Showing posts with label സുൽത്താൻ. Show all posts
Showing posts with label സുൽത്താൻ. Show all posts

Wednesday, June 3, 2015

ഞാൻ വീണ്ടും വരുന്നു...

പറയാൻ ബാക്കിവെച്ച കഥകളുടെ കെട്ടുമായി, ഞാൻ വീണ്ടും വരുന്നു...

സവിനയം സ്വീകരിക്കുക. 


സുൽത്താൻ 




Monday, June 21, 2010

9 - സൈനയും ഹമീദും

ഒരിരബലോടെ വിമാനം റൺ‌വെയിൽ തെട്ടതും, ഗതകാലസ്മരണകളിൽ പാറിനടന്നിരുന്ന മനസ്സും മണ്ണിൽതെട്ടു.

“സ്വപ്നം കാണുകയായിരുന്നു ല്ലെ” അടുത്ത സീറ്റിലിരിക്കുന്നവൻ പെട്ടിയെടുക്കുവാനുള്ള തിടുക്കത്തിലാണ്. കൂടണയാൻ കൊതിക്കുന്ന കിളികളെപോലെ, എത്രയും പെട്ടെന്ന് പുറത്ത്‌കടക്കുവാനുള്ള വെമ്പൽ പലരുടെയും മുഖത്തുണ്ട്.

------------

ഒരുകൊച്ച്‌കുടിലിനുള്ളിൽ പൊട്ടിച്ചിരിയുടെ അലകളുയരുന്നു. എത്രദൂരെയാണെങ്കിലും, എനിക്കവന്റെ ശബ്ദം വ്യക്തമാവും. കിനാവും കണ്ണിരും ഒരുമിച്ച് പങ്ക്‌വെച്ചവന്റെ ശബ്ദം. കുബൂസും അച്ചാറും നല്ല കോബിയാണെന്ന് പറഞ്ഞവൻ. പച്ചവെള്ളംകുടിച്ച് കിടന്നുറങ്ങുവാൻ പഠിപ്പിച്ചവൻ.
പ്രാരബ്ദങ്ങളുടെ കഥകൾ ആരോടും പറയരുതെന്നും, ജീവിക്കുന്നത് സുൽത്താനായിട്ടാവണമെന്നും പറഞ്ഞവൻ.

“ഇവിടെ ആരൂല്ലെ” ആളുണ്ടെന്നറിഞിട്ടും, ഔപചാരികതയുടെ മേൽമുണ്ട് പുതച്ച വാക്കുകൾക്ക്, “ആരാത്?’ എന്ന ചോദ്യവുമായി, തട്ടംകൊണ്ട് മുഖം തുടച്ച്‌കടന്ന്‌വരുന്നവളെ കണ്ട് ഞാൻ അൽഭുതപ്പെട്ടു. ഒട്ടിയകവിളും, പ്രതീക്ഷയറ്റ മിഴികളുമായി, സൈന. വർഷങ്ങൾക്ക് മുൻപ് പുതുമണവാട്ടിയായി, ഹമീദിന്റെ കൈപിടിച്ചെത്തിയ നാണംകുണിങ്ങിപെണ്ണിന്റെയും, പ്രസവശേഷം, തടിച്ച്‌വീർത്ത ഗൾഫുകാരന്റെ ഭാര്യയുടെയും ചിത്രങ്ങൾ എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു.

നനവ് പടരുന്ന മിഴികൾ തുടച്ചവൾ ചോദിച്ചു “സുൽത്താനിക്കാ എന്നാ വന്നത്” “ഇന്നലെ രാവിലെ എത്തി” സ്വപ്നാടനത്തിലെന്നപോലെ അകത്തേക്ക് കടക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.

“ഇക്കയുടെ മനസ്സിൽ അമൂല്യമായി സൂക്ഷിക്കുന്ന മുത്തുകൾ ചിലപ്പോഴോക്കെ, വീണ് കിട്ടാറുണ്ട്. പലരുടെയും സ്നേഹിക്കുന്ന മുഖം അങ്ങനെ ഞാൻ തിരിച്ചറിയുന്നു. നന്ദിയുണ്ട് ഒരുപാട്. കൂട്ടും കുടുംബവും തിരിഞ്ഞ്‌നോക്കാത്തവനെ, സ്നേഹിക്കാനും സഹായിക്കാനും സന്മനസ്സ് കാണിക്കുന്നതിന്”

"സൈനാ, ഹമീദിനോട് ചെയ്യുന്നത് സഹായമല്ല, എന്റെ കടമയാണ്” ഞാൻ അവളെ വിലക്കി.

“ഇക്കാ, പണ്ട് പലപ്പോഴും കുടുംബത്തിന്റെ ബാധ്യതകൾ എന്റെ തലയിലേറ്റിവെച്ച് തന്നിരുന്നു. അന്നോക്കെ ഞാൻ ദേഷ്യത്തോടെ ചോദിക്കുമായിരുന്നു. “ഇതോക്കെ നിങ്ങൾക്ക് ചെയ്തലെന്താ”ഇന്നറിയാം, വരുംകാലത്തിലേക്ക്, കാലിടറാതെ നടക്കുവാൻ, എന്നെ പ്രപ്തയാക്കുകയായിരുന്നോ?. കുറഞ്ഞകാലയളവ്‌കൊണ്ട്, മതിവരുവോളം എന്നെ സ്നേഹിച്ചത്, ഇപ്പോൾ അതോക്കെ തിരിച്ച്‌വാങ്ങുവാനായിരുന്നല്ലോ.ഒരോ വേക്കേഷനും ഒരോ വസന്തകാലമായിരുന്നു. മനസ്സും ശരീരവും പിഴിഞെടുത്തെ മടങ്ങാറുള്ളൂ. ഒരു ജന്മം മുഴുവൻ
അനുഭവിക്കേണ്ട സ്നേഹം ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്ന്തീർത്തുവോ?. "

സങ്കടപുഴയുടെ കുത്തോഴുക്കിൽ ഞാൻ എല്ലാം മറന്നിരുന്നു. പ്രയാസങ്ങളുടെ ഭാണ്ഡംതുറക്കുവാൻ കിട്ടിയ അവസരമെന്നപ്പോലെ, അവൾ പിന്നെയും പറഞ്ഞ്‌കൊണ്ടിരുന്നു. ഒരു സാധരണ ഗൾഫുകാരന്റെ ഭാര്യയുടെ സ്വപ്നങ്ങളും, പ്രതീക്ഷകളും. ഒപ്പം ചിറകൊടിഞ്ഞ ഇണകിളിയുടെ പരിഭവങ്ങളും.

