Monday, July 26, 2010

ബ്ലോഗ്‌കൊണ്ടുള്ള ഗുണമെന്ത്‌???

ബ്ലോഗ്‌കൊണ്ടുള്ള ഗുണമെന്ത്‌???

ബ്ലോഗ്‌കൊണ്ട്‌, ബ്ലോഗ്‌ എഴുതുന്നത്‌കൊണ്ട്‌, മറ്റുള്ളവരുടെ ബ്ലോഗ്‌ വായിക്കുന്നത്‌കൊണ്ട്‌ എന്തെങ്കിലും ഗുണമുണ്ടോ?.

സുൽത്താൻ കഥകൾക്ക്‌, ഇടവേളയിട്ട്‌, തൽക്കാലം സുൽത്താൻ ചിന്തിക്കുകയാണ്‌.

വാർത്തക്കളറിയാം, സുഹൃത്തുകളെ സമ്പാധിക്കാം, എഴുത്ത്‌ പഠിക്കാം എന്നതോക്കെയാണ്‌ ബ്ലോഗിന്റെ ഗുണം. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം, അതിലുപരി, വിലമതിക്കനാവത്ത മറ്റോരു നന്മ ബ്ലോഗ്‌ ചെയ്തിട്ടുണ്ട്‌, ചെയ്യുന്നുണ്ട്‌.

കയ്പേറിയ കുട്ടികാലവും, കാഠിന്യമുള്ള കൗമാരവും കടന്ന്, ചുട്ട്‌പൊള്ളുന്ന യൗവനം, മണൽക്കാട്ടിൽ ജീവിച്ച്‌തീർക്കുവാൻ വിധിക്കപ്പെട്ടവരിൽ ഒരാളാണ്‌ ഞാൻ.

കടൽകടന്നെത്തുന്ന, ഓർമ്മകൾക്ക്‌, പച്ചപ്പിന്റെ വർണ്ണവും, തിമർത്ത്‌ പെയ്യുന്ന മഴയുടെ കുളിരും, സ്നേഹത്തിന്റെ സുഗന്ധവും സമ്മാനിച്ചത്‌, പലരുടെയും നോസ്റ്റാൾജിക്കായ എഴുത്തുകളാണ്‌.

സെക്കന്റുകൾക്ക്‌ വിലയുള്ള നാട്ടിൽ, ജീവിതം എന്താണെന്ന് ഓർമ്മിപ്പിക്കുവാൻ, മാറാലപിടിച്ച്‌കിടന്ന ഓർമ്മകൾ തേച്ച്‌മിനുക്കുവാൻ, പലപ്പോഴും പലരുടെയും എഴുത്ത്‌ സഹായിച്ചു. അപ്പോഴാണറിയുന്നത്‌, കോട്ടും സ്യൂട്ട്‌മിട്ട്‌ നടക്കുന്ന സുൽത്താൻ, ജീവിതം റിവൈന്റ്‌ ചെയ്താൽ, നഗ്നപാദനായി ചെന്നെത്തുന്നത്‌, ഓലകുടിലിന്റെ മുറ്റത്താണെന്ന്.

മനപൂർവ്വമല്ലെങ്കിലും മറന്ന്‌പോവരുതായിരുന്ന പലരുടെയും മുഖം, വ്യക്തമാവുന്നത്‌ അങ്ങിനെയാണ്‌. കടപ്പാടുകൾക്ക്‌ പകരം നന്ദിവാക്ക്‌ മതിയാവില്ല പലരോടും. എത്ര തന്നു എന്ന പല്ലവിയായിരുന്നില്ല പിന്നിട്‌ അളവ്‌ കോൽ. എങ്ങിനെ തന്നു എന്നതായിരുന്നു.

തിരിഞ്ഞ്‌ നടക്കുകയാണ്‌ സുൽത്താൻ. ഇന്നലെകളിലൂടെ തിരിച്ച്‌ എന്റെ തുടക്കത്തിലേക്ക്‌.

ജീവിതത്തിൽ വിജയിച്ചുവോ? എന്താണ്‌ വിജയത്തിന്റെ മാനദണ്ഡം?. വെട്ടിപിടിച്ച സാമ്രജ്യങ്ങളോ, കൂട്ടിയിട്ടിരിക്കുന്ന ബാങ്ക്‌ ബാലൻസോ?.

