സുൽത്താൻ ആറാം ക്ലാസിൽ പഠിക്കുന്ന സമയത്താണ്, വല്ല്യ അമ്മാവൻ ദുബൈയിൽനിന്നും വന്നത്. വല്ല്യൂമ്മയോടും, ഉപ്പയോടും ചോദിച്ച്, അവർ ഒരു കാര്യം തീരുമാനിച്ചിരുന്നു. വീട്ടിൽ മുതിർന്ന മുന്ന് ആൺകുട്ടികളായി, ഇനി എല്ലാവരുടേതും ഒരുമിച്ച് നടത്താം എന്ന തീരുമാനത്തിൽ, ആ സംഭവം ഒരുത്സവമാക്കുകയാണ് ഇന്നീ തറവാട്ടിൽ.
അടുക്കളയുടെ ഭാഗത്ത്, കിണറ്റിനടുത്തായി, ബിരിയാണി ചെമ്പുകളിൽനിന്നുമുയരുന്ന മണം ആ പ്രദേശമാകെ നിറഞ്ഞു. പന്തലിട്ട മുറ്റം നിറയെ ആളുകളെത്തിയിരിക്കുന്നു. നടുമുറ്റത്ത്, പായ വിരിച്ച്, അതിനൊത്ത നടുവിൽ, അരിനിറച്ച ഗ്ലാസിൽ കത്തിച്ച്വെച്ച, ചന്ദനതിരികൾ പുകയുന്നു. വെള്ളതുണിയിട്ട് മൂടിയ തലയിണക്ക് മുകളിൽ മൗലൂദ് ചൊല്ലുന്ന സബീനയുണ്ട്.
ളുഹർ നമസ്കാരം കഴിഞ്ഞ്, പള്ളിയിൽനിന്നും ഖത്തിബും മുസ്ലിയാർക്കുട്ടികളും എത്തി. കൂടെ നാട്ടിലെ പ്രമാണികളായ ഒരുപറ്റം ആളുകളും.
"അസാലാമു അലൈക്കും"
"വ അലൈക്കും അസ്സലാം".
ഉപ്പയും, അമ്മാവനും അവരെ സ്വീകരിച്ചിരുത്തി.
ഇതിനിടയിൽ, ബിരിയാണി ചെമ്പുകൾക്ക് വലം വെച്ച്, സുൽത്താൻ പലവട്ടം നടന്നു. വെപ്പ്കാരൻ മരക്കർ കാക്ക ബീഡിയും വലിച്ച്, അടുപ്പിലെ കനലുകൾ വാരികളയുകയായിരുന്നു.
"ഇതെപ്പളാ തൊറക്ക്വ" സുൽത്താൻ മരക്കാർ കാക്കയോട് ചോദിച്ചു.
"സബൂറാവ് സുൽത്താനെ, ഇജി അടുപ്പിന്റെട്ത്ത് നിക്കല്ലെ, ഇപ്പോ വെച്ച്, മേത്ത് മുറി ആക്കല്ലെ. മാളൂ, ഈ കുട്ടിനെ അങ്ങട്ട് കൊണ്ടോയാണി"
ഒച്ചകേട്ട് സഫിയാത്ത ഓടിവന്നു, സുൽത്താനെ പിടിച്ച്കൊണ്ട് പോയി, വല്ല്യൂമ്മയെ ഏൽപ്പിച്ചു.
"ഇമ്മാന്റെ കുട്ടി അടങ്ങി നിക്ക്, മോല്യമ്മാര് തിന്നിട്ട് അനക്ക് തരാ ട്ടോ" വല്യൂമ്മ അവനെ സമധാനിപ്പിച്ചു.
"സഫിയാ, കുട്ട്യളെ മൂന്നിനെം കുളിപ്പിച്ചാളാ, നേരോരുപ്പാടായി, ഒലെ അരെലെ ചെരട് മുറിച്ചിട്ത്താളാ"
"ന്നാ വെളമ്പാൻ നോക്ക്വ" മുറ്റത്ത്നിന്നും ഉപ്പ മുസ്ലിയാരുടെ സമ്മതത്തിന് കാത്തിരുന്നു.
"ആയ്ക്കോട്ടെ" എന്നു പറഞ്ഞ് മുസ്ലിയാർ എഴുന്നേറ്റു.
ഭക്ഷണം കഴിഞ്ഞ്, ഖതീബിന് ചുറ്റും മുസ്ലിയാർ കുട്ടികൾ വട്ടത്തിലിരുന്ന്, മൗലൂദ് തുടങ്ങിയിരുന്നു. താളത്മകമായി ആടികൊണ്ട്, അവർ പ്രവാചകന്റെ മഹത്ത്വങ്ങൾ ഉറക്കെ പാടി.