“എനിക്ക് തന്ന സ്നേഹത്തിന്റെ ഒരംശം‌പോലും തിരിച്ച്‌കൊടുക്കുവാൻ എനിക്കാവില്ലെന്നറിയാം. എങ്കിലും, കാത്തുസുക്ഷിക്കുകയാണ് ഈ നിധി ഞാൻ. എന്റെ മരണംവരെ.“

ഞാൻ ഹമീദിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. ഒരു കൊച്ചുകുഞ്ഞിന്റെ നിശ്കളങ്കഭാവം.

ആദ്യമായി സൌദിയിലെത്തിയപ്പോൽ മുതൽ കിട്ടിയ ഒരു കൂട്ട്. മെസ്സ് റൂമിൽ ഒരുമിച്ചുണ്ടും കളിച്ചും ചിരിച്ചും ഞാനും ഹമീദും. ഉം‌റ വിസയെടുത്ത് എത്തിയവരാണ് ഞങ്ങൾ. ഇടക്ക് എന്തെങ്കിലും ചെറിയ പണിക്ക് പോവും. വലിയ സ്വപ്നങ്ങളുമായി ജീവിക്കുന്ന, ഒരു ചെറിയ മനുഷ്യനെ എനിക്ക് നന്നെ ബോധിച്ചു. ആ കൂട്ട്കെട്ട് വളർന്നു.

പലരും പലവട്ടം ഭാഗ്യപരീക്ഷണം നടത്തി പരാജയപ്പെട്ട ഒരു ബൂഫിയ, കടംവാങ്ങിയും ചിട്ടിപിടിച്ചും ഹമീദ് സ്വന്തമാക്കി. വേണ്ടെന്ന് എല്ലാവരും ഉപദേശിച്ചെങ്കിലും, “ബിസിനസ്സല്ലെ, കിട്ടിയാൽ കിട്ടി, പോയാൽ പോയി” എന്ന് പറഞ്ഞവൻ.

ഞാനും അവനെ നിരുത്സാഹപ്പെടുത്തുവാൻ ശ്രമിച്ചു. അതിനവന്റെ മറുപടി. "സുൽത്താനെ, ഞാൻ കടംവാങ്ങുന്നത് 5000 റിയാലല്ലെ ഉള്ളൂ. ഈ ബിസിനസ്സ് വിജയിച്ചില്ലെങ്കിൽതന്നെ,
അദ്ധ്വനിക്കുവാനുള്ള കരുത്ത്, ഈ കൈകൾക്കുണ്ട്. വാങ്ങിയത് തിരിച്ച് കൊടുക്കാൻ കഴിയും"

അത്മവിശ്വാസം ആവോളമുള്ളവൻ സ്വപ്നങ്ങൾ നട്ട് നനച്ച് വളർത്തിയെടുത്തു. ഹമീദിന്റെ വിജയത്തിന്റെ ആദ്യപടിയായിരുന്നു അത്. രണ്ട് വർഷംകൊണ്ട്, ജിദ്ധയിലെ വിവിധഭാഗങ്ങളിൽ നാലഞ്ച് സ്ഥാപനങ്ങൾ തുടങ്ങുവാൻ ഹമീദിന്‌ കഴിഞ്ഞു.

കുടുംബത്തിന്റെ അത്താണിയായവൻ, വളർന്ന് പന്തലിച്ചപ്പോൾ, ആ തണലിൽ രക്ഷപ്പെട്ടത് പലരുടെയും ജീവിതമായിരുന്നു. ആരെയും കൈയയഞ്ഞ് സഹായിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്നവൻ. അറബിപെന്നിന്റെ പത്തരമാറ്റ്, ഹമീദിന്റെ കണ്ണുകളെ അശ്ചര്യപ്പെടുത്തുന്നില്ലെന്ന്, യതീമായ ഒരു പെൺകുട്ടിയുടെ, സൈനയുടെ, കൈപിടിച്ചവൻ ജീവിതത്തിന്റെ പടികടന്നപ്പോൾ മനസ്സിലായി.

ഹമീദിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. അതിലും പെട്ടെന്നായിരുന്നു അവന്റെ തളർച്ച.

അവൻ അകമഴിഞ്ഞ് സഹായിച്ച, വിശ്വസിച്ച, സ്നേഹിച്ച സുഹ്ര്‌ത്ത്‌തന്നെ, അവന്റെ വേരറുക്കുകയായിരുന്നു.

9

Saturday, May 29, 2010

8 - ഹൈസ്കൂളിൽ

സ്കൂൾ തുറന്നു. വിട്ടിൽനിന്നും 4-5 കിലോമിറ്റർ അകലെയുള്ള സ്കൂൾ. ചെമ്മൺപതയിലൂടെയുള്ള യാത്ര. നാലും അഞ്ചും വർഷം, മുറതെറ്റാതെ തോൽക്കുകയും, 8-9 ക്ലാസുകളിൽനിന്ന് പിരിഞ്ഞ്‌പോകുവാൻ ഒട്ടും താൽപര്യമില്ലാത്ത മുതിർന്ന ചേട്ടന്മർ. ഓരോ സംഘടനയിലേക്കും പുതുമുഖങ്ങളെ ചേർക്കുവാനുള്ള മത്സരദിവസങ്ങൾ. നയങ്ങളും ന്യായങ്ങളുമില്ല. കൂട്ടുകാരന്റെ പാർട്ടി സുൽത്തന്റെയും പാർട്ടിയായി.

ഗവൺമന്റ്‌ സ്കൂളുകളിലെ പതിവ്‌ കലപരിപാടികളായ സമരവും, അടിയും ഇടിയും, ബസ്സുകളുടെ നേരെയുള്ള കല്ലേറും, എല്ലാം കഴിഞ്ഞ്‌ കിട്ടുന്ന ഏതാനും ദിവസങ്ങളിലെ പഠിത്തം. അനിയന്ത്രിതമായ ജനസഖ്യവർദ്ധനവിന്റെ ഫലമായി മാത്രം പസാകുന്നവരായിരുന്നു ഗവൺമന്റ്‌ ഹൈസ്കൂൾ കുട്ടികൾ.

