Tuesday, April 13, 2010

6 - അവധികാലം

എഴാം ക്ലാസ്‌ പരീക്ഷ കഴിഞ്ഞ്‌, സ്കൂൾ വേക്കേഷന്റെ ഒരു മാസകാലം. അന്നും ഇന്നും കുട്ടികളുടെ ഉത്സവ നാളുകളാണ്‌ അവധികാലം.

രാവിലെ, തകാളിപെട്ടിയിൽ, നാലഞ്ച്‌ കുഞ്ഞുഭരണികൾ നിറയെ മിഠായികളുമായി, വീട്ടിനടുത്തുള്ള ഇടവഴിയിൽ, ഹാജിയരുടെ പറമ്പിൽ, ഇന്തോലകൾകൊണ്ട്‌ നിർമ്മിച്ച തന്റെ കടയിലേക്ക്‌ പോവുകയാണ്‌ സുൽത്താൻ.

ശീമകൊന്നയുടെ നാല്‌ കാലിൽ, സുൽത്താനിരിക്കാൻ മാത്രം വലിപ്പത്തിൽ നിർമ്മിച്ച കട. അതിനകത്ത്‌, ചാക്ക്‌ വിരിച്ച്‌ സുൽത്താനിരിക്കും. മുന്നിൽ, നാലോ അഞ്ചോ കുഞ്ഞു ഭരണികൾ നിറയെ പലതരത്തിലും നിറത്തിലുമുള്ള മിഠായികളുണ്ടാവും. അഞ്ച്‌ പൈസ, പത്ത്‌ പൈസ മിഠായികൾ. ഇടവഴിയിലൂടെ കടന്ന് വരുന്നവരെ പ്രതീക്ഷയോടെ നോക്കിനിൽക്കും സുൽത്താൻ. അവർ കടന്ന് പോയാൽ അടുത്ത കാലോച്ച കാതോർത്ത്‌ വീണ്ടും കാത്തിരിപ്പ്‌.

രാവിലെയും വൈകുന്നേരവും, സഹപാഠികളും, അയൽപക്കത്തുള്ളവരുമായ ഒരു കൂട്ടം തന്നെ അവിടെ സമ്മേളിക്കും. പിന്നെ കളിയാണ്‌. ഗ്രൂപ്പ്‌ തിരിഞ്ഞും ഒറ്റക്കും, എല്ലാവരും ഹാജിയാരുടെ പറമ്പ്‌ കളികളമാക്കി മാറ്റും. ഇതിനിടയിൽ, അടിയും ഇടിയും ആവോളം നടന്നിട്ടുണ്ടാവും. വെകുന്നേരമാകുമ്പോൾ മൊത്തം കച്ചവടം രണ്ട്‌ രൂപ കടന്നാലായി. പെട്ടിയും ചാക്കും തലയിലേറ്റി തിരിച്ച്‌ വീട്ടിലേക്ക്‌. അപ്പോഴെക്കും അരി വരുത്തതും ഒരു ചെറിയ കഷ്ണം ശർക്കരയും കട്ടൻ ചായയും തയ്യറാക്കി ഇമ്മുട്ടി കാത്തിരിക്കും. അതും കഴിച്ച്‌, വീണ്ടും ഓടും, സ്കൂൾ ഗ്രൗണ്ടിലേക്ക്‌.

ആ പ്രദേശത്തെ, മുതിർന്ന 10-14 ആളുകൾ ഫുട്ട്‌ബോൾ കളിക്കുന്നുണ്ടാവും. അവരുടെ എണ്ണം തികഞ്ഞില്ലെങ്കിൽ, ആദ്യം വരുന്നവന്‌ നറുക്ക്‌ വീഴും, മിക്കവാറും ഗോളിയായിട്ട്‌. പക്ഷെ സുൽത്താൻ എപ്പോഴും വൈക്കുന്നത്‌ കാരണം, ഗോളിയുടെ ബാക്കിൽ, ഗോളികിപ്പറായാണ്‌ സ്ഥാനം. മുതിർന്ന ചേട്ടന്മർ അടിച്ച്‌വിടുന്ന പന്തിനു പിന്നാലെ, പറപുറത്ത്‌കൂടെ, ഒരു പട തന്നെയുണ്ടാവും.

