"ഇമ്മാ, ഇങ്ങള് ഇണ്ണിനോടും കുഞ്ഞാനോടും ചോയ്ച്ച്യോക്കി. ഞാം മമ്മയ്നെ കാണാം പോക്വ. ഇന്നെനെ പൈസ കൊട്ക്കണംന്ന ഒൻ പറഞ്ഞ്ണത്" വിട്ടിൽനിന്നും ഇറങ്ങുമ്പോൾ ഹംസ ഉമ്മയെ ഓർമ്മപ്പെടുത്തി.
ഹംസ, ഈ വീട്ടിലെ ഇളയമകനാണ്. സുൽത്താന്റെ എറ്റവും ചെറിയ ഇളയുപ്പ (ഉപ്പയുടെ അനിയൻ). അതിന് മുകളിലാണ് കുഞ്ഞാൻ എന്ന് വിളിക്കുന്ന സൈതലവി. പിന്നെ സുൽത്താന്റെ ഉപ്പ അബു. ഹംസക്ക് ഒരു വിസ വന്നിട്ടുണ്ട്. ദമാമിലേക്ക്. അറബിയുടെ കടയിലേക്കാണെന്നും, നല്ല ശമ്പളമുണ്ടെന്നും, വിസകച്ചവടക്കാരൻ മമ്മദ് പറഞ്ഞിട്ടുണ്ട്. എങ്ങിനെയെങ്കിലും അക്കരെപറ്റുകയെന്നത് ഹംസയുടെ വലിയൊരാഗ്രഹമാണ്. അതിനുള്ള കാശാണ് അവൻ ജേഷ്ഠന്മരോട് ചോദിക്കുവാൻ ഉമ്മയോട് പറഞ്ഞത്.
"ഇമ്മാ, ഞം പോവ്വ്വാ"
രാവിലെ ചായയും കുടിച്ച്, അബു കടയിലേക്ക് പോകാനിറങ്ങിയപ്പോൾ ഉമ്മ, വെറ്റിലയിൽ ചുണ്ണമ്പ് തേച്ച്, കോലായിലിരിപ്പുണ്ട്.
"അബ്വോ, ഹംസപ്പൂന് ഒരു പേപ്പറ് വന്ന്ണ്ട്ന്ന് പറഞ്ഞി. ഓന് അയ്ന് പൈസ മാണംന്ന് പറഞ്ഞീനി. ഒന്റെ പൂത്യല്ലെ. ഇജി എവ്ട്ന്നെങ്കിലും അത് ഒപ്പിച്ച് കൊട്ത്താളാ" വെറ്റിലകൂട്ട് വായിലിട്ട് ഉമ്മ പറഞ്ഞു.
'ഉം, നോക്കട്ടെ. ഇന്നോട് മമ്മദും പറഞ്ഞി. 10 ഉറ്പ്പ്യ മാണംന്ന പറഞ്ഞത്"
അബു നടന്നകന്നു. ഇടവഴികൾ കടന്ന്, പഞ്ചായത്ത് റോഡിലൂടെ അങ്ങാടിയിലേക്ക് നടക്കുമ്പോഴും അബു അലോചിക്കുകയായിരുന്നു. എങ്ങനെ ഇത്രയും രൂപ സംഘടിപ്പിക്കുമെന്ന്. കച്ചവടം വളരെ മോശമാണ്. വീട്ടിലെ ചിലവുകൾക്ക് തന്നെ തികയുന്നില്ല. മാത്രമല്ല, പഞ്ചായത്തിന്റെ വക റോഡ് വികസനത്തിന് വേണ്ടി, മിക്കവാറും കട പൊളിക്കേണ്ടിവരും. ഉദ്യോഗസ്ഥർ വന്ന് സ്ഥലം അളന്ന് പോയിട്ടുണ്ട്. കടയുടെ മുക്കാൽ ഭാഗവും പോവും. അങ്ങനെ വന്നാൽ....
പാതിരാത്രിയിൽ കടയടച്ചെത്തിയിട്ടും അബുവിന് ആശ്വാസം കിട്ടിയില്ല. മുറ്റത്ത് വന്ന്, മുരടനക്കി "ഇമ്മാ, ഈമ്മ" എന്ന് രണ്ട് വിളി. കൈയിൽ മണ്ണെണ്ണ വിളക്കുമായി, ഇമ്മുട്ടി വന്ന് വാതിൽ തുറക്കും. മറ്റുള്ളവരെല്ലാം അപ്പോൾ സുഖമായുറങ്ങിയിട്ടുണ്ടാവും. കുട്ടികൾക്കുള്ള മുന്തിരിയോ, അപ്പിളോ, ഓറഞ്ചോ പൊതിഞ്ഞ് ഉമ്മയുടെ കട്ടിലിനടുത്ത് വെക്കും. രാവിലെ അത് വിതരണം ചെയ്യുക എന്നത് ഉമ്മയുടെ കടമയാണ്.