സമരമുണ്ടെന്ന് അറിഞ്ഞാൽ എതിർപാർട്ടിക്കാർ ആദ്യം ചെയ്യുക, സ്കൂളിലെ ബെല്ലെടുത്ത്‌, ഹെഡ്‌മാസ്റ്ററുടെ മുറിയിലെത്തിക്കുക എന്നതായിരുന്നു. ബെല്ല് നഷ്ടപ്പെട്ടാൽ സമരം പൊളിഞ്ഞിരുന്ന കാലം. അതിന്‌വേണ്ടി, ബെല്ലെടുത്ത്‌ കിണറ്റിലിട്ട സംഭവങ്ങൾ വരെയുണ്ട്‌. പത്ത്‌ മിനിട്ട്‌ മുദ്രവാക്യംവിളിയുമായി ക്ലാസുകളിലൂടെ നടന്ന്, ബെല്ലിനടുത്തെത്തി നീട്ടിയടിച്ചാൽ സമരം വിജയിച്ചു. സമരം മൂലം അടിപിടി നടന്നിരുന്നില്ലെങ്കിലും, ബെല്ലിന്‌വേണ്ടി പലപ്പോഴും ചോരയൊഴുകിയിരുന്നു.

ഹൈസ്കൂൾ വിദ്യാഭ്യാസഘട്ടത്തിന്റെ പ്രതേകളിൽ എന്നും വിശ്‌മയംകൊള്ളിച്ചിരുന്നത്‌, തന്റേടത്തോടെ, ശരിയോ തെറ്റോ എന്നറിയാതെയുള്ള, ചോരതിളപ്പിന്റെ എടുത്തുചാട്ടങ്ങളായിരുന്നു. കുട്ടിയിൽനിന്നും വിട്ട്‌, യുവാവായിട്ടില്ലാത്തവന്റെ പരിണാമഘട്ടം. മറത്തടക്കിപിടിച്ച പുസ്തകങ്ങളുമായി, പാറിനടക്കുന്ന പവാടകാരികളുടെ ഇഷ്ടം നേടാൻ കൊതിക്കുന്ന പ്രായം.

കുത്തിയോലിച്ചോഴുക്കുന്ന മഴവെള്ളത്തിലൂടെ ഇടവഴികൾ താണ്ടി, പുസ്തകങ്ങളുമായി നടന്നിരുന്ന കാലം.

വിരിഞ്ഞതും, വിരിയാൻ കൊതിക്കുന്നതുമായ പുഷ്പവല്ലികളാൽ ചുറ്റും പ്രഭപരത്തിനിൽക്കുന്നവരിൽ, സുറുമയിട്ട, കൊലുസണിഞ്ഞ, മാൻമിഴിയാൾ, എങ്ങിനെ സുൽത്താനോട്‌ അടുപ്പം കാണിച്ചു എന്നറിയില്ല. സ്പെഷ്യൽ ക്ലാസുകളുള്ള ദിവസങ്ങളിൽ, ആരും കാണതെ, കിണറ്റിൻകരയിൽനിന്നും പച്ചവെള്ളം കോരികുടിച്ച്‌, വിശപ്പടക്കുന്നവനോട്‌, സമ്പന്നതയുടെ മടിതട്ടിലിരിക്കുന്നവൾക്ക്‌ തോന്നിയ കൗതുകമാവാം. ദിവസങ്ങൾ പിന്നിടുബോൾ, അകലം സൂക്ഷിക്കുവാനുള്ള കഴിവും, ഇല്ലായ്മയുടെ അപകർശതാബോധവും സുൽത്താനെ വിട്ടൊഴിഞ്ഞിരുന്നു.

സ്കൂൾ വിട്ട്‌, വിട്ടിലെത്തിയാൽ, ഉമ്മയുടെ കൂടെ അരിവാളെടുത്ത്‌, പുല്ലറുക്കാൻ പോവും സുൽത്താൻ. ഹാജിയാരുടെ തൊഴുത്തിൽ അവയെത്തിച്ചാൽ കിട്ടുന്ന ചെറിയനോട്ടുകൾ പലപ്പോഴും ആ കുടുംബത്തിന്റെ വിശപ്പടക്കാൻ പാകമായിരുന്നു. പതിയെ, പുല്ലറുക്കാനും, അവ തലയിലേറ്റി ഹാജിയാരുടെ വീട്ടിലെത്തിക്കാനും സുൽത്താൻ തനിയെ ശ്രമിച്ചു. ആ ശ്രമം വിജയിച്ചിടത്ത്‌നിന്നാവാം, അധ്വാനിക്കുന്നവന്റെ കരുത്തും, എന്തിനെയും നേരിടാനുള്ള ചങ്കൂറ്റവും, എങ്ങിനെയും ജീവിക്കാം എന്ന വലിയ പാഠവും, സുൽത്താൻ കരസ്ഥമാക്കിയത്‌.

ഒഴിവ്‌ ദിവസങ്ങളായ ശനിയും ഞായറും കൂട്ടുകാർ ആടിതിമർത്താഘോഷിക്കുമ്പോൾ, സുൽത്താൻ പുതിയ മേച്ചിൽപുറങ്ങൾ അനേഷിക്കുകയായിരുന്നു. അങ്ങിനെയാണ്‌, ഒരു ദിവസം ഹാജിയാരുടെകൂടെ, പാലംപണിയുന്നവരുടെ കൂട്ടത്തിൽ കോൺഗ്രീറ്റിന്റെ ജോലിക്ക്‌ പോയത്‌. ചെറിയ തോടിന്‌ കുറുകെ, പാലം നിർമ്മിക്കുവാനുള്ള കരാർ ഹാജിയർ ഏറ്റെടുത്തിരുന്നു. (IRDP ആണെന്ന് തോന്നുന്നു). ഇളകിമറിയുന്ന കോൺഗ്രീറ്റിലേക്കും, അത്‌ ചട്ടിയിലാക്കി വീശിയെറിയുന്നവരിലേക്കും, ഉന്നംതെറ്റാതെ, ചട്ടി പിടിച്ചെടുത്ത്‌, കൈമാറ്റം ചെയ്യുന്നവരുടെ ചടുലനീക്കങ്ങളും സകൂതം വീക്ഷിച്ച്‌, ഇനി നിക്കണോ, പോണോ എന്നറിയാത്ത അവസ്സ്ഥയിൽ അമ്പരന്ന് നിൽക്കുന്ന സുൽത്താനോട്‌, ഹാജിയാർ പറഞ്ഞു.