സുൽത്താന്റെ വീട്ടിനടുത്തുള്ള വലിയ പറമ്പ്‌, കുട്ട്യാലി ഹാജിയുടെതാണ്‌. അറിയപ്പെടുന്ന പണക്കാരൻ. മക്കയിൽ പോയി ഹജ്ജ്‌ ചെയ്യുവാൻ ഭാഗ്യം ലഭിച്ചവൻ. ഹാജിയാരുടെ, പാറപോലെയുള്ള മണ്ണിൽ, അബു കപ്പയും വാഴയും കൃഷി ചെയ്തു. ചക്കയും ചക്ക കുരുവും കറി വെച്ചു. അങ്ങിനെയിരിക്കവെ, അബുവിന്‌ അസുഖം ബാധിച്ച്‌ ഒരാഴ്ച കിടപ്പിലായി. കഞ്ഞിയും, കപ്പയും, ചക്കയുമായി തുടങ്ങിയ ആഴ്ച അവസാനിക്കുമ്പോൾ, അടുകളയിൽ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. അപ്പോഴാണ്‌, സുൽത്താന്റെ അമ്മായി, മാളു എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന പാത്തുമ്മ കിഴിശ്ശേരിയിൽനിന്നും വരുന്നത്‌. തലയിൽ ഒരു സഞ്ചിയുണ്ട്‌. കൈയിൽ മറ്റോരു സഞ്ചിയും. അമ്മായിയെ ദൂരെന്ന് കണ്ടതും സുൽത്താൻ, "ഇമ്മാ, മാളു അമ്മായി വെരണ്‌ണ്ട്‌" എന്ന് പറഞ്ഞു ഓടിപോയി. അമ്മായിയുടെ കൈയിൽനിന്നും ഒരു സഞ്ചിവാങ്ങി തലയിവെച്ചു.

"മാളൂ, കേറി ഇരിക്ക്‌ണീ" എന്ന് പറഞ്ഞ്‌, ഇമ്മുട്ടി അമ്മായിയെ അകത്തേക്ക്‌ ക്ഷണിച്ചു.

"ദാ, താത്തെ, ഇത്‌ ഇട്‌ത്ത്‌വെച്ചാളീ" എന്ന് പറഞ്ഞ്‌ അമ്മായി രണ്ട്‌ സഞ്ചിയും ഇമ്മുട്ടിയെ എൽപ്പിക്കുന്നു. "എന്താത്‌, ഇജി എന്ത കെട്ടിവലിച്ച്‌ കൊണ്ടന്നത്‌" എന്ന് പറഞ്ഞ്‌ സഞ്ചി തുറന്ന ഇമ്മുട്ടി ഒരു നിമിഷം അൽഭുതപ്പെട്ടു. രണ്ടിറ്റ്‌ കണ്ണുനീർ സഞ്ചിയിലേക്ക്‌ വീണു.

"എന്തിനാ മാളൂ, ഈ അരിയും താങ്ങിപിടിച്ച്‌കൊണ്ട്‌ വന്നത്‌"

"ഇങ്ങള്‌ അത്‌ ഔത്ത്‌ക്ക്‌ വെച്ചാളീ, റേഷൻപീട്യേന്ന് വാങ്ങീതാ"

കിഴിശ്ശേരിയിലെ റേഷൻ കടയിൽനിന്നും അരി വാങ്ങി, അതുമാതി സുൽത്താന്റെ വീട്‌ വരെയെത്തുവാൻ മാളു വളരെയധികം കഷ്ടപ്പെടും. ബസ്സിറങ്ങി, വയലിലൂടെയുള്ള പഞ്ചയത്ത്‌ റോഡ്‌ വഴി 2 കിലോമിറ്ററിലധികം നടന്ന്, ഇടവഴികൾ താണ്ടി, ഇത്രയും സാധനങ്ങൾ ഇവിടെ എത്തിക്കുക പ്രയാസം തന്നെയാണ്‌.

ചേമ്പും, ചേനയും, കാവുത്തും, തേങ്ങയും, അങ്ങനെ തനിക്ക്‌ കൊണ്ട്‌പോകുവാൻ സാധിക്കുമെന്ന് തോന്നുന്നത്രയും ഭാരം സഞ്ചിയിലാക്കിയാണ്‌ മാളുവിന്റെ യാത്ര.

"താത്തെ, ഞാൻ പോവ്വാണ്‌" എന്ന് പറഞ്ഞ്‌ മാളു പുറത്തിറങ്ങി "അവ്‌ടെ അളിയൻ മാത്രെള്ളൂ."