അറിയില്ല, ഒന്നുമറിയില്ല.

സ്നേഹിച്ചവരോട്‌, സഹായിച്ചവരോട്‌, നീതിപുലർത്തിയോ?. പൂർണ്ണമെന്ന് അവകാശപ്പെടാനില്ല. മുറിവുകൾ പലയിടത്തുമുണ്ട്‌.

പൊതുവെ, സൗഹൃദം കുറവാണെനിക്ക്‌. കിട്ടിയവരെ മതിമറന്ന്‌ സ്നേഹിച്ചു. തിരിച്ച്‌കിട്ടിയത്‌ കൊടുത്തതായിരുന്നില്ല. അത്‌കൊണ്ട്‌ തന്നെ, ഏല്ലാവരോടും ഒരകലം സൂക്ഷിക്കുന്നു. സേഫ്‌ സോൺ.

മകൻ എന്ന നിലയിലുള്ള കടമയാണ്‌ ആദ്യം ചെയ്യേണ്ടത്‌. അതും പൂർണ്ണമാണ്‌ എന്ന് അവകാശവാദമില്ല. ഉമ്മയെയും ഉപ്പയെയും സ്നേഹിച്ചിട്ടുണ്ട്‌. സ്നേഹിക്കുന്നുമുണ്ട്‌. എങ്കിലും, ഞാൻ എന്റെ മക്കളിൽനിന്നും പ്രതീക്ഷിക്കുന്ന പലതും, എനിക്ക്‌ എന്റെ മതാപിതക്കൾക്ക്‌ നൽക്കുവാൻ കഴിഞ്ഞില്ലല്ലോ.

കഷ്ടപ്പെട്ട്‌ അവരെന്നെ വളർത്തിയത്‌, ഞാൻ സാഹായിക്കും എന്ന് കരുതിയല്ല തീർച്ച. കാരണം എന്നെ എന്റെ മകൻ സഹായിക്കുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷെ, അവർക്ക്‌ ഒരു താങ്ങ്‌, ഒരു കൈ ആവശ്യമായ സമയത്ത്‌ അത്‌ നൽകിയോ?. ഉണ്ടെന്നും ഇല്ലെന്നും പറയാനാവില്ല. കുറ്റബോധമുണ്ട്‌. അവരുടെ ആവശ്യങ്ങളെ നിരാകരിച്ചിട്ടില്ല. വേദനിപ്പിച്ചിട്ടുമില്ല. അത്രയും അശ്വസിക്കാം. അതിനപ്പുറത്തേക്ക്‌ കടക്കുവാൻ എനിക്കായില്ലെന്നത്‌ സത്യം.

എനിക്ക്‌ ചുറ്റും മതിൽതീർത്ത്‌ എന്നെ സംരക്ഷിച്ചവരുണ്ട്‌. ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞവരുണ്ട്‌. പരാതി ആരോടുമില്ല.

ദൈവാനുഗ്രഹത്താൽ, അഗ്രഹിച്ചതിനപ്പുറത്താണ്‌ ജീവിതം. ഇനിയും എത്തിപിടിക്കുവാൻ ഒന്നുമില്ല. കരകാണതെ ഇത്രയും നീന്തിയതെന്തിനെന്ന ചോദ്യം, ഈ തുരുത്തിലിരുന്ന് ചോദിച്ചാൽ, ഉത്തരം അറിയില്ലെന്ന് മാത്രം. പക്ഷെ, നിരാശബോധമില്ല.

