ, ഇജി ഇത്വായിട്ട്‌ മേം പള്ളികലെ മോല്യരെ അടുത്ത്‌ പോയ്ക്കോ. ഇന്നട്ട്‌ അയാളോട്‌ പറഞ്ഞാളാ, സഫിയാക്ക്‌ വേദന തോടങ്ങീന്ന്. ബെം ഒരു ഉറ്‌ക്ക്‌ എഴുതി തരാൻ പറി. പിഞ്ഞാണം പൊട്ടാതെ നോക്കണം. അസറിന്റെ സമയല്ലെ. മോല്യാര്‌ പള്ളിക്കെ തെന്നെ കാണും'.

കേട്ട പാതി കേൾക്കാത്ത പാതി, കദീശ പിഞ്ഞാണവും വാങ്ങി ഓടി.

"പോണെ വയ്ക്ക്‌, ഇജി ആ ഒത്താച്ചിനോട്‌ ഒന്ന് ബെരാൻ പറഞ്ഞാളാ"

"ഞാൻ പറഞ്ഞോളാ"

കയ്യാല കടന്ന് ഇടവഴിയുലൂടെ കദീശ നടന്ന് നീങ്ങീ.

"പടച്ചോനെ, മമ്പോർത്തെ തങ്ങമ്മാരെ ബർക്കത്തോണ്ട്‌, തള്ളക്കും കുട്ടിക്കും എടങ്ങേറ്‌ ഒന്നും ബെര്‌ത്തല്ലെ റബ്ബെ"

അകത്തേക്ക്‌ നടക്കുന്നതിനിടയിൽ പാത്തുമ്മ താത്ത പ്രർത്ഥിച്ചു.

പാറമ്മൽ തറവാട്ടിലെ മാളികവിട്ടിനകത്തെ, ഇരുളടഞ്ഞ മുറിയിൽ, സഫിയ പ്രസവവേദനകൊണ്ട്‌ പിടയുകയാണ്‌. തറവാട്ടിൽ ആദ്യമായി ഒരു കുഞ്ഞികാല്‌ പിറക്കുവാൻ പോകുന്നതിന്റെ സന്തോഷത്തിലാണ്‌ എല്ലാവരും.

ഒത്താച്ചി കൈജുമ്മ ഓടികിതച്ച്‌കൊണ്ട്‌ അകത്തേക്ക്‌ വന്നു.

"എവടെ ഓള്‌ കൊടക്ക്‌ണത്‌".

ഈ തറവാട്ടിലെ ആദ്യത്തെ കുട്ടിയെ തന്റെ കൈകൊണ്ട്‌ തന്നെ എടുക്കണമെന്ന ആഗ്രഹത്താലും, അതുവഴി, പാത്തുമ്മ താത്തയുടെ കോന്തലക്കൽനിന്നും ലഭിക്കുന്ന സമ്മാനത്തെയും മോഹിച്ചാണവരുടെ വരവ്‌. അല്ലെങ്കിലും എപ്പോ വന്നാലും ഇത്തിരി കഞ്ഞി എപ്പോഴും ബാക്കിയുണ്ടാവുന്ന ഈ തറവാട്ടിലെ ആദ്യത്തെ കുട്ടിയുടെ പേറെടുത്തത്‌ ഞാനാണെന്ന് പറയാൻ തന്നെ ഒരന്ധസല്ലെ.

കദീശ കൊണ്ടുവന്ന, മോല്യാർ പിഞ്ഞാണത്തിലെഴുതിയ ഉറുക്ക്‌, വെള്ളത്തിൽ കലക്കി, സഫിയ കുടിച്ചതും, അകത്തിരുന്ന് നഫീസത്ത്‌മാല ഓതികൊണ്ടിരുന്ന മൈമൂനയുടെ ശബ്ദം കൂടിയതും, പള്ളിയിൽനിന്നും മുക്രി ഹൈദ്രൂസ്‌, ബാങ്ക്‌ നീട്ടിവിളിച്ചതും എല്ലാം കഴിഞ്ഞു.

പാറമ്മൽ തറവാട്ടിന്റെ അകത്തളങ്ങളിൽ, കുഞ്ഞിനെയും കൈയിൽപിടിച്ച്‌, കിബ്‌ലക്ക്‌ തിരിഞ്ഞ്‌നിന്ന്, ഒത്താച്ചി കൈജുമ്മ കുഞ്ഞിന്റെ ചെവിയിൽ ബാങ്ക്‌കൊടുത്തു.

"പാത്തുമ്മ താത്തെ, ഇങ്ങള്‌ ഒരു വല്ല്യുമ്മ ആയിക്ക്‌ണ്‌."

കുഞ്ഞിനെയുമെടുത്ത്‌ പുറത്ത്‌കടന്ന് കൈജുമ്മ പറഞ്ഞു.

"അൽഹംദുലില്ലാഹി റബ്ബിൽ ആലമ്മീൻ"

കുഞ്ഞിന്റെ മുഖം കണ്ട്‌, അവനെ എടുക്കാൻ കൈനിട്ടിയ പാത്തുമ്മ താത്തയോട്‌ ഒത്താച്ചി പറഞ്ഞു

"കുളിപ്പിച്ചിട്ട്‌ തരാ"

തന്റെ ആദ്യത്തെ അന്തരവകാശിയെ തോട്ട്‌തലോടാനുള്ള ആവേശതിമർപ്പിലായിരുന്നു അവർ.

കോന്തലക്കൽനിന്നും കുത്തഴിച്ച്‌ അവരെടുത്തത്‌, ഒരു വെള്ളി രൂപ. അതവർ ഒത്താച്ചിക്ക്‌ നേരെ നീട്ടി

"വെം കുളിപ്പിച്ചി, ഓനീ പോരെലെ സുൽത്താനാ"


.