"സുൽത്താനെ, ചിന്നമ്മു അപ്പുറത്ത്‌ ഭക്ഷണമുണ്ടാക്കുന്നുണ്ട്‌. അവൾക്ക്‌ വേണ്ട സാധനങ്ങൾ എന്താണെന്ന് ചോദിച്ച്‌, നീ കടയിൽ പോയി വാങ്ങിയിട്ട്‌ വാ".

തോർത്ത്‌മുണ്ട്‌ തലയിൽകെട്ടി, അത്മവിശ്വാസംകൈവിടാതെയുള്ള സുൽത്താന്റെ മുഖഭാവങ്ങൾ പിന്നെയും മിന്നിമറഞ്ഞു.

അല്ലറ ചില്ലറ പണികളുമായി, ഒഴിവ്‌ ദിവസങ്ങളിൽ ഹാജിയാരുടെ കൂടെ സുൽത്താനും സ്ഥിരാംഗമായി.

കരകാണാതെ തുഴയുകയായിരുന്ന ഒരു കുടുംബത്തിന്റെ പ്രതീക്ഷയും പ്രത്യാശയും, ഒപ്പം, ഭാരിച്ച ഉത്തരവാദിത്ത്വവും സ്വയം ചുമലിലേറ്റി സുൽത്താൻ നടക്കുകയാണ്‌.



8

Saturday, April 24, 2010

7 - കിഴിശ്ശേരിയിലെ മാമ്പഴക്കാലം.

അരീക്കോട്ടേക്ക്‌ മുക്കിയും മൂളിയും സമയം തെറ്റിയും ഓടികൊണ്ടിരുന്ന ഒരേ ഒരു ബസ്സ്‌, അതാണ്‌ കുരിക്കൾ. നിറയെ യാത്രകാരുമായി കിതച്ച്‌കൊണ്ടുള്ള അവന്റെ യാത്ര നിയന്ത്രിക്കുന്നത്‌, വൃദ്ധനായ കോയാക്കയാണ്‌. ആര്‌ എവിടെനിന്ന്‌ കൈ കാണിച്ചാലും കുരിക്കൾ നിർത്തും.

സുൽത്താനും മാളുഅമ്മായിയും ഞെങ്ങിഞ്ഞെരുങ്ങി ബസ്സിലിരിക്കുന്നു. പതിമൂന്ന് വയസ്സുകാരന്റെ ജാള്യതയോടെ സുൽത്താൻ അമ്മായിയുടെ മടിയിലിരിക്കുന്നു. എന്നാൽ ഒരു കൊച്ചുകുഞ്ഞിനെ എന്നവണ്ണം, അമ്മായി അവനെ മുറുകെ പിടിച്ചിരിക്കുകയാണ്‌. സുരക്ഷിതത്തിന്റെ വൻമതിലിനകത്ത്‌, സ്നേഹത്തിന്റെ കോട്ടക്കുള്ളിലായിരുന്നു സുൽത്താൻ.

കിഴിശ്ശേരിയിൽ ബസ്സിറങ്ങി, കൈതകാടുകൾ നിറഞ്ഞ വയൽവരമ്പിലൂടെ കുന്നും മലയും താണ്ടി, എത്രനേരം നടന്നു എന്നറിയില്ല. വഴിയരികിൽ, കാണുന്നവരോടോക്കെ സംസാരിച്ച്‌, വിശേഷങ്ങൾ പങ്ക്‌വെച്ച്‌, നിർത്താതെ സംസാരിച്ച്‌കൊണ്ട്‌ അമ്മായി നടന്നു.

നിറയെ പഴുത്ത്‌നിൽക്കുന്ന മാവുകളുള്ള ഒരു പറമ്പ്‌. അതിന്റെ നടുവിലായി മൺകട്ടകൾകൊണ്ട്‌ നിർമ്മിച്ച ഒരു കുഞ്ഞുവീട്‌. ഉമ്മറത്ത്‌ തന്നെ ആകാംക്ഷയോടെ അമ്മായിയെ പ്രതീക്ഷിച്ചിരിക്കുകയാണ്‌ കാക്ക. അമ്മായിയെ കണ്ടതും, "നേരേത്രായീന്നറിയോ അനക്ക്‌. ഇപ്പോ വെരാന്ന്‌ പറഞ്ഞി പോയാതാ" എന്ന്‌ പറഞ്ഞ്‌ കൃത്രിമഗൗരവം അഭിനയിക്കുന്ന കാക്ക.

"ഇങ്ങളെന്തിനാ ബെജാറാവ്‌ണ്‌, ഞാൻ ഇന്റോട്‌ക്ക്‌ പോയതാല്ലെ. ബസ്‌ കിട്ടാൻ നേരം ബെഗി" എന്നു പറഞ്ഞ്‌ അമ്മായി അകത്തേക്ക്‌. കാക്ക സുൽത്താനെ പിടിച്ച്‌, മുടിയിൽ തലോടികൊണ്ട്‌ ചോദിച്ചു. "പരീക്ഷോക്കെ കയ്‌ഞ്ഞോ? ജെയ്ച്ച്വോ?." ഉവ്വെന്ന്‌ സുൽത്താൻ തലയാട്ടി.

അമ്മായി വസ്ത്രം മാറി, കൈയിൽ ഒരു അലുമിനിയ പാത്രവുമായി പുറത്തേക്ക്‌ വന്നു. നേരെ കാലിതൊഴുത്തിലേക്ക്‌ നടന്നു. അപ്പോഴെക്കും, ഒന്ന്‌ രണ്ട്‌ പഴുത്ത മാങ്ങകളുമായി കാക്ക വന്നു. "ഇന്നാ' എന്ന്‌ പറഞ്ഞ്‌ അത്‌ സുൽത്താണ്‌ നൽകി. ഇറയത്തിരുന്ന്‌ സുൽത്താൻ കോമാങ്ങ ഇമ്പികൊണ്ട്‌, അമ്മായി പാൽകറക്കുന്നത്‌ നോക്കിയിരുന്നു.

