Monday, July 26, 2010

ബ്ലോഗ്‌കൊണ്ടുള്ള ഗുണമെന്ത്‌???

ബ്ലോഗ്‌കൊണ്ടുള്ള ഗുണമെന്ത്‌???

ബ്ലോഗ്‌കൊണ്ട്‌, ബ്ലോഗ്‌ എഴുതുന്നത്‌കൊണ്ട്‌, മറ്റുള്ളവരുടെ ബ്ലോഗ്‌ വായിക്കുന്നത്‌കൊണ്ട്‌ എന്തെങ്കിലും ഗുണമുണ്ടോ?.

സുൽത്താൻ കഥകൾക്ക്‌, ഇടവേളയിട്ട്‌, തൽക്കാലം സുൽത്താൻ ചിന്തിക്കുകയാണ്‌.

വാർത്തക്കളറിയാം, സുഹൃത്തുകളെ സമ്പാധിക്കാം, എഴുത്ത്‌ പഠിക്കാം എന്നതോക്കെയാണ്‌ ബ്ലോഗിന്റെ ഗുണം. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം, അതിലുപരി, വിലമതിക്കനാവത്ത മറ്റോരു നന്മ ബ്ലോഗ്‌ ചെയ്തിട്ടുണ്ട്‌, ചെയ്യുന്നുണ്ട്‌.

കയ്പേറിയ കുട്ടികാലവും, കാഠിന്യമുള്ള കൗമാരവും കടന്ന്, ചുട്ട്‌പൊള്ളുന്ന യൗവനം, മണൽക്കാട്ടിൽ ജീവിച്ച്‌തീർക്കുവാൻ വിധിക്കപ്പെട്ടവരിൽ ഒരാളാണ്‌ ഞാൻ.

കടൽകടന്നെത്തുന്ന, ഓർമ്മകൾക്ക്‌, പച്ചപ്പിന്റെ വർണ്ണവും, തിമർത്ത്‌ പെയ്യുന്ന മഴയുടെ കുളിരും, സ്നേഹത്തിന്റെ സുഗന്ധവും സമ്മാനിച്ചത്‌, പലരുടെയും നോസ്റ്റാൾജിക്കായ എഴുത്തുകളാണ്‌.

സെക്കന്റുകൾക്ക്‌ വിലയുള്ള നാട്ടിൽ, ജീവിതം എന്താണെന്ന് ഓർമ്മിപ്പിക്കുവാൻ, മാറാലപിടിച്ച്‌കിടന്ന ഓർമ്മകൾ തേച്ച്‌മിനുക്കുവാൻ, പലപ്പോഴും പലരുടെയും എഴുത്ത്‌ സഹായിച്ചു. അപ്പോഴാണറിയുന്നത്‌, കോട്ടും സ്യൂട്ട്‌മിട്ട്‌ നടക്കുന്ന സുൽത്താൻ, ജീവിതം റിവൈന്റ്‌ ചെയ്താൽ, നഗ്നപാദനായി ചെന്നെത്തുന്നത്‌, ഓലകുടിലിന്റെ മുറ്റത്താണെന്ന്.

മനപൂർവ്വമല്ലെങ്കിലും മറന്ന്‌പോവരുതായിരുന്ന പലരുടെയും മുഖം, വ്യക്തമാവുന്നത്‌ അങ്ങിനെയാണ്‌. കടപ്പാടുകൾക്ക്‌ പകരം നന്ദിവാക്ക്‌ മതിയാവില്ല പലരോടും. എത്ര തന്നു എന്ന പല്ലവിയായിരുന്നില്ല പിന്നിട്‌ അളവ്‌ കോൽ. എങ്ങിനെ തന്നു എന്നതായിരുന്നു.

തിരിഞ്ഞ്‌ നടക്കുകയാണ്‌ സുൽത്താൻ. ഇന്നലെകളിലൂടെ തിരിച്ച്‌ എന്റെ തുടക്കത്തിലേക്ക്‌.

ജീവിതത്തിൽ വിജയിച്ചുവോ? എന്താണ്‌ വിജയത്തിന്റെ മാനദണ്ഡം?. വെട്ടിപിടിച്ച സാമ്രജ്യങ്ങളോ, കൂട്ടിയിട്ടിരിക്കുന്ന ബാങ്ക്‌ ബാലൻസോ?.

അറിയില്ല, ഒന്നുമറിയില്ല.