"എന്തെ, മൊഖോക്കെ വാല്ലാണ്ടിരിക്ക്ണ്?" ഭക്ഷണം കഴിച്ച്, കട്ടിലിൽ മുഖം കുനിച്ചിരിക്കുന്ന ഭർത്താവിനോട് സഫിയ ചോദിച്ചു.
"ഒന്നൂല്ല, ഇജി ചോറ്ന്നോ?"
"ഉം"
ഇമ്മുട്ടിയുടെ പതിവുകൾ അങ്ങിനെയാണ്, നേരം എത്ര പതിരയാണെങ്കിലും ഭർത്താവ് വന്ന്, ചോറ് തിന്ന ശേഷം മാത്രമേ ഇമ്മുട്ടി കഴിക്കൂ. അപ്പോഴേക്കും മിക്കവറും പാതിര കഴിഞ്ഞിരിക്കും.
"രണ്ടീസായി ഞാൻ ശ്രദ്ധിക്ക്ണ്, എന്തെ പറ്റ്യത്"
"ഒന്നൂഞ്ഞ്യ, ഹംസാപ്പൂന് വിസക്ക് പൈസ കൊടുക്കണം. അത് എവ്ട്ന്ന് ഇണ്ടാക്കും"
"എത്രേ മാണ്ടി"
"ന്തെയ്, അന്റെട്ത്ത്ണ്ടോ"
"പതിനായിരം ഉറ്പ്പ്യ മാണം ന്നാ മമ്മദ് പറഞ്ഞത്. കൊടുത്താ, മറ്റന്നാള്‍ ബോബെക്ക് പോകാന്ന്. ഞാൻ ഒരു വജും കാണ്ണ്ഞ്ഞ്യാ"
വാതിലിന് ഓടാമ്പിലയിട്ട് ഇമ്മുട്ടി അൽപ്പനേരം ചിന്തിച്ചു. എന്നിട്ട് പതിയെ തന്റെ കഴുത്തിൽ കിടക്കുന്ന മാല ഊരിയെടുത്തു.
"ദാ, ഇത് വിറ്റാളീ, ചങ്കേൽസ് ഞാൻ ഇട്ണ്ലല്ലോ. അതും ഇട്ക്ക. രണ്ടും കൂടി ഒരു പത്ത് പവംണ്ടാവും"
തന്റെ കൈയിലേക്ക് വെച്ച് തന്ന ആഭരണത്തെയും, ഭാര്യയുടെ മുഖത്തേക്കും അബു മാറി മാറി നോക്കി. ഇത് ചോദിക്കുവാൻ പലവട്ടം തുനിഞ്ഞതാണ്. അവളുടെ ബാക്കിയുള്ള എല്ലാ ആഭരണങ്ങളും അബു തന്നെ വിറ്റിരുന്നു, പലപേരിലായി. അവസാനമായി അവളുടെ കഴുത്തിൽ കിടക്കുന്ന മാല ചോദിക്കുവാൻ ഇത്തിരി വിഷമം തോന്നി.
"സാരല്ല്യ, ഒൻ പോയിട്ട്, ഞമ്മക്ക് ബെറെ മാങ്ങിതാന്നോളും" നിശ്ചലനായി നിൽക്കുന്ന അബുവിന്റെ മുടി മാടിയൊതുക്കി ഇമ്മുട്ടി പറഞ്ഞു.
പിന്നിടെല്ലാം പെട്ടെന്നായിരുന്നു. പല ജീവിതങ്ങൾക്ക് പുതുനാമ്പുകൾ മുളച്ച്പൊന്തിയപ്പോൾ മറ്റുപല ജീവിതങ്ങൾക്ക് വളർച്ച മുരടിച്ചിരുന്നു.
ഇടവഴിയിലൂടെ മഴവെള്ളം കുത്തിയൊലിച്ച് കടന്ന് പോയി.
അബുവിന്റെ കച്ചവടം നഷ്ടപ്പെട്ടിരുന്നെങ്കിലും വീടിന്റെ പ്രതാപത്തിന് കുറവ് വന്നില്ല. മരുപച്ചയിൽനിന്നും ഒഴുകിയെത്തിയ റിയാലുകൾ, നാടിന്റെ തന്നെ മുഖഛായ മാറ്റികൊണ്ടിരുന്നു.