"പുല്ല്‌ കെറച്ചെ കിട്ടിട്ടുള്ളൂ, ഇനെകൊണ്ട്‌ എറ്റാൻ കയ്യൂലാ"

"അത്‌ മതി, ബാക്കി വൈക്കോല്‌ കൊട്‌ക്കാ"

എന്നും രാവിലെ എഴുന്നേറ്റ്‌ അമ്മായി പാല്‌ കറക്കും. ചായകുടിച്ച്‌ സുൽത്താനെയും കൂട്ടി പുല്ലരിയാൻ പോകും. ഉച്ചയ്ക്ക്‌ മുൻപ്‌ വീട്ടിൽ തിരിച്ചെത്തും. ഒരിക്കൽ പോലും സുൽത്താനെ പുല്ലരിയാനോ പുല്ല്‌ ചുമകാനോ സമ്മതിച്ചില്ല. സ്വന്തം കുഞ്ഞിനോട്‌ ഒരു മാതാവിന്‌ തോന്നുന്ന സ്നേഹത്തിലുപരി, ശ്രദ്ധയും പരിചരണവും അവർ സുൽത്താന്‌ നൽകി. പെട്ടെന്ന്‌ തന്നെ അയൽപക്കത്തെ കുട്ടികളുമായി സുൽത്താൻ ചങ്ങാത്തമായി. അവരിലോരാൾ, ഗഫൂർ, എട്ടാം ക്ലാസിലാണ്‌ പഠിക്കുന്നത്‌. അവൻ പറഞ്ഞു "സുൽത്താനെ ഞാൻ ജയിച്ചാൽ എന്റെ പുസ്തകം നിനക്ക്‌ തരട്ടോ" വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും, പുതിയ പുസ്തകങ്ങളും വസ്ത്രങ്ങളും എന്നും പ്രതീക്ഷകപ്പുറമായിരുന്നല്ലോ സുൽത്താന്‌.

ഇടക്കൊരു ദിവസം, അബു വന്നു, സുൽത്താൻ എട്ടാംക്ലാസിലേക്ക്‌ വിജയിച്ചു എന്ന് പറഞ്ഞു. അടുത്തയാഴ്ച ഹൈസ്കൂളിൽ ചേർത്തണം. "വെള്ള്യയ്ഴ്ച ഞാൻ ഓനെ കൊണ്ടെന്നാക്കി തെരണ്ട്‌" എന്ന് അമ്മായി പറഞ്ഞപ്പോൾ അബു മടങ്ങി.

സുൽത്താൻ വിജയിച്ച വിവരം ഗഫൂറിനോട്‌ പറഞ്ഞെങ്കിലും, അവൻ പുസ്തകം തന്നില്ല. അതിനുള്ള കാരണം.

പതിവ്‌ പോലെ, കയറ്‌ കെട്ടി, ബസ്സുണ്ടാക്കി, ഇടവഴികളിലൂടെ "പീ, പീ" എന്ന് പറഞ്ഞ്‌ ഓടികളിക്കുന്ന സമയത്ത്‌, അന്നത്തെ റൂട്ട്‌, ഇത്തിരി മാറ്റി, കോയക്കയുടെ പറമ്പിന്റെ ഇടവഴികളിലൂടെ പോയപ്പോൾ, "പഞ്ചാര മാങ്ങ" എന്ന് വിളിക്കുന്ന, അതിമധുരമുള്ള മാവിൽ നിറയെ, ചെറിയ മാമ്പഴങ്ങൾ പഴുത്ത്‌ നിൽക്കുന്നിടത്ത്‌, ബസ്സ്‌ ബ്രേക്കിട്ടു. കൂട്ടത്തിൽ മരം കയറുവാൻ അതിവിദക്തനായ ഗഫൂർ, നിമിഷങ്ങൾക്കകം മാവിലെത്തി. മാമ്പഴത്തിന്റെ രൂചിയിൽ സുൽത്താന്റെ എതിർപ്പും അലിഞ്ഞില്ലാതായി. നല്ലപോലെ പഴുത്ത മാമ്പഴം തിരഞ്ഞ്‌ ഗഫൂർ ചില്ലകളിലൂടെ നടക്കുന്ന സമയത്താണ്‌, അവന്‌ ബോഡി ഗാർഡായി, വഴിയരികിൽ നിന്ന സുൽത്താനും കുട്ടരും, സുബൈദ താത്ത, ആ വഴിവരുന്നത്‌ കണ്ടത്‌. പെട്ടെന്ന്, "ഗഫൂറെ ചാടിക്കോ" എന്ന് പറഞ്ഞതും, മറ്റുള്ളവർ, പൊന്തകാടുകളിൽ മറഞ്ഞിരുന്നു. ഗഫൂർ തഴെയിറങ്ങാനുള്ള വെപ്രാളത്തിൽ, ഉടുത്തിരുന്ന മുണ്ട്‌, മാവിന്റെ കൊമ്പിലുടുക്കി. പാതിവഴിയെത്തിയ ഗഫൂർ, ഇനി അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് സംശയിച്ച്‌ നിന്നു. പൊന്തകാടുകളിൽനിന്നും എന്തോ അനങ്ങുന്ന ശബ്ദം കേട്ട്‌ സുബൈദ നാല്‌ പാടും നോക്കി. സുബൈദ കാണുമെന്ന് പേടിച്ച്‌ വിറച്ച ഗഫൂറിന്റെ വിറയലിന്റെ ശക്തിയിൽ ഒരു മാങ്ങ താഴെ വീണു.

മാങ്ങ കണ്ടതും, നാവ്‌ നൊട്ടിനുണഞ്ഞ്‌, സുബൈദ, മാങ്ങ വന്ന വഴി വെറുതെ നോക്കിയപ്പോൾ, ഗഫൂർ, ചിരിക്കണോ കരയണോ എന്നറിയാതെ, ഒരു മാവിലകൊണ്ട്‌, മെയിൽ പാർട്ട്‌സ്‌ മറക്കുവാൻ ശ്രമിച്ചെങ്കിലും, കാറ്റ്‌ അതുമായി പോയി.