സ്നേഹിച്ചവരോട്‌, സഹായിച്ചവരോട്‌, നീതിപുലർത്തിയോ?. പൂർണ്ണമെന്ന് അവകാശപ്പെടാനില്ല. മുറിവുകൾ പലയിടത്തുമുണ്ട്‌.

പൊതുവെ, സൗഹൃദം കുറവാണെനിക്ക്‌. കിട്ടിയവരെ മതിമറന്ന്‌ സ്നേഹിച്ചു. തിരിച്ച്‌കിട്ടിയത്‌ കൊടുത്തതായിരുന്നില്ല. അത്‌കൊണ്ട്‌ തന്നെ, ഏല്ലാവരോടും ഒരകലം സൂക്ഷിക്കുന്നു. സേഫ്‌ സോൺ.

മകൻ എന്ന നിലയിലുള്ള കടമയാണ്‌ ആദ്യം ചെയ്യേണ്ടത്‌. അതും പൂർണ്ണമാണ്‌ എന്ന് അവകാശവാദമില്ല. ഉമ്മയെയും ഉപ്പയെയും സ്നേഹിച്ചിട്ടുണ്ട്‌. സ്നേഹിക്കുന്നുമുണ്ട്‌. എങ്കിലും, ഞാൻ എന്റെ മക്കളിൽനിന്നും പ്രതീക്ഷിക്കുന്ന പലതും, എനിക്ക്‌ എന്റെ മതാപിതക്കൾക്ക്‌ നൽക്കുവാൻ കഴിഞ്ഞില്ലല്ലോ.

കഷ്ടപ്പെട്ട്‌ അവരെന്നെ വളർത്തിയത്‌, ഞാൻ സാഹായിക്കും എന്ന് കരുതിയല്ല തീർച്ച. കാരണം എന്നെ എന്റെ മകൻ സഹായിക്കുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷെ, അവർക്ക്‌ ഒരു താങ്ങ്‌, ഒരു കൈ ആവശ്യമായ സമയത്ത്‌ അത്‌ നൽകിയോ?. ഉണ്ടെന്നും ഇല്ലെന്നും പറയാനാവില്ല. കുറ്റബോധമുണ്ട്‌. അവരുടെ ആവശ്യങ്ങളെ നിരാകരിച്ചിട്ടില്ല. വേദനിപ്പിച്ചിട്ടുമില്ല. അത്രയും അശ്വസിക്കാം. അതിനപ്പുറത്തേക്ക്‌ കടക്കുവാൻ എനിക്കായില്ലെന്നത്‌ സത്യം.

എനിക്ക്‌ ചുറ്റും മതിൽതീർത്ത്‌ എന്നെ സംരക്ഷിച്ചവരുണ്ട്‌. ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞവരുണ്ട്‌. പരാതി ആരോടുമില്ല.

ദൈവാനുഗ്രഹത്താൽ, അഗ്രഹിച്ചതിനപ്പുറത്താണ്‌ ജീവിതം. ഇനിയും എത്തിപിടിക്കുവാൻ ഒന്നുമില്ല. കരകാണതെ ഇത്രയും നീന്തിയതെന്തിനെന്ന ചോദ്യം, ഈ തുരുത്തിലിരുന്ന് ചോദിച്ചാൽ, ഉത്തരം അറിയില്ലെന്ന് മാത്രം. പക്ഷെ, നിരാശബോധമില്ല.

നഷ്ടപ്പെട്ടത്‌, ഇന്നും നഷ്ടമായി തോന്നുന്നത്‌, നെമ്പരമായി തളർത്തുന്നത്‌, പിരിയില്ലെന്ന് വാക്ക്‌ തന്നവളെ പിരിഞ്ഞതാണ്‌. തന്റേടത്തോടെ പിടിച്ചിറക്കുവാൻ മാത്രം തന്റേടം അന്ന് കൈയിലില്ലായിരുന്നു. കൈയിൽ വന്നപ്പോഴെക്കും അവൾ അകന്നിരുന്നു, ഒരുപാട്‌. കണ്മുന്നിൽ അവൾ ജീവിക്കുന്നുന്നത്‌ കാണുമ്പോൾ, സഹായിക്കുവാൻ ശ്രമിച്ചെങ്കിലും, ആരോ തടയുന്നപോലെ. വർഷങ്ങൾക്ക്‌ ശേഷം കണ്ട്‌മുട്ടിയപ്പോഴും, വേദനകടിച്ചമർത്തി, പുഞ്ചിരിക്കാൻ ശ്രമിച്ച്‌കൊണ്ടവൾ ചോദിച്ചത്‌, "സുഖമാണോ" എന്ന് മാത്രം. ശിഷ്ടജീവിതത്തിലും എന്റെ സ്നേഹം അവൾക്ക്‌ ഭാരമാവുന്നു എന്നറിഞ്ഞപ്പോൾ, വലിച്ചിറക്കികൊണ്ട്‌വരുവാൻ ശ്രമിച്ചതാണ്‌ ഞാൻ. ബന്ധങ്ങൾ ബന്ധനങ്ങളായി കാലിൽ തടഞ്ഞു. കുട്ടികളുടെ ഭാവിയെന്തെന്ന ചോദ്യചിഹ്നമായി സമൂഹം. മറ്റോരാളുടെ ഭാര്യയെന്ന് മതം കണ്ണുരുട്ടി. മണ്ണങ്കട്ട. കടിച്ചമർത്തിയ എന്റെ വേദനയറിയാത്ത ദൈവത്തെ കല്ലെടുത്തെറിഞ്ഞു. വിഗ്രഹങ്ങൾ പലതും തല്ലിതകർത്തു.