ഹംസയുടെ വിവാഹശേഷമാണ്, ഒത്തൊരുമയോടെ കഴിഞ്ഞിരുന്ന ഒരു വലിയ കുടുംബത്തിൽ പൊട്ടലും ചീറ്റലും തുടങ്ങിയത്. ആരുടെ ഭാഗത്ത് നിൽക്കുമെന്നറിയാതെ വല്ല്യൂമ്മ പലപ്പോഴും കുഴങ്ങി.
കുട്ടികൾ തമ്മിലുള്ള പിണക്കങ്ങൾ പലപ്പോഴും വലിയവർ എറ്റെടുത്തു. എല്ലാം കണ്ട് നെടുവീർപ്പിടനല്ലാതെ മറ്റൊന്നിനും വല്ല്യുമ്മക്കായില്ലെന്നത് സത്യം.
എന്നാൽ, പിടിച്ചതിനേക്കാൾ വലുതാണ് മാളത്തിലെന്ന് പറഞ്ഞത് പോലെ, ദുരന്തങ്ങളും ദുരിതങ്ങളും സുൽത്താനെ കാത്തിരിക്കുകയായിരുന്നു.
ഹംസ രണ്ട് പ്രാവശ്യം വന്നപ്പോഴും, ഹാജിയാരുടെ രണ്ട് തെങ്ങിൻത്തോപ്പുകൾ സ്വന്തമാക്കിയിരുന്നു. സുൽത്താന്റെ ഉപ്പയുടെ കട ഇതിനകം നഷ്ടപ്പെട്ടിരുന്നു. പാടത്തും പറമ്പിലും കൂലിപണിയെടുത്തായിരുന്നു പിന്നിടുള്ള അബുവിന്റെ ജീവിതം.
ഒരു ദിവസം, നിസാര കാര്യത്തിന് കുട്ടികൾ തമ്മിലുള്ള അടിപിടിയിൽ, ഹംസയുടെയും സൈതലവിയുടെയും ഭാര്യമാർ, സുൽത്താനെ കുറ്റപ്പെടുത്തിയപ്പോൾ, അവനെ ശാസിച്ചപ്പോൾ, അതിനുള്ള അധികാരം തനിക്ക് മാത്രമാണെന്ന് വല്ല്യൂമ്മ പെണ്ണുങ്ങളെ ഒർമ്മപ്പെടുത്തിയപ്പോൾ, പലവുരു ഇമ്മുട്ടി അബുവിനോട് യാചിച്ചിരുന്ന കാര്യം, ഒരു കുഞ്ഞു വീടെടുത്ത്, നമ്മുക്ക് മാറി താമസിക്കാം എന്ന് കാര്യം, വല്യൂമ്മ തന്നെ, നേരിട്ട് അബുവിനോട് പറഞ്ഞു.
"അബ്വോ, ജ് ഒരു പെരട്ത്ത് മാറിക്കാളാ. ഇന്നെകൊണ്ട് എല്ലാരെം കൊണ്ട്ടക്കാൻ പറ്റൂലാ"
സുൽത്താൻ ഇറങ്ങുകയാണ്. ഒരു വലിയ വീട്ടിൽനിന്നും, ഓലകൊണ്ട് മറച്ച, രണ്ട്മുറിയും അടുക്കളയും മാത്രമുള്ള, സ്വന്തം കുടിലിലേക്ക്.
നാല് കുഞ്ഞുങ്ങളുടെ വയറ് നിറയ്ക്കുവാൻ ഇനിയെന്ത് മാർഗ്ഗമെന്ന് ചിന്തിച്ചിരിക്കുന്ന അബു. പുതിയ വീട്ടുമുറ്റത്ത്, പുതിയ കുട്ടുകാരോടോത്ത് കളിച്ചിരിക്കുന്ന കുട്ടികൾ. തിളച്ച് മറിയുന്ന സങ്കട കഞ്ഞിയിൽനിന്നും സന്തോഷത്തിന്റെ വറ്റുകൾ കോരിയെടുക്കുകയായിരുന്നു ഇമ്മുട്ടി അപ്പോൾ.
5
31 comments:
"ഇമ്മാ, ഇങ്ങള് ഇണ്ണിനോടും കുഞ്ഞാനോടും ചോയ്ച്ച്യോക്കി. ഞാം മമ്മയ്നെ കാണാം പോക്വ. ഇന്നെനെ പൈസ കൊട്ക്കണമ്ന്നാ ഒൻ പറഞ്ഞിണത്" വിട്ടിൽനിന്നും ഇറങ്ങുമ്പോൾ ഹംസ ഉമ്മയെ ഓർമ്മപ്പെടുത്തി.