നഷ്ടപ്പെട്ടത്‌, ഇന്നും നഷ്ടമായി തോന്നുന്നത്‌, നെമ്പരമായി തളർത്തുന്നത്‌, പിരിയില്ലെന്ന് വാക്ക്‌ തന്നവളെ പിരിഞ്ഞതാണ്‌. തന്റേടത്തോടെ പിടിച്ചിറക്കുവാൻ മാത്രം തന്റേടം അന്ന് കൈയിലില്ലായിരുന്നു. കൈയിൽ വന്നപ്പോഴെക്കും അവൾ അകന്നിരുന്നു, ഒരുപാട്‌. കണ്മുന്നിൽ അവൾ ജീവിക്കുന്നുന്നത്‌ കാണുമ്പോൾ, സഹായിക്കുവാൻ ശ്രമിച്ചെങ്കിലും, ആരോ തടയുന്നപോലെ. വർഷങ്ങൾക്ക്‌ ശേഷം കണ്ട്‌മുട്ടിയപ്പോഴും, വേദനകടിച്ചമർത്തി, പുഞ്ചിരിക്കാൻ ശ്രമിച്ച്‌കൊണ്ടവൾ ചോദിച്ചത്‌, "സുഖമാണോ" എന്ന് മാത്രം. ശിഷ്ടജീവിതത്തിലും എന്റെ സ്നേഹം അവൾക്ക്‌ ഭാരമാവുന്നു എന്നറിഞ്ഞപ്പോൾ, വലിച്ചിറക്കികൊണ്ട്‌വരുവാൻ ശ്രമിച്ചതാണ്‌ ഞാൻ. ബന്ധങ്ങൾ ബന്ധനങ്ങളായി കാലിൽ തടഞ്ഞു. കുട്ടികളുടെ ഭാവിയെന്തെന്ന ചോദ്യചിഹ്നമായി സമൂഹം. മറ്റോരാളുടെ ഭാര്യയെന്ന് മതം കണ്ണുരുട്ടി. മണ്ണങ്കട്ട. കടിച്ചമർത്തിയ എന്റെ വേദനയറിയാത്ത ദൈവത്തെ കല്ലെടുത്തെറിഞ്ഞു. വിഗ്രഹങ്ങൾ പലതും തല്ലിതകർത്തു.

വിങ്ങുന്ന വേദന അത്‌ മാത്രം. കൈവിട്ട്‌പോയത്‌, സഹോദരങ്ങളെ സ്നേഹിച്ചത്‌കൊണ്ടാണോ?. കുടുംബത്തിന്റെ ഭാരം തലയിലായത്‌കൊണ്ടാണോ? ആശ്വസിക്കുവാൻ വഴിയുണ്ട്‌. പക്ഷെ, തീയണയ്ക്കുവാൻ പര്യപ്തമല്ലത്‌.

ഏല്ലാം അറിഞ്ഞും, നല്ലപാതി സഹിച്ചു. ഒരുപാട്‌. ആ ക്ഷമ കാണുമ്പോൾ വീണ്ടും പ്രക്ഷുബ്ദമാവുന്നു മനസ്സ്‌. സാരല്ല്യട്ടോ എന്നവൾ ആശ്വസിപ്പിക്കുന്നു. മതിയാവില്ലല്ലോ ആ വാക്കും എന്റെ നെഞ്ചിലെ കനലടങ്ങാൻ.

ഊതികാച്ചിയ പൊന്ന്‌പോലെ മനസ്സിൽ മിന്നിതിളങ്ങുന്നവൾക്ക്,
കാലം മയ്‌കാത്ത കനൽകട്ടകൾ മനസ്സിൽ കോരിയിട്ടവൾക്ക്.
കടമകളും കർത്തവ്യങ്ങളും ഒരിക്കലും മറക്കരുതെന്നും,
കുടുംബബന്ധങ്ങൾ ഒരിക്കലും അറ്റുപോവരുതെന്നും സത്യം ചെയ്യിപ്പിച്ചവൾക്ക്,
കൂടെ, എല്ലാം സഹിച്ചും കൂടെനിന്ന് എന്നെ ശകാരിക്കുകയും, ശാസിക്കുകയും ചെയ്ത പ്രിയ സുഹൃത്തുകൾക്ക്,
നേർവഴിയെ നടത്തിയവർക്ക്,
പ്രിയരെ നിങ്ങൾക്കും.


-----------
കാട്‌ കയറുന്നു ഞാൻ. എന്തോക്കെയോ കുത്തികുറിച്ചു. അടുക്കും ചിട്ടയുമില്ല ഒന്നിനും. ക്ഷമിക്കുക. പറയാൻ വന്നത്‌,