വിങ്ങുന്ന വേദന അത്‌ മാത്രം. കൈവിട്ട്‌പോയത്‌, സഹോദരങ്ങളെ സ്നേഹിച്ചത്‌കൊണ്ടാണോ?. കുടുംബത്തിന്റെ ഭാരം തലയിലായത്‌കൊണ്ടാണോ? ആശ്വസിക്കുവാൻ വഴിയുണ്ട്‌. പക്ഷെ, തീയണയ്ക്കുവാൻ പര്യപ്തമല്ലത്‌.

ഏല്ലാം അറിഞ്ഞും, നല്ലപാതി സഹിച്ചു. ഒരുപാട്‌. ആ ക്ഷമ കാണുമ്പോൾ വീണ്ടും പ്രക്ഷുബ്ദമാവുന്നു മനസ്സ്‌. സാരല്ല്യട്ടോ എന്നവൾ ആശ്വസിപ്പിക്കുന്നു. മതിയാവില്ലല്ലോ ആ വാക്കും എന്റെ നെഞ്ചിലെ കനലടങ്ങാൻ.





ഊതികാച്ചിയ പൊന്ന്‌പോലെ മനസ്സിൽ മിന്നിതിളങ്ങുന്നവൾക്ക്,
കാലം മയ്‌കാത്ത കനൽകട്ടകൾ മനസ്സിൽ കോരിയിട്ടവൾക്ക്.
കടമകളും കർത്തവ്യങ്ങളും ഒരിക്കലും മറക്കരുതെന്നും,
കുടുംബബന്ധങ്ങൾ ഒരിക്കലും അറ്റുപോവരുതെന്നും സത്യം ചെയ്യിപ്പിച്ചവൾക്ക്,
കൂടെ, എല്ലാം സഹിച്ചും കൂടെനിന്ന് എന്നെ ശകാരിക്കുകയും, ശാസിക്കുകയും ചെയ്ത പ്രിയ സുഹൃത്തുകൾക്ക്,
നേർവഴിയെ നടത്തിയവർക്ക്,
പ്രിയരെ നിങ്ങൾക്കും.


-----------
കാട്‌ കയറുന്നു ഞാൻ. എന്തോക്കെയോ കുത്തികുറിച്ചു. അടുക്കും ചിട്ടയുമില്ല ഒന്നിനും. ക്ഷമിക്കുക. പറയാൻ വന്നത്‌,

പന്ത്രണ്ട്‌ വർഷത്തോളം, പിണങ്ങികഴിഞ്ഞിരുന്ന ഒരു സുഹൃത്തിനെ ഞാൻ ഓർമ്മിച്ചെടുത്തു. ഒരുപാട്‌ നല്ല സഹായങ്ങൾ ചെയ്തുതന്നിരുന്നു നാസർ. ജീവിതത്തിൽ എന്റെ വിജയത്തിന്‌ അവനും കാരണകാരനാണ്‌ എന്നത്‌ സത്യം. പക്ഷെ, ഇടക്കെപ്പോഴോ, ഞങ്ങൾ പിണങ്ങി പിരിഞ്ഞു. വർഷങ്ങൾ പലതും വേണ്ടിവന്നു എനിക്ക്‌ തിരിച്ച്‌ നടക്കുവാൻ. ആ യാത്രയിലാണ്‌ ഞാൻ നാസറിനെ വീണ്ടും കാണുന്നത്‌. ഞങ്ങളുടെ ഇണക്കവും പിണക്കവും സ്വതന്ത്രമായി ചിന്തിക്കുവാൻ മനസ്സ്‌ പാകമായികഴിഞ്ഞിരുന്നു. സഹായങ്ങൾ മാത്രം ചെയ്ത അവനെ വെറുക്കുവാനുള്ള കാരണം, തെറ്റ്‌ എന്റെതാണെന്ന് തിരിച്ചറിഞ്ഞ നിമിഷം, ഞാൻ വിളിച്ചു. മാപ്പപേക്ഷിച്ചു. ഞങ്ങൾക്കിടയിലെ വിടവ്‌ നികത്തുവാൻ സമയമെടുക്കും എങ്കിലും മഞ്ഞുരുക്കി. മാനം തെളിഞ്ഞു.