ചിരിയും, നൊമ്പരവും ഒക്കെയായി സുല്‍ത്താന്റെ യാത്ര ഗംഭീരം .....സസ്നേഹം
'തിളച്ച് മറിയുന്ന സങ്കട കഞ്ഞിയിൽനിന്നും സന്തോഷത്തിന്റെ വറ്റുകൾ കോരിയെടുക്കുകയായിരുന്നു ഇമ്മുട്ടി അപ്പോൾ.'
സുല്‍ത്താനേ..
സുല്‍ത്താനേ..
ഇമ്മുട്ടിനെ ഞമ്മക്ക് പെരുത്തിഷ്ടായിട്ടോ..
ചെറീയ നൊമ്പരം വായനയിലുടനീളം കൂടെ നില്ക്കുന്നു... നന്നായിട്ടുണ്ട് സുല്‍ത്താനേ
നൊമ്പരം എങ്കിലും മനോഹരം
ഇത്തിരി സങ്കടം ആയി (ഇത്തിരി മാത്രം) !! തുടരുക, ആശംസകള്‍
സുല്‍ത്താന്‍, ജീവിതം ഇങ്ങനെയൊക്കെയാണെന്ന് നാം അനുഭവിച്ചറിയുന്നു. അത് കഥയിലൂടെ പറയുമ്പോള്‍ നാം കൂടുതല്‍ ചിന്തിക്കുന്നു. എങ്കിലും എനിക്ക് തോന്നുന്നു, താങ്കള്‍ക്ക് കഥ ഒന്നു കൂടി പരത്തി പറയാമായിരുന്നു എന്ന്. ഒരു കാലത്തില്‍ നിന്ന് അടുത്തതിലേക്ക് കഥ പരിണമിക്കുമ്പോള്‍ എല്ലാം ഒരുമിച്ചു നടന്നതിന്റെ വികാരമാണ് ഊണ്ടായത്. എങ്കിലും നന്നായി.
ബാലുവേട്ടാ,
സത്യം, പറഞ്ഞതത്രയും സത്യം. വല്ലയ്മ എനിക്കും ഫീൽ ചെയ്തിരുന്നു. പക്ഷെ, 12-15 വരെയുള്ള എന്റെ കുട്ടികാലം എങ്ങനെ കുഴിച്ച് നോക്കിയിട്ടും, അന്ന് വീട്വിട്ടിറങ്ങേണ്ടിവന്നതിന്റെ കഥ മനസ്സിൽ വരുന്നില്ല. പിന്നെ, ആ ഒരു കാലം എടുത്ത്ചാടുകതന്നെയായിരുന്നു. പരത്തി പറയുവാൻ അഗ്രഹമുണ്ടായിട്ടും സാധിച്ചില്ല.
മാപ്പ് ചോദിക്കുന്നു. അങ്ങിനെ സംഭവിച്ചതിൽ.
ഖേദത്തോടെ,
സുൽത്താൻ
സുല്‍ത്താന്‍ കണ്ണ് നനയിച്ചു. കുടുംബത്തിനു വേണ്ടി കഷ്ടപെടുന്നവര്‍ക്ക് എന്നും അവഗണന തന്നെയാണ് .
ഷാജി ഖത്തര്‍
സുൽത്താൻ ഇവിടെ നൊമ്പരപ്പെടുത്തി,
തിളച്ച് മറിയുന്ന സങ്കടക്കഞ്ഞിയിൽ സന്തോഷത്തിന്റെ വറ്റുകൾ കണ്ടെത്തുന്നവരാണ് ജീവിത യാത്രയിൽ വിജയികൾ
എല്ലാ ആശംസകളും
ബഷീർക്കാ,
കമന്റുകൾ മുഴുവൻ വായിച്ചു.
സന്ദർശനത്തിനും നല്ല വക്കുകൾക്കും നന്ദി.
ഇനിയും വരിക.
ഒരു യാത്രികൻ, മുക്താർ, ശ്രീ, ramanika, ഹാഷിം, ഷാജി,
സന്ദർശനത്തിനും നല്ല വക്കുകൾക്കും നന്ദി.
ഇനിയും വരിക.
നന്നായ് സുല്‍ത്താന്‍.
വായനയില്‍ മുഴുവന്‍ നൊമ്പരത്തിന്റെ കണികകള്‍ നിറഞ്ഞുനിന്നെങ്കിലും രസമായി.
ഇത്തിരി നൊമ്പരം ഒപ്പം ചിരിയും നന്നായി.