പന്ത്രണ്ട്‌ വർഷത്തോളം, പിണങ്ങികഴിഞ്ഞിരുന്ന ഒരു സുഹൃത്തിനെ ഞാൻ ഓർമ്മിച്ചെടുത്തു. ഒരുപാട്‌ നല്ല സഹായങ്ങൾ ചെയ്തുതന്നിരുന്നു നാസർ. ജീവിതത്തിൽ എന്റെ വിജയത്തിന്‌ അവനും കാരണകാരനാണ്‌ എന്നത്‌ സത്യം. പക്ഷെ, ഇടക്കെപ്പോഴോ, ഞങ്ങൾ പിണങ്ങി പിരിഞ്ഞു. വർഷങ്ങൾ പലതും വേണ്ടിവന്നു എനിക്ക്‌ തിരിച്ച്‌ നടക്കുവാൻ. ആ യാത്രയിലാണ്‌ ഞാൻ നാസറിനെ വീണ്ടും കാണുന്നത്‌. ഞങ്ങളുടെ ഇണക്കവും പിണക്കവും സ്വതന്ത്രമായി ചിന്തിക്കുവാൻ മനസ്സ്‌ പാകമായികഴിഞ്ഞിരുന്നു. സഹായങ്ങൾ മാത്രം ചെയ്ത അവനെ വെറുക്കുവാനുള്ള കാരണം, തെറ്റ്‌ എന്റെതാണെന്ന് തിരിച്ചറിഞ്ഞ നിമിഷം, ഞാൻ വിളിച്ചു. മാപ്പപേക്ഷിച്ചു. ഞങ്ങൾക്കിടയിലെ വിടവ്‌ നികത്തുവാൻ സമയമെടുക്കും എങ്കിലും മഞ്ഞുരുക്കി. മാനം തെളിഞ്ഞു.

സുഹൃത്തെ, ചിന്തിക്കുക. നൈമിഷികമാണീ ജന്മം. നിമിഷനേരംകൊണ്ട്‌ എരിഞ്ഞടങ്ങാവുന്ന ജന്മം. പകയും വിദ്വേഷവും ആരോട്‌? എന്തിന്‌?.

ജീവിതത്തെ റിവൈൻഡ്‌ ചെയ്ത്‌ പ്ലേ ചെയ്യൂ. കടന്ന്‌വന്ന വഴികളിലെ വേറിട്ട മുഖങ്ങൾ, തങ്ങായിനിന്ന കൈകൾ, പരിമളം പരത്തുന്ന സൗഹൃദത്തിന്റെ വാടമലരുകൾ, അങ്ങനെ ഓർമ്മകളിൽ മാഞ്ഞ്‌തുടങ്ങിയ നിങ്ങളെ, യതാർത്ഥ നിങ്ങളെ തിരിച്ചറിയൂ.

കാലം മായ്കാത്ത കാൽപ്പാടുകളിലൂടെ ഒരിക്കലെങ്കിലും തിരിഞ്ഞ്‌നടക്കുക. നാം ആരാണെന്ന് നാമറിയുന്നു.

മാപ്പ്‌ ചോദിക്കുവാൻ, ചോദിക്കുന്ന ഒരു നിമിഷത്തെ മാത്രം അഭിമുഖികരിച്ചാൽ മതി. ആ ഒരു നിമിഷത്തെ തരണംചെയ്യുവാനായാൽ, ജീവിതം വിജയപൂർണ്ണമാവുന്നു. സംതൃപ്തമാവുന്നു.

---------
നോസ്റ്റാൾജിക്കായ പല പോസ്റ്റുകളിലും ഞാൻ എന്നെ തിരിച്ചറിയുന്നു.

പല പോസ്റ്റുകളും എന്നെ കൈപിടിച്ച്‌കൊണ്ട്‌പോയത്‌, എന്റെ കുട്ടികാലത്തിലേക്കായിരുന്നു. ചിത്രങ്ങൾ കൂടുതൽ തെളിമയോടെ എന്റെ മുന്നിലേക്കെത്തിച്ചത്‌, നിങ്ങളിൽ ചിലരായിരുന്നു. ഞാൻ ആരാണെന്ന്, എന്റെ യാത്ര തുടങ്ങിയതെവിടെനിന്നെന്ന്, തിരിച്ചറിഞ്ഞ ആ നിമിഷം. മറ്റെല്ലാം എന്റെ സൃഷ്ടികളായിരുന്നു എന്ന് ഞാനറിയുന്നു. നന്മയും തിന്മയും, സുഖവും ദുഖവും, സങ്കടവും സന്താപവും, എല്ലാം എന്റെ സൃഷ്ടികൾ മാത്രമാണ്‌.