"ഡാ അമുക്കെ, ഇജി, മാങ്ങ പറച്ചി തായത്ത്‌ക്ക്‌ട്ട്‌, ഞമ്മളെ വടിയാക്ക്യാണ്‌ ല്ലെ. ചെക്കൻ കുണ്ടിം കാണിച്ചി നിക്ക്‌ണ്‌ കണ്ടില്ലെ, ഞാം ഇന്ന് അന്റെ ഇമ്മാനോട്‌ പറഞ്ഞികൊട്‌ക്കും. പെണ്ണ്‌ കെട്ടാൻ വയസ്സായീന്ന് ഞാം ഇമ്മാനോട്‌ പറയ്യ്‌ണ്ട്‌"

ഒന്നൂടെ ഗഫൂറിനെ നോക്കി, പിന്നെ തിരിഞ്ഞ്‌ മാങ്ങയെടുത്ത്‌ സുബൈദ താത്ത നടന്നകന്നു. ഈ താത്ത എന്തിനാ ചൂടാവുന്നതെന്നറിയാതെ ആശ്ചര്യപെട്ട്‌, പെണ്ണ്‌കെട്ടാൻ പ്രായമായീന്ന് എങ്ങനെ സുബൈദതാത്ത ഇത്രപെട്ടെന്ന് കണ്ട്‌പിടിച്ചു എന്ന അൽഭുതത്തോടെ, ഞങ്ങൾ എല്ലാവരും ഗഫൂറിനെ നോക്കിയപ്പോൾ, രണ്ട്‌കൈകൊണ്ടും കൊമ്പിൽ മുറുക്കെപിടിച്ച്‌, ഗഫൂർ നിൽക്കുന്നു. അവന്റെ തുണി, തഴെ വിശാലമായി കിടക്കുന്നു.

ചിരിക്കാതിരിക്കാൻ പട്‌പെടുന്നവർക്കിടയിൽനിന്നും, നിയന്ത്രണംവിട്ട്‌ ആദ്യം ചിരിച്ചത്‌ സുൽത്താനായിരുന്നു. ആ ഒരോറ്റകാരണംകൊണ്ട്‌, സുൽത്തന്‌ അവൻ പുസ്തകം കൊടുത്തില്ല. മാത്രമല്ല, പിന്നീട്‌ ഇന്ന് വരെ, സുബൈദതാത്തയോട്‌ ഗഫൂർ മിണ്ടിയിട്ടുമില്ല.


7

Tuesday, April 13, 2010

6 - അവധികാലം

എഴാം ക്ലാസ്‌ പരീക്ഷ കഴിഞ്ഞ്‌, സ്കൂൾ വേക്കേഷന്റെ ഒരു മാസകാലം. അന്നും ഇന്നും കുട്ടികളുടെ ഉത്സവ നാളുകളാണ്‌ അവധികാലം.

രാവിലെ, തകാളിപെട്ടിയിൽ, നാലഞ്ച്‌ കുഞ്ഞുഭരണികൾ നിറയെ മിഠായികളുമായി, വീട്ടിനടുത്തുള്ള ഇടവഴിയിൽ, ഹാജിയരുടെ പറമ്പിൽ, ഇന്തോലകൾകൊണ്ട്‌ നിർമ്മിച്ച തന്റെ കടയിലേക്ക്‌ പോവുകയാണ്‌ സുൽത്താൻ.

ശീമകൊന്നയുടെ നാല്‌ കാലിൽ, സുൽത്താനിരിക്കാൻ മാത്രം വലിപ്പത്തിൽ നിർമ്മിച്ച കട. അതിനകത്ത്‌, ചാക്ക്‌ വിരിച്ച്‌ സുൽത്താനിരിക്കും. മുന്നിൽ, നാലോ അഞ്ചോ കുഞ്ഞു ഭരണികൾ നിറയെ പലതരത്തിലും നിറത്തിലുമുള്ള മിഠായികളുണ്ടാവും. അഞ്ച്‌ പൈസ, പത്ത്‌ പൈസ മിഠായികൾ. ഇടവഴിയിലൂടെ കടന്ന് വരുന്നവരെ പ്രതീക്ഷയോടെ നോക്കിനിൽക്കും സുൽത്താൻ. അവർ കടന്ന് പോയാൽ അടുത്ത കാലോച്ച കാതോർത്ത്‌ വീണ്ടും കാത്തിരിപ്പ്‌.

രാവിലെയും വൈകുന്നേരവും, സഹപാഠികളും, അയൽപക്കത്തുള്ളവരുമായ ഒരു കൂട്ടം തന്നെ അവിടെ സമ്മേളിക്കും. പിന്നെ കളിയാണ്‌. ഗ്രൂപ്പ്‌ തിരിഞ്ഞും ഒറ്റക്കും, എല്ലാവരും ഹാജിയാരുടെ പറമ്പ്‌ കളികളമാക്കി മാറ്റും. ഇതിനിടയിൽ, അടിയും ഇടിയും ആവോളം നടന്നിട്ടുണ്ടാവും. വെകുന്നേരമാകുമ്പോൾ മൊത്തം കച്ചവടം രണ്ട്‌ രൂപ കടന്നാലായി. പെട്ടിയും ചാക്കും തലയിലേറ്റി തിരിച്ച്‌ വീട്ടിലേക്ക്‌. അപ്പോഴെക്കും അരി വരുത്തതും ഒരു ചെറിയ കഷ്ണം ശർക്കരയും കട്ടൻ ചായയും തയ്യറാക്കി ഇമ്മുട്ടി കാത്തിരിക്കും. അതും കഴിച്ച്‌, വീണ്ടും ഓടും, സ്കൂൾ ഗ്രൗണ്ടിലേക്ക്‌.

ആ പ്രദേശത്തെ, മുതിർന്ന 10-14 ആളുകൾ ഫുട്ട്‌ബോൾ കളിക്കുന്നുണ്ടാവും. അവരുടെ എണ്ണം തികഞ്ഞില്ലെങ്കിൽ, ആദ്യം വരുന്നവന്‌ നറുക്ക്‌ വീഴും, മിക്കവാറും ഗോളിയായിട്ട്‌. പക്ഷെ സുൽത്താൻ എപ്പോഴും വൈക്കുന്നത്‌ കാരണം, ഗോളിയുടെ ബാക്കിൽ, ഗോളികിപ്പറായാണ്‌ സ്ഥാനം. മുതിർന്ന ചേട്ടന്മർ അടിച്ച്‌വിടുന്ന പന്തിനു പിന്നാലെ, പറപുറത്ത്‌കൂടെ, ഒരു പട തന്നെയുണ്ടാവും.