ഇത്തിരി വേദനിപ്പിച്ചെങ്കിലും കഥ നന്നായിട്ടുണ്ട്.. ആശംസകള്‍...:)
ഹൃദയം കവർന്നു സുൽത്താൻ!
വിസ എന്ന് കേട്ടപ്പഴേ കഥയുടെ അവസാനം മനസ്സിലുണ്ടായിരുന്നു.
എല്ലാം ഒരു ചിരിയില്‍ ഒതുക്കുന്ന എനിക്ക് യാതൊരു വിധ നൊമ്പരവും തോന്നിയില്ല.
കാരണം,7500 രൂപയിലേക്ക് ഒരൊറ്റ രൂപ തരാത്തവര്‍ക്ക് 7500 റിയാല്‍ കൊടുത്ത് വിസ വാങ്ങി അയച്ചിട്ടുണ്ട്. അക്കഥ എഴുതിയാല്‍ കുടുംബം തെറ്റും. ഒരു കമന്റിലൊതുക്കുകയേ നിര്വാഹമൂള്ളു.
ഇതവര് കാണില്ല എന്ന വിശ്വാസത്തില്‍....
നന്നാവുന്നുണ്ട്...
ആശംസകൾ....
എഴുത്തിലെ എല്ലാ തരം ശൈലിയും വഴങ്ങുന്നുണ്ട്.
കുട്ടികളുടെ വയറു നിറക്കാന്‍ എന്തെങ്കിലും ഒരു വഴി കാണാതിരിക്കില്ല.
നൊമ്പരപ്പെടുത്തുന്നു.
ആശാനെ കൊള്ളാം നല്ല എഴുത്ത്
കഥ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. നല്ല അവതരണം .!!
nannaayirikkunnu sulthaan
പോട്ടെ സുല്‍ത്താനെ.എല്ലാം ശരിയാവുംന്നേ.
ന്നെക്കൊണ്ട് വയ്യ സെന്റിയടിക്കാന്‍.ഞാന്‍ പോയി പിന്നെ വരാം :(
എത്രേ മാണ്ടി ....... ഒരുപാട് പ്രതീക്ഷിക്കുന്നു സുല്‍ത്താനില്‍ നിന്നും .
പട്ടേപ്പാടം റാംജി,
മിനി ചേച്ചി,
കൊച്ചു മുതലാളി,
ജയേട്ടാൻ,
ഒഎബി,
വീകെ,
കുമാരേട്ടൻ,
ഉമേഷ് പിലിക്കൊട്,
ഹംസ,
മരഞ്ചാടി,
ജിപ്പൂസ്,
സാദിഖ്,
സുൽത്താന്റെ ഓലപ്പുര കാണനെത്തിയ എല്ലാവർക്കും നന്ദി.
കയറ്റിറക്കങ്ങളിൽ സുൽത്താൻ ഒട്ടും പതറില്ല.
Sulthan | സുൽത്താൻ
എഴുത്തുകാരി ചേച്ചി,
വയറ് നിറക്കുവാൻ കുട്ടികൾ തന്നെ വഴികണ്ടെത്തിയ കഥ അടുത്തത്.
നന്ദി, വീണ്ടും വരിക.
മനസ്സമാധാനത്തോടെയുള്ള ജീവിതത്തിന് എന്നും നല്ലത് ഓലപ്പുര തന്നെയാവും സുല്‍ത്താന്‍ ...
ബാലു പറഞ്ഞത് തോന്നിയിരുന്നെങ്കിലും അനുഭവങ്ങളുടെ നനവുള്ള കഥ കണ്ണുകളെ അല്പം ഈറനണിയിച്ചു ...
valare nannaayi....... aashamsakal...........
പഴയ കാല പ്രവാസികളുടെ പച്ചയായ ജീവിതാനുഭവം. പിന്നെ നമ്മുടെ മലപ്പുറത്തിന്റെ സ്വന്തം സംഭാഷണ ശൈലിയും. എല്ലാം നന്നായിട്ടുണ്ട്. പഴയ ചങ്കേലസ്സിനെയും മറ്റും പരാമര്‍ശിച്ചത് നന്നായി. ഇനിയും പോരട്ടെ സുല്‍ത്താന്‍ കഥകള്‍. പിന്നെ ചില അക്ഷരത്തെറ്റുകള്‍ തിരുത്താവുന്നതേയുള്ളു. രണ്ടാമതൊരു തവണ വായിച്ചാല്‍ തീര്‍ക്കാമായിരുന്നു.
മിഴിനീര്‍ത്തുള്ളിയുടെ മിഴികള്‍ നിറഞ്ഞു.
Post a Comment