ബ്ലോഗ്‌കൊണ്ട്‌ എനിക്ക്‌ കിട്ടിയ ഏറ്റവും വലിയ ഒരു ഗുണമായി ഞാൻ ഈ തിരിച്ച്‌നടത്തത്തെ (Reverse Journey of mind) കാണുന്നു. അറിയാതെയെങ്കിലും അതിനു സഹായിച്ചവർക്ക്‌ നന്ദി.

സുൽത്താൻ ആരാണെന്ന് ആകാംക്ഷയോടെ ചോദിക്കുന്നു പലരും. ഇതാണ്‌ സുൽത്താൻ, ഇത്‌ മാത്രമാണ്‌ സുൽത്താൻ.

(പോസ്റ്റ്‌ ചെയ്യണമോ എന്ന് പലവുരു ചിന്തിച്ചു, ഇരിക്കട്ടെ എന്റെ നൊമ്പരങ്ങളും, പച്ചയായ ഞാനും)


..

.

19 comments:

Sulthan | സുൽത്താൻ said...

ബ്ലോഗ്‌കൊണ്ട്‌, ബ്ലോഗ്‌ എഴുതുന്നത്‌കൊണ്ട്‌, മറ്റുള്ളവരുടെ ബ്ലോഗ്‌ വായിക്കുന്നത്‌കൊണ്ട്‌ എന്തെങ്കിലും ഗുണമുണ്ടോ?.

.

shajiqatar said...

സുല്‍ത്താന്‍ നന്നായിട്ടുണ്ട് എഴുത്ത്.എന്നെ സംബന്ധിച്ച് ഗള്‍ഫിലെ വരണ്ട ജീവിതത്തിനിടയില്‍ ബ്ലോഗ് വായന ഒരു ആശ്വാസമാണ്.കുറെ കൊല്ലങ്ങള്‍ മുടങ്ങി കിടന്ന വായന ബ്ലോഗിലെങ്കിലും തുടരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

സുല്‍ത്താന്‍ താങ്കള്‍ എഴുതുക,വായിക്കുക, ആശംസകള്‍ നേരുന്നു.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

നല്ല ചിന്തകള്‍

jayanEvoor said...

സുൽത്താൻ....
ഹൃദയഹാരിയായ കുറിപ്പ്.
താങ്കൾ ആരായായാലും ശരി എഴുത്തിലൂടെ ഞങ്ങളുടെ ഹൃദയം കവർന്നു.
അത് തുടരൂ!
ആശംസകൾ!

രസികന്‍ said...

സുല്‍ത്താന്‍ :- നല്ല എഴുത്ത് ... തുടരുക ... തുടരുക വീണ്ടും തുടരുക... എന്നുമാത്രമെ പറയാനുള്ളു ആശംസകള്‍

അലി said...

എഴുത്ത് തുടരട്ടെ.
ആ‍ശംസകൾ?

A.FAISAL said...

ഞങ്ങൾക്കിടയിലെ വിടവ്‌ നികത്തുവാൻ സമയമെടുക്കും..!
എന്നെയും ഇതെന്തോ ഓര്‍മപ്പെടുത്തി..
നന്ദി സുല്‍ത്താന്‍.
എഴുതുക..!! വീണ്ടും വീണ്ടും എഴുതുക.

Sulthan | സുൽത്താൻ said...

പച്ചയായ സുൽത്താന്റെ ജീവിതം കാണുവനെത്തിയവർക്ക്‌, നന്ദി.

പ്രോൽസാഹനങ്ങൾക്കും, സഹായങ്ങൾക്കും നന്ദി.

ഷാജി ഖത്തർ,
പ്രദീപ്‌ പേരശ്ശന്നുർ,
ജയേട്ടൻ,
രസികൻ,
അലി ഭായ്‌,

ഭയത്തോടെയാണ്‌ പോസ്റ്റിയത്‌. അടുക്കും ചിട്ടയുമില്ലാത്ത വികലമായ ചിന്തകളോട്‌, വായനക്കാരൻ എങ്ങനെ പ്രതികരിക്കുമെന്ന് നിശ്ചയമില്ലായിരുന്നു.

നന്ദി, നന്ദി, നന്ദി.