സുഹൃത്തെ, ചിന്തിക്കുക. നൈമിഷികമാണീ ജന്മം. നിമിഷനേരംകൊണ്ട്‌ എരിഞ്ഞടങ്ങാവുന്ന ജന്മം. പകയും വിദ്വേഷവും ആരോട്‌? എന്തിന്‌?.

ജീവിതത്തെ റിവൈൻഡ്‌ ചെയ്ത്‌ പ്ലേ ചെയ്യൂ. കടന്ന്‌വന്ന വഴികളിലെ വേറിട്ട മുഖങ്ങൾ, തങ്ങായിനിന്ന കൈകൾ, പരിമളം പരത്തുന്ന സൗഹൃദത്തിന്റെ വാടമലരുകൾ, അങ്ങനെ ഓർമ്മകളിൽ മാഞ്ഞ്‌തുടങ്ങിയ നിങ്ങളെ, യതാർത്ഥ നിങ്ങളെ തിരിച്ചറിയൂ.

കാലം മായ്കാത്ത കാൽപ്പാടുകളിലൂടെ ഒരിക്കലെങ്കിലും തിരിഞ്ഞ്‌നടക്കുക. നാം ആരാണെന്ന് നാമറിയുന്നു.

മാപ്പ്‌ ചോദിക്കുവാൻ, ചോദിക്കുന്ന ഒരു നിമിഷത്തെ മാത്രം അഭിമുഖികരിച്ചാൽ മതി. ആ ഒരു നിമിഷത്തെ തരണംചെയ്യുവാനായാൽ, ജീവിതം വിജയപൂർണ്ണമാവുന്നു. സംതൃപ്തമാവുന്നു.

---------
നോസ്റ്റാൾജിക്കായ പല പോസ്റ്റുകളിലും ഞാൻ എന്നെ തിരിച്ചറിയുന്നു.

പല പോസ്റ്റുകളും എന്നെ കൈപിടിച്ച്‌കൊണ്ട്‌പോയത്‌, എന്റെ കുട്ടികാലത്തിലേക്കായിരുന്നു. ചിത്രങ്ങൾ കൂടുതൽ തെളിമയോടെ എന്റെ മുന്നിലേക്കെത്തിച്ചത്‌, നിങ്ങളിൽ ചിലരായിരുന്നു. ഞാൻ ആരാണെന്ന്, എന്റെ യാത്ര തുടങ്ങിയതെവിടെനിന്നെന്ന്, തിരിച്ചറിഞ്ഞ ആ നിമിഷം. മറ്റെല്ലാം എന്റെ സൃഷ്ടികളായിരുന്നു എന്ന് ഞാനറിയുന്നു. നന്മയും തിന്മയും, സുഖവും ദുഖവും, സങ്കടവും സന്താപവും, എല്ലാം എന്റെ സൃഷ്ടികൾ മാത്രമാണ്‌.

ബ്ലോഗ്‌കൊണ്ട്‌ എനിക്ക്‌ കിട്ടിയ ഏറ്റവും വലിയ ഒരു ഗുണമായി ഞാൻ ഈ തിരിച്ച്‌നടത്തത്തെ (Reverse Journey of mind) കാണുന്നു. അറിയാതെയെങ്കിലും അതിനു സഹായിച്ചവർക്ക്‌ നന്ദി.

സുൽത്താൻ ആരാണെന്ന് ആകാംക്ഷയോടെ ചോദിക്കുന്നു പലരും. ഇതാണ്‌ സുൽത്താൻ, ഇത്‌ മാത്രമാണ്‌ സുൽത്താൻ.

(പോസ്റ്റ്‌ ചെയ്യണമോ എന്ന് പലവുരു ചിന്തിച്ചു, ഇരിക്കട്ടെ എന്റെ നൊമ്പരങ്ങളും, പച്ചയായ ഞാനും)


..

.