കുട്ടികളില്ലാത്ത, മാളുഅമ്മായിക്ക്‌, ഞങ്ങൾ എന്നും സ്വന്തം കുട്ടികളായിരുന്നു. ശാസനയും സ്നേഹവും, നിയന്ത്രണവും, അതിനുമപ്പുറം, അണകെട്ടിവെച്ചിരിക്കുന്ന അവരുടെ വികാരമുണ്ടല്ലോ, സ്വന്തം കുഞ്ഞിനോട്‌ കാണിക്കുവാനുള്ള സ്വതന്ത്രം, മറ്റുള്ളവർ എന്ത്‌ കരുതുമെന്ന ചിന്ത. ഇതിനിടയിലൂടെ, ചിലപ്പോൾ രണ്ടും ഒരുമിച്ച്‌, പലവുരു സുൽത്താന്‌ ലഭിച്ചിരുന്നു.

പക്ഷെ, അന്നോന്നും, കുട്ടികളില്ലാത്ത ഒരു മാതാവിന്റെ വിങ്ങുന്ന ഹൃദയത്തിൽനിന്നും പുറത്തേക്ക്‌ വരുന്ന സ്നേഹത്തിന്റെ വില സുൽത്താന്‌ മനസിലാവുമായിരുന്നില്ല.

"സ്ക്കുള്‌ പൂട്ടിലെ താത്തെ, സുൽത്താനെ ഞാൻ കൊണ്ടോട്ടെ. ഒരാഴ്ച കഴിഞ്ഞിട്ട്‌ ഞാൻ കൊണ്ടരണ്ട്‌"

എതിർത്തൊന്നും പറയാൻ ഇമ്മുട്ടിക്ക്‌ കഴിഞ്ഞില്ല, കഴിയില്ല. ഒരാളുടെ എണ്ണമെങ്കിലും കുറയുമല്ലോ എന്നാശ്വസിക്കുന്നുണ്ടാവും.

അങ്ങിനെ സുൽത്താൻ കിഴിശ്ശേരിയിലേക്ക്‌.


.

28 comments:

Sulthan | സുൽത്താൻ said...

കഥയുടെ ഡിസൈനിങ്ങിൽനിന്നും അൽപ്പം മാറിപോയി. അനുഭവങ്ങളുടെ പച്ചയായ ഡിസൈൻ, ഇതിൽ ഉപ്പും മുളകും ചേർക്കുവാൻ ഇത്തിരി മടി.

ക്ഷമിക്കുക. വായനസുഖം ലഭിക്കില്ലെന്നുറപ്പുണ്ട്‌.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

>>എതിർത്തൊന്നും പറയാൻ ഇമ്മുട്ടിക്ക്‌ കഴിഞ്ഞില്ല, കഴിയില്ല. ഒരാളുടെ എണ്ണമെങ്കിലും കുറയുമല്ലോ എന്നാശ്വസിക്കുന്നുണ്ടാവും.
<<

എല്ലാം ഈ വരിയിലൊതുങ്ങി സുൽത്തൻ
ഉപ്പും പുളിയും എരിവും എല്ലാം ഇതിലുണ്ട്

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഞാനാണോ ഇവിടെ ആദ്യം ! എന്നാൽ എനിക്കൊരു അഭിനന്ദനം ഞാൻ തന്നെ നേരുന്നു :)

ഹംസ said...

എതിർത്തൊന്നും പറയാൻ ഇമ്മുട്ടിക്ക്‌ കഴിഞ്ഞില്ല, കഴിയില്ല. ഒരാളുടെ എണ്ണമെങ്കിലും കുറയുമല്ലോ എന്നാശ്വസിക്കുന്നുണ്ടാവും


സുല്‍ത്താനെ എനിക്കൊന്നും പറയാനില്ല.!! ഞാന്‍ ശരിക്കും കരയുവാ..!!

Anonymous said...

എതിർത്തൊന്നും പറയാൻ ഇമ്മുട്ടിക്ക്‌ കഴിഞ്ഞില്ല, കഴിയില്ല. ഒരാളുടെ എണ്ണമെങ്കിലും കുറയുമല്ലോ എന്നാശ്വസിക്കുന്നുണ്ടാവും.
ഈ വരികൾ വല്ലാതെ മനസിനെ പിടിച്ചു കുലുക്കി വളരെ നന്നായിട്ടുണ്ട് ഇങ്ങനെ യുള്ള അനുഭവങ്ങൾ പലരിലും ഉണ്ട് അല്ലെ.... ഭാവുകങ്ങൾ

ramanika said...