സുൽത്താന്റെ വീട്ടിനടുത്തുള്ള വലിയ പറമ്പ്‌, കുട്ട്യാലി ഹാജിയുടെതാണ്‌. അറിയപ്പെടുന്ന പണക്കാരൻ. മക്കയിൽ പോയി ഹജ്ജ്‌ ചെയ്യുവാൻ ഭാഗ്യം ലഭിച്ചവൻ. ഹാജിയാരുടെ, പാറപോലെയുള്ള മണ്ണിൽ, അബു കപ്പയും വാഴയും കൃഷി ചെയ്തു. ചക്കയും ചക്ക കുരുവും കറി വെച്ചു. അങ്ങിനെയിരിക്കവെ, അബുവിന്‌ അസുഖം ബാധിച്ച്‌ ഒരാഴ്ച കിടപ്പിലായി. കഞ്ഞിയും, കപ്പയും, ചക്കയുമായി തുടങ്ങിയ ആഴ്ച അവസാനിക്കുമ്പോൾ, അടുകളയിൽ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. അപ്പോഴാണ്‌, സുൽത്താന്റെ അമ്മായി, മാളു എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന പാത്തുമ്മ കിഴിശ്ശേരിയിൽനിന്നും വരുന്നത്‌. തലയിൽ ഒരു സഞ്ചിയുണ്ട്‌. കൈയിൽ മറ്റോരു സഞ്ചിയും. അമ്മായിയെ ദൂരെന്ന് കണ്ടതും സുൽത്താൻ, "ഇമ്മാ, മാളു അമ്മായി വെരണ്‌ണ്ട്‌" എന്ന് പറഞ്ഞു ഓടിപോയി. അമ്മായിയുടെ കൈയിൽനിന്നും ഒരു സഞ്ചിവാങ്ങി തലയിവെച്ചു.

"മാളൂ, കേറി ഇരിക്ക്‌ണീ" എന്ന് പറഞ്ഞ്‌, ഇമ്മുട്ടി അമ്മായിയെ അകത്തേക്ക്‌ ക്ഷണിച്ചു.

"ദാ, താത്തെ, ഇത്‌ ഇട്‌ത്ത്‌വെച്ചാളീ" എന്ന് പറഞ്ഞ്‌ അമ്മായി രണ്ട്‌ സഞ്ചിയും ഇമ്മുട്ടിയെ എൽപ്പിക്കുന്നു. "എന്താത്‌, ഇജി എന്ത കെട്ടിവലിച്ച്‌ കൊണ്ടന്നത്‌" എന്ന് പറഞ്ഞ്‌ സഞ്ചി തുറന്ന ഇമ്മുട്ടി ഒരു നിമിഷം അൽഭുതപ്പെട്ടു. രണ്ടിറ്റ്‌ കണ്ണുനീർ സഞ്ചിയിലേക്ക്‌ വീണു.

"എന്തിനാ മാളൂ, ഈ അരിയും താങ്ങിപിടിച്ച്‌കൊണ്ട്‌ വന്നത്‌"

"ഇങ്ങള്‌ അത്‌ ഔത്ത്‌ക്ക്‌ വെച്ചാളീ, റേഷൻപീട്യേന്ന് വാങ്ങീതാ"

കിഴിശ്ശേരിയിലെ റേഷൻ കടയിൽനിന്നും അരി വാങ്ങി, അതുമാതി സുൽത്താന്റെ വീട്‌ വരെയെത്തുവാൻ മാളു വളരെയധികം കഷ്ടപ്പെടും. ബസ്സിറങ്ങി, വയലിലൂടെയുള്ള പഞ്ചയത്ത്‌ റോഡ്‌ വഴി 2 കിലോമിറ്ററിലധികം നടന്ന്, ഇടവഴികൾ താണ്ടി, ഇത്രയും സാധനങ്ങൾ ഇവിടെ എത്തിക്കുക പ്രയാസം തന്നെയാണ്‌.

ചേമ്പും, ചേനയും, കാവുത്തും, തേങ്ങയും, അങ്ങനെ തനിക്ക്‌ കൊണ്ട്‌പോകുവാൻ സാധിക്കുമെന്ന് തോന്നുന്നത്രയും ഭാരം സഞ്ചിയിലാക്കിയാണ്‌ മാളുവിന്റെ യാത്ര.

"താത്തെ, ഞാൻ പോവ്വാണ്‌" എന്ന് പറഞ്ഞ്‌ മാളു പുറത്തിറങ്ങി "അവ്‌ടെ അളിയൻ മാത്രെള്ളൂ."

കുട്ടികളില്ലാത്ത, മാളുഅമ്മായിക്ക്‌, ഞങ്ങൾ എന്നും സ്വന്തം കുട്ടികളായിരുന്നു. ശാസനയും സ്നേഹവും, നിയന്ത്രണവും, അതിനുമപ്പുറം, അണകെട്ടിവെച്ചിരിക്കുന്ന അവരുടെ വികാരമുണ്ടല്ലോ, സ്വന്തം കുഞ്ഞിനോട്‌ കാണിക്കുവാനുള്ള സ്വതന്ത്രം, മറ്റുള്ളവർ എന്ത്‌ കരുതുമെന്ന ചിന്ത. ഇതിനിടയിലൂടെ, ചിലപ്പോൾ രണ്ടും ഒരുമിച്ച്‌, പലവുരു സുൽത്താന്‌ ലഭിച്ചിരുന്നു.

പക്ഷെ, അന്നോന്നും, കുട്ടികളില്ലാത്ത ഒരു മാതാവിന്റെ വിങ്ങുന്ന ഹൃദയത്തിൽനിന്നും പുറത്തേക്ക്‌ വരുന്ന സ്നേഹത്തിന്റെ വില സുൽത്താന്‌ മനസിലാവുമായിരുന്നില്ല.

"സ്ക്കുള്‌ പൂട്ടിലെ താത്തെ, സുൽത്താനെ ഞാൻ കൊണ്ടോട്ടെ. ഒരാഴ്ച കഴിഞ്ഞിട്ട്‌ ഞാൻ കൊണ്ടരണ്ട്‌"

എതിർത്തൊന്നും പറയാൻ ഇമ്മുട്ടിക്ക്‌ കഴിഞ്ഞില്ല, കഴിയില്ല. ഒരാളുടെ എണ്ണമെങ്കിലും കുറയുമല്ലോ എന്നാശ്വസിക്കുന്നുണ്ടാവും.

അങ്ങിനെ സുൽത്താൻ കിഴിശ്ശേരിയിലേക്ക്‌.


.