ഫൈസൽ,

ക്ഷമിക്കുവാനും പൊറുക്കുവാനും പഠിക്കുക. ആദ്യം നമ്മോട്‌ തന്നെ മാപ്പ്‌ ചോദിക്കുക. ജീവിതം ഊതിവീർപ്പിച്ച നീർകുമിളയാണ്‌. ഇല്ലാത്ത വലുപ്പവും ഭാവവും അത്‌ കാണിക്കുന്നു.

നന്മകൾ നേരുന്നു.
.

അനില്‍കുമാര്‍. സി.പി. said...

മനസ്സില്‍ തൊടുന്ന എഴുത്ത്, ഇനിയും എഴുതൂ. ആശംസകള്‍.

യൂസുഫ്പ said...

മനസ്സ് അസ്വസ്ഥമാണല്ലോ സഹോദരാ. നല്ലതിനെ ഉൾകൊണ്ട് മുന്നോട്ട് പോകുക. ദൈവം നന്മ ഏകട്ടെ.

Sulthan | സുൽത്താൻ said...

യൂസുഫ് ഭായ്,

നന്ദി നല്ല വാക്കുകള്‍ക്ക്.

മനസ്സ് അസ്വസ്ഥമാണെന്നത് സത്യം.
നന്മയോടെ ചിന്തിക്കുന്നത്‌കൊണ്ടാവണം, ആരെയും വേദനിപ്പിക്കുവാന്‍ കഴിയുന്നില്ല.
അതാണെന്റെ വേദനയും.

സന്ദര്‍ശനത്തിന് നന്ദി.

ഹംസ said...

സുല്‍ത്താന്‍ ആരെന്നറിയാന്‍ ഒരു ആകാംക്ഷ മനസ്സിലുണ്ടായിരുന്നു. ..

സുല്‍ത്താന്‍ കഥകളില്‍ നിന്നും വേറിട്ട് സുല്‍ത്താന്‍റെ വര്‍ത്തമനകാലം എഴുതിയപ്പോള്‍ സുല്‍ത്താന്‍റെ ഒരു രൂപം മനസ്സില്‍ കുറിക്കാന്‍ കഴിഞ്ഞു.

എഴുത്തെല്ലാം ഇഷ്ടപ്പെട്ടു. എന്തോ ഒരു വാക്ക് എനിക്കിഷ്ടമായില്ല.

കടിച്ചമർത്തിയ എന്റെ വേദനയറിയാത്ത ദൈവത്തെ കല്ലെടുത്തെറിഞ്ഞു.

വേദനകള്‍ കൂടി ഉണ്ടാവുമ്പോഴല്ലെ സുല്‍ത്താനെ ജീവിതം ജീവിതമാവുന്നുള്ളൂ.. താന്‍ മോഹിച്ചതെല്ലാം നല്‍കിയാലെ ദൈവത്തെ ഇഷ്ടപ്പെടൂ എന്ന് വാശിപിടിക്കാന്‍ പറ്റുമോ?

Sulthan | സുൽത്താൻ said...

ഹംസക്കാ,

പതിനാല്‌ വർഷംമുൻപ്‌ ഞാൻ എന്റെത്‌ മാത്രമാണെന്ന് വിശ്വസിച്ച്‌, ആശ്വസിച്ച്‌, സ്വപ്നംകണ്ടിരുന്നവൾ എനിക്ക്‌ നഷ്ടപ്പെട്ടപ്പോൾ, അതിനും എട്ട്‌ വർഷം മുൻപ്‌, ഞങ്ങൾ ഒരുമിച്ച്‌ പണിത കിനാവുകൾ, ചീട്ട്‌കൊട്ടാരംപോലെ, തകർന്നടിഞ്ഞ്‌, കാലിനടിയിൽകിടക്കുമ്പോൾ, ഒരോ വർഷവും, തമ്മിൽ കഴിവതും കാണതിരിക്കുവാൻ ശ്രമിച്ചിട്ടും, വിധി തമ്മിൽ കുട്ടിമുട്ടിക്കുന്നവർ. മരുഭൂമിയിലെ ഉരുകുന്ന ചൂടിൽ എല്ലാം മറന്നുറങ്ങുമ്പോഴും, എത്ര ശ്രമിച്ചാലും പതിരാവിന്റെ മറവിൽ, ഒളിച്ച്‌വന്നെന്റെ മാറിലമരുന്നവൾ. പിടിച്ചിറക്കാനും, പിടിച്ച്‌കെട്ടാനും ശ്രമിച്ചു. നടക്കുന്നില്ലല്ലോ.