അവസാനം എത്തിയപ്പോള്‍ അറിയാതെ
കണ്ണ് നിറഞ്ഞു ....

ശ്രീ said...

എന്താ പറയ്യാ? ഒന്നും പറയാനില്ല സുല്‍ത്താനേ...
വായിച്ച് മിണ്ടാതെ പോകുന്നു... തുടരുക.

തെച്ചിക്കോടന്‍ said...

ജീവിതത്തിന്റെ പച്ചയായ അവതരണം, അതില്‍ ആവശ്യത്തിന് എല്ലാം ഉണ്ട്, ഇനി ഉപ്പും മുളകും ചേര്‍ക്കേണ്ട !
ആശംസകള്‍.

നിയ ജിഷാദ് said...

ഉപ്പും പുളിയും എരിവും എല്ലാം ഇതിലുണ്ട്....

അഭി said...

കൂടുതല്‍ ഒന്നും പറയാനില്ല മാഷെ
ജീവിതത്തിലെ ചില സത്യങ്ങള്‍ വരികളില്‍ കൂടി വായിക്കാന്‍ കഴിയുനുണ്ട്

അപ്പു said...

വളരെ ഇഷ്ടമായി. പഴയ കുറെ ഓര്‍മകളും ഉണര്‍ത്തി ഈ പോസ്റ്റ്‌.

»¦ മുഖ്‌താര്‍ ¦ udarampoyil ¦« said...

സുല്‍ത്താനേ..

കുട്ടിക്കാലത്തെ
അവധിക്കാലം
മധുരമുള്ള ഓര്‍മയാണ്.

അതിന്നിടയില്‍
മാളു അമ്മായിയുടെ
വരവ്..
പട്ടിണി പരിവട്ടങ്ങളുടെ
നനവ്..
മക്കളില്ലാത്തതിന്റെ
വേദന..

നല്ല എഴുത്ത്..
തുടരുക..
ആശംസകള്‍

Typist | എഴുത്തുകാരി said...

ഇനി ഉപ്പും പുളിയും മുളകുമൊന്നും ചേര്‍ക്കേണ്ട ആവശ്യമില്ലല്ലോ.

കൂതറHashimܓ said...

അവസാനം പറഞ്ഞ “ഒരാളുടെ എണ്ണമെങ്കിലും കുറയുമല്ലോ”
ഇതു വായിച്ചപ്പോ സങ്കടായി
5 രൂപ ഇല്ലാത്തതോണ്ട് കോളേജില്‍ പോകാതെ വീട്ടില്‍ ഇരുന്ന കുറേ നാളുകള്‍ ഓര്‍ത്തുപോയി

desperado said...

നന്നായിരിക്കുന്നു. പരിചയപ്പെടലില്‍ തന്നെ താനെന്റെ കണ്ണ് നിറച്ചു.

OAB/ഒഎബി said...

ഇത് പോലൊരു അവധിക്കാലം: ചാക്ക് വിരിച്ച് കച്ചവടവും എല്ലാം കഴിഞ്ഞ് സ്കൂള്‍ തുറന്നപ്പോള്‍ ഞാന്‍ പോയില്ല. എന്തേന്നറിയോ കാരണം. മുണ്ടുടുക്കാതെ നഗ്നനായി ചെന്നാല്‍ സ്കൂളില്‍ കേറ്റൂല്ലാന്ന് കുട്ട്യാളൊക്കെ പറഞ്ഞു :) :)

ഒമ്പത് പെറ്റവള്‍ക്ക് പത്താമത്തേത് ഒരു വ----എന്ന് പറഞ്ഞ പോലെയാ
എനിക്കിത്. :)

അതെല്ലാം ഒന്നോര്‍മിക്കാന്‍ ഉതകി ഈ പറച്ചില്‍.. തുടരുക .

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"
ക്ഷമിക്കുക. വായനസുഖം ലഭിക്കില്ലെന്നുറപ്പുണ്ട്‌.
"

ഈ വരികൾ മാത്രം തെറ്റിപ്പോയി സുൽത്താനെ.
ഇതൊക്കെ വായിക്കുമ്പോൾ തോന്നുന്നതാണ് വായനാ സുഖം

krishnakumar513 said...