Wednesday, March 24, 2010

1 - സുൽത്താൻ വരുന്നു

"കദീശാ, കാദീശാ,,,"

അകത്ത്‌നിന്നും വെളുത്ത പ്ലേറ്റും കൈയിൽപിടിച്ച്‌, പാത്തുമ്മ താത്ത പുറത്തേക്കോടി വന്നിട്ട്‌ നീട്ടി വിളിച്ചു. പുറത്ത്‌, പശുകൾക്ക്‌ വെള്ളംകൊടുക്കുകയായിരുന്ന കദീശ എന്ന വല്ല്യക്കാരി, വിളി കേട്ടതും, കാടിവെള്ളത്തിൽമുക്കിയ കൈ വലിച്ചെടുത്ത്‌, അത്‌ ഉടുത്തിരിക്കുന്ന കാച്ചിതുണിയിൽ തുടച്ച്‌, തട്ടമെടുത്ത്‌ മുഖം തുടച്ച്‌, വിളി കേട്ടു.

"എന്താമ്മാ, ഞാൻ ഇവടെണ്ട്‌"

"ഇന്നാ, ഇജി ഇത്വായിട്ട്‌ മേം പള്ളികലെ മോല്യരെ അടുത്ത്‌ പോയ്ക്കോ. ഇന്നട്ട്‌ അയാളോട്‌ പറഞ്ഞാളാ, സഫിയാക്ക്‌ വേദന തോടങ്ങീന്ന്. ബെം ഒരു ഉറ്‌ക്ക്‌ എഴുതി തരാൻ പറി. പിഞ്ഞാണം പൊട്ടാതെ നോക്കണം. അസറിന്റെ സമയല്ലെ. മോല്യാര്‌ പള്ളിക്കെ തെന്നെ കാണും'.

കേട്ട പാതി കേൾക്കാത്ത പാതി, കദീശ പിഞ്ഞാണവും വാങ്ങി ഓടി.

"പോണെ വയ്ക്ക്‌, ഇജി ആ ഒത്താച്ചിനോട്‌ ഒന്ന് ബെരാൻ പറഞ്ഞാളാ"

"ഞാൻ പറഞ്ഞോളാ"

കയ്യാല കടന്ന് ഇടവഴിയുലൂടെ കദീശ നടന്ന് നീങ്ങീ.

"പടച്ചോനെ, മമ്പോർത്തെ തങ്ങമ്മാരെ ബർക്കത്തോണ്ട്‌, തള്ളക്കും കുട്ടിക്കും എടങ്ങേറ്‌ ഒന്നും ബെര്‌ത്തല്ലെ റബ്ബെ"

അകത്തേക്ക്‌ നടക്കുന്നതിനിടയിൽ പാത്തുമ്മ താത്ത പ്രർത്ഥിച്ചു.

പാറമ്മൽ തറവാട്ടിലെ മാളികവിട്ടിനകത്തെ, ഇരുളടഞ്ഞ മുറിയിൽ, സഫിയ പ്രസവവേദനകൊണ്ട്‌ പിടയുകയാണ്‌. തറവാട്ടിൽ ആദ്യമായി ഒരു കുഞ്ഞികാല്‌ പിറക്കുവാൻ പോകുന്നതിന്റെ സന്തോഷത്തിലാണ്‌ എല്ലാവരും.

ഒത്താച്ചി കൈജുമ്മ ഓടികിതച്ച്‌കൊണ്ട്‌ അകത്തേക്ക്‌ വന്നു.

"എവടെ ഓള്‌ കൊടക്ക്‌ണത്‌".

ഈ തറവാട്ടിലെ ആദ്യത്തെ കുട്ടിയെ തന്റെ കൈകൊണ്ട്‌ തന്നെ എടുക്കണമെന്ന ആഗ്രഹത്താലും, അതുവഴി, പാത്തുമ്മ താത്തയുടെ കോന്തലക്കൽനിന്നും ലഭിക്കുന്ന സമ്മാനത്തെയും മോഹിച്ചാണവരുടെ വരവ്‌. അല്ലെങ്കിലും എപ്പോ വന്നാലും ഇത്തിരി കഞ്ഞി എപ്പോഴും ബാക്കിയുണ്ടാവുന്ന ഈ തറവാട്ടിലെ ആദ്യത്തെ കുട്ടിയുടെ പേറെടുത്തത്‌ ഞാനാണെന്ന് പറയാൻ തന്നെ ഒരന്ധസല്ലെ.

കദീശ കൊണ്ടുവന്ന, മോല്യാർ പിഞ്ഞാണത്തിലെഴുതിയ ഉറുക്ക്‌, വെള്ളത്തിൽ കലക്കി, സഫിയ കുടിച്ചതും, അകത്തിരുന്ന് നഫീസത്ത്‌മാല ഓതികൊണ്ടിരുന്ന മൈമൂനയുടെ ശബ്ദം കൂടിയതും, പള്ളിയിൽനിന്നും മുക്രി ഹൈദ്രൂസ്‌, ബാങ്ക്‌ നീട്ടിവിളിച്ചതും എല്ലാം കഴിഞ്ഞു.

പാറമ്മൽ തറവാട്ടിന്റെ അകത്തളങ്ങളിൽ, കുഞ്ഞിനെയും കൈയിൽപിടിച്ച്‌, കിബ്‌ലക്ക്‌ തിരിഞ്ഞ്‌നിന്ന്, ഒത്താച്ചി കൈജുമ്മ കുഞ്ഞിന്റെ ചെവിയിൽ ബാങ്ക്‌കൊടുത്തു.

"പാത്തുമ്മ താത്തെ, ഇങ്ങള്‌ ഒരു വല്ല്യുമ്മ ആയിക്ക്‌ണ്‌."

കുഞ്ഞിനെയുമെടുത്ത്‌ പുറത്ത്‌കടന്ന് കൈജുമ്മ പറഞ്ഞു.

"അൽഹംദുലില്ലാഹി റബ്ബിൽ ആലമ്മീൻ"

കുഞ്ഞിന്റെ മുഖം കണ്ട്‌, അവനെ എടുക്കാൻ കൈനിട്ടിയ പാത്തുമ്മ താത്തയോട്‌ ഒത്താച്ചി പറഞ്ഞു

"കുളിപ്പിച്ചിട്ട്‌ തരാ"

തന്റെ ആദ്യത്തെ അന്തരവകാശിയെ തോട്ട്‌തലോടാനുള്ള ആവേശതിമർപ്പിലായിരുന്നു അവർ.

കോന്തലക്കൽനിന്നും കുത്തഴിച്ച്‌ അവരെടുത്തത്‌, ഒരു വെള്ളി രൂപ. അതവർ ഒത്താച്ചിക്ക്‌ നേരെ നീട്ടി

"വെം കുളിപ്പിച്ചി, ഓനീ പോരെലെ സുൽത്താനാ"


.