അമൂല്യമായതെല്ലാം തരുവാൻ തയ്യറായവളെ, പളുങ്ക്‌പാത്രം തല്ലിയുടക്കാമായിരുന്നിട്ടും, ശ്രമിച്ചില്ല, കഴിഞ്ഞില്ല. ഒരുമിച്ചുണ്ടും, ഉറങ്ങിയും വർഷങ്ങൾ ഞങ്ങൾക്ക്‌ കുട്ടിനുണ്ടായിരുന്നു. അന്ന് സ്നേഹത്തോടെ അവളുടെ ആവശ്യങ്ങളെ നിരസിക്കുമ്പോൽ തോന്നിയ വികാരമെന്ത്‌, അറിയില്ല. ഒന്നറിയാം, കൊടമഞ്ഞിന്റെ കുളിരുള്ള രാത്രികൾക്ക്‌, വീശിയടിക്കുന്ന വയനാടൻ കാറ്റുകൾക്ക്‌, ഞങ്ങളെ തോൽപ്പിക്കാനായില്ലെന്ന്.

മനസ്സ്‌ വിളറിപിടിച്ചോടുമ്പോഴും, ആശ്വാസത്തിന്റെ കടിഞ്ഞാൻ അതാണ്‌.

പിന്നെ, ദൈവം, എന്റെ മോഹങ്ങൾക്കും, പ്രാർത്ഥനകൾക്കും മുഴുവൻ പിന്തുണ നൽകിയിട്ടുണ്ടെന്റെ നാഥൻ. ജീവിതം കൈവിട്ട്‌പോയ സന്ദർഭത്തിലും, തുണയായി, സഹായവുമായി എന്റെ നാഥൻ കൂടെയുണ്ടായിരുന്നു.

പക്ഷെ, എന്തോ, ഈ കാര്യം മാത്രം, ഇത്‌ മാത്രം പലവുരുചോദിദിച്ചിട്ടും ഉത്തരം നൽകിയില്ല. അല്ലെന്നോ ഇല്ലെന്നോ പറഞ്ഞില്ല.

നഷ്ടപ്പെട്ട്‌പോയ വെറുമൊരു പ്രോമത്തിന്റെ ഇതളല്ല എനിക്കവൾ. അദ്യാനുരാഗത്തിന്റെ നിർവൃതിയിൽ, എല്ലാംസമർപ്പിച്ചവളുമല്ല. എന്നിട്ടും ഓർമ്മകളുടെ ചെപ്പിൽ അവൾ ഒളിഞ്ഞിരിക്കുന്നതെന്തെ എന്നതിനുത്തരം, സിമ്പിൾ.

കൂട്ടും കുടുംബവും വലിച്ചെറിഞ്ഞ്‌, എല്ലാബന്ധനങ്ങളെയും പൊട്ടിച്ചെറിഞ്ഞ്‌, അവൾ വരും. ഞാൻ ഒന്ന് മൂളിയാൽ മതി. പക്ഷെ, അതിനുള്ള ശക്തി മാത്രം, ദൈവം തന്നില്ല, തരുന്നില്ല. എന്തിന്‌, മനസ്സ്‌ തുറന്ന് സംസാരിക്കുവാൻ പോലും കഴിയുന്നില്ല. വർഷം 14 കഴിഞ്ഞെങ്കിലും, വികാരവിക്ഷുബ്ദമായ അവളുടെ കൊഞ്ചലുകൾ മാത്രം, ഇന്നും കതോരത്തുണ്ട്‌. കൈയകലത്തിൽ അദൃശ്യയായി അവളും.

(ദ്രാന്തനാണോ ഞാൻ. മനസ്സ്‌ തുറന്നെഴുതാൻ കഴിയുന്നു. സമാനചിന്തകളും, വിഷമങ്ങളും പങ്ക്‌വെക്കുന്ന ബൂലോക സുഹൃത്തുകളെ, കിനാവും കണ്ണിരും കൈമുതലായുള്ളവന്റെ ഭ്രന്തൻ ജൽപനങ്ങളായി കണ്ട്‌ ക്ഷമിക്കുക)

ഒരു കിടിലൻ പോസ്റ്റിനുള്ള വകുപ്പാണ്‌ ഹംസാക്കാ, ചുളുവിൽ നിങ്ങൾ ചുരണ്ടിയെടുത്തത്‌. ഞാൻ പൊറുക്കില്ലട്ടോ.