തുടരുക പ്രിയ സുഹ്രുത്തേ....

jayanEvoor said...

തുടരൂ സുൽത്താൻ...

Sulthan | സുൽത്താൻ said...

കണിക്കൊന്നകൾ പൂത്ത്‌നിൽക്കുന്ന, അവധികാലത്തിന്റെ ആലസ്യത്തിലമർന്ന, കൊയ്തുപാടത്ത്‌നിന്നുമുയരുന്ന കുഞ്ഞാറ്റക്കിളികളെയും, പാറി പറക്കുന്ന പൂതുമ്പികളുടെയും പിന്നലെ ഓടിനടന്ന, ഒരു നല്ല കാലം.

എന്റെ കൂട്ടുകാരുടെ വീടുകളിൽ, വിഷുസദ്ദ്യയും കഴിച്ച്‌, ഓലപ്പടക്കങ്ങളും മാനത്ത്‌വിരിയുന്ന മാത്താപ്പൂക്കളെയും നോക്കി, ഞാൻ ചിലവഴിച്ച ഒരു നല്ല ബാല്യം.

ഒരിക്കലും തിരിച്ച്‌വരില്ലെന്നറിഞ്ഞിട്ടും, വെറുതെ ഞാൻ കാത്തിരിക്കുന്നു. മറ്റോരു നല്ല വിഷുകാലത്തിനായി.

എല്ലാവർക്കും എന്റെ വിഷുദിനാശംസകൾ.

Sulthan | സുൽത്താൻ
.

ജിപ്പൂസ് said...

സുല്‍ത്താനേ ഞാനൂണ്ട് കിഴിശ്ശേരീക്ക്.ഇജ്ജൊറ്റക്ക് പോണ്ട.പോകുമ്പോ ന്നേം കൂടെ കൂട്ടാന്‍ പറേണംട്ടാ മാളുഅമ്മായിയോട്.അപ്പോ എല്ലാം പറഞ്ഞ പോലെ :)

വീ കെ said...

നന്നായിരിക്കുന്നു സുൽത്താൻ...
ഹൃദയസ്പർശിയായി പറഞ്ഞിരിക്കുന്നു....
ഞങ്ങളുടെ വിഷു ആശംസകൾ...

ഷംസു ചേലേമ്പ്ര said...

മനസിലൊരു വിങ്ങലൊ, ഒരു പൊടിയെങ്കിലും കണ്ണീരൊ വന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ച! ഇതിലെ ഏതൊ ഒരു കഥാപാത്രമാണ്.......

അരുണ്‍ കായംകുളം said...

ഇനി കഥ കിഴിശ്ശേരിയില്‍..
തുടരട്ടെ

മസാല ഇതില്‍ ആവശ്യമില്ല.

ചെറുവാടി said...

ഒത്തിരി ഇഷ്ടായി. ആശംസകള്‍

Mohamedkutty മുഹമ്മദുകുട്ടി said...

ഇത്തരം തനി നാടന്‍ കഥകള്‍ ഇനിയും വേണം . ഞാന്‍ ആദ്യമായി വരികയാണ്. കിഴിശ്ശേരിയും മറ്റും ചില സൂചനകല്‍ നല്‍കുന്നുവെങ്കിലും പ്രൊഫൈല്‍ ഇത്രയും സ്വകാര്യമാക്കി വെക്കണോ?വെറും കഥ വായിക്കല്‍ മാത്രമല്ലല്ലോ നമ്മള്‍ ബ്ലൊഗര്‍മാരുടെ ലക്ഷ്യം . അന്യോന്യം പരിചയപ്പെടാനുള്ള ഒരു വേദി കൂടിയാണിത്. ഇക്കാര്യം ശ്രദ്ധിക്കുമെന്നു കരുതുന്നു. ആശംസകള്‍ നേരുന്നു!.

afi said...

aadhyamaayaanu blogil kayarunnathu. Malayalathil type cheyyanulla option ethanennu ariyilla.
Pazhayakaalathe vacation anubhavangal vaayikkumbol koritharikkunnu. Ippol njangalkku vacation aanu. Kalikkan koottukarilla. Oru paniyumilla. Samayam pokaathathu kondu kayariyathaanu blogil.
I liked the story.Iniyum ezhuthanam. Innathe thalamurakku pazhaya kaaryangal paranjukodukkanam.

May GOD bless you

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല ഭായ്...