.

Manoraj said...

സുൽത്താൻ മനസ്സിൽ നിന്നും പറിച്ചെടുത്ത കുറിപ്പ് തന്നെയിത്. ഹൃദയത്തെ വല്ലാതെ സ്പർശിക്കുന്നു ഇത്. തീർച്ചയായും ഒട്ടേറെ സഔഹൃദങ്ങളും ഒട്ടേറെ പഴയ ഓർമ്മകളും നമുക്ക് തിരിച്ച് കിട്ടുന്നു ബ്ലോഗിലൂടെ. തിരിച്ച് നടത്തം നന്നായി..

sm sadique said...

ഓർമ്മകൾ തേച്ച്‌മിനുക്കുവാൻ, പലപ്പോഴും പലരുടെയും എഴുത്ത്‌ സഹായിച്ചു. അപ്പോഴാണറിയുന്നത്‌, കോട്ടും സ്യൂട്ട്‌മിട്ട്‌ നടക്കുന്ന സുൽത്താൻ, ജീവിതം റിവൈന്റ്‌ ചെയ്താൽ, നഗ്നപാദനായി ചെന്നെത്തുന്നത്‌, ഓലകുടിലിന്റെ മുറ്റത്താണെന്ന്.
ചില സത്യങ്ങൾ .
ചില സങ്കടങ്ങൾ.
മനസ്സ് കലങ്ങി.
നിർത്തണ്ടാ…….
തുടരു….

Sulthan | സുൽത്താൻ said...

ഒരു വിഡിയോ ആഡ് ചെയ്തു.

ബാപ്പു | Bappu said...

തീവ്രമായ ഒരു പ്രണയത്തിന്റെ നൊമ്പരങ്ങൾ അതെപടി വരച്ചിട്ടല്ലോ സുൽത്താനെ.

ചില വരികളിൽ, വാക്കുകളിൽ ചോരയുടെ മണമുണ്ട്. നഗ്നയാദാർത്ഥ്യങ്ങളുടെ നേർകാഴ്ചയും.
അടുക്കുംചിട്ടയുമില്ലെങ്കിലും, വരികളിൽ അപൂർണമെങ്കിലും, പ്രിയസഖിയുടെ ചിത്രം, വളരെ വ്യക്തമാണ്‌. സമാനതകളില്ലാത്ത പ്രണയത്തിന്റെ നോവും വ്യക്തം.

വീശിയടിക്കുന്ന കൊടുങ്കാറ്റ് പോലെ, ആർത്തലച്ച്‌വരുന്ന തിരമാല പോലെ, വാക്കുകൾ വല്ലാതെ വേദനിപ്പിക്കുന്നു സുൽത്താൻ.

ഇത്തരം ഒരു ഘട്ടത്തിലൂടെ കടന്ന്‌വന്നവനാ ഞാനും, പക്ഷെ വഴിയിലെവിടെയോ കൈമോശം വന്നു എന്റെ വിവേകം. അത്‌കൊണ്ട് തന്നെ, പറയാതെ പറഞ്ഞ ഈ നൊമ്പരങ്ങളുടെ ആഴം എനിക്ക് തിരിച്ചറിയാനാവുന്നു. സുൽത്താന്റെ മനസ്സ് എനിക്ക് ശരിക്കും കാണുവാൻ കഴിയുന്നു (അൽപ്പം ഭയവും)

പ്രാർത്ഥിക്കുക, ക്ഷമയോടെ ജീവിതത്തെ നേരിടുക. മനസാനിധ്യം ഒരിക്കലും കൈവിടരുത്.

നന്മകൾ നേരുന്നു.

(ഇത്തരം കാര്യങ്ങൾ ബ്ലോഗിലൂടെ തുറന്ന്‌പറയുന്നത് ശരിയാണോ?. ചിന്തിക്കുക)

വെഞ്ഞാറന്‍ said...

അല്ല മാഷേ, സങ്കടപ്പെടുത്തിയേ അടങ്ങൂ ല്ലേ?

Jishad Cronic™ said...

ഹൃദയത്തെ വല്ലാതെ സ്പർശിക്കുന്നു ഇത്.