"യാറബി സ്വല്ലി അലനെബിയി മുഹമ്മദീ
മുജിൽ ഖലായിക്ക് മിൻ ജഹനമ്മ ഫീ കദീ"
എന്നാൽ, സുൽത്താനും, അനിയൻ സലാമും, ഇളയുപ്പയുടെ മകൻ ഹമീദും, ഭക്ഷണശേഷം കളിക്കുവാനുള്ള ശ്രമത്തിൽ, പറമ്പിലേക്ക് കടന്നതും, അമ്മാവൻ ഓടി വന്നു.
"എല്ലാരും അവുത്തുക്ക് കേറ്യാണി, മേത്ത് ചളിയാക്കണ്ടാ"
അവർ പിന്നെയും പന്തലിനെ ചുറ്റിപറ്റിനിന്നു.
അസർ ബാങ്ക് കൊടുക്കുന്നതിന് മുൻപ്, മൗലൂദിന്റെ ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ, അമ്മാവൻ ആദ്യം സുൽത്താനെ അകത്തേക്ക് കൊണ്ട്പോയി.
അകത്ത്, നടുവാതിലിന്നഭിമുഖമായി കിടക്കുന്ന മരകസേരയിൽ അവൻ ഇരിക്കുന്നതിന് മുൻപ്, ഒസ്സാൻ മുഹമ്മദ്, അവന്റെ തുണി വലിച്ചെടുത്തിരുന്നു. നാല് ഭാഗത്ത് നിന്നും അവന്റെ കൈകാലുകൾ പിടിക്കപ്പെട്ടിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവുന്നതിന് മുൻപെ, ഒസ്സാൻ, കടഞ്ഞെടുത്ത കത്തിയുയർത്തുകയും, "ബിസ്മില്ലാഹി റഹമാനി റഹീം" എന്നുച്ചരിക്കുകയും ചെയ്തു.
നിമിഷനേരംകൊണ്ട് എല്ലാം കഴിഞ്ഞിരുന്നു.
"അള്ളോ ന്റെ മുട്ടാണീ" പരിസരം മറന്ന് സുൽത്താൻ കരഞ്ഞു.
കാലുകൾ രണ്ടും അകത്തിപിടിച്ച്, സുൽത്താനെ രണ്ടാളുകൾ അകത്ത് വിരിച്ച പാഴയിൽ കിടത്തി. അധികം താമസിയാതെതന്നെ മറ്റു രണ്ടുപേരെയും അവിടെയെത്തിച്ചു.
വേദനയുടെ കാഠിന്യം കുറഞ്ഞപ്പോൾ, സുൽത്താൻ തലചെരിച്ച്നോക്കി. ഉമ്മയും, അമ്മായികളും പാളകൊണ്ടുള്ള വിശറിയുമായി ചുറ്റുമിരുന്ന് വീശികൊടുക്കുന്നു.
"ഇമ്മെന്തെ" വല്ല്യൂമ്മയുടെ സാമിപ്യത്തിൽ വേദനകുറയുമെന്ന വിശ്വാസത്താൽ, സുൽത്താൻ ചോദിച്ചു.
"ഇജി കരയ്ണത് കണാം പറ്റൂല്ലാന്ന് പറഞ്ഞ്, ഇമ്മ കൗജാത്താന്റോട്ക്ക് പോയിക്ക്ണ്, ഞാം ബിളിച്ചോണ്ടരാ" സുൽത്താന്റെ ഉമ്മ എഴുന്നേറ്റ് പോയി.
സലാം അപ്പോഴും കരയുകയാണ്. ഇടക്കെപ്പോയോ അവൻ ആ മഹത്തായ രഹസ്യം അമ്മായിയോട് ചോദിച്ചു.
"അമ്മായ്യേ, ഞാ എങ്ങനെഞ്ഞി മൂത്രം പാത്ത്വ"
നെയ്യ് പുരട്ടിയ കട്ടിപത്തിരിയും, ഹലുവയും, ജിലേബിയും, ലഡുവും, മൈസൂർ പാക്കും എല്ലാം തിന്ന് സുഖിച്ചങ്ങനെ കിടക്കുന്നതിന്റെ മുന്നാം ദിവസം. സ്വയം എഴുന്നേറ്റ് കാലുകളകത്തിവെച്ച് നടക്കുവാനുള്ള അനുവാദം ഒസ്സാൻ കൊടുത്ത ദിവസം.
"കുഞ്ഞാക്കാ, അന്റെ കണക്കിന്റെ ടെസ്റ്റ് ബുക്ക് ഒന്ന് തെര്വോ"
ചോദ്യം കേട്ട്, സുൽത്താൻ, മച്ചിൽ കെട്ടിയിരിക്കുന്ന തുണി മാറ്റിവെച്ച്, എഴുന്നേറ്റു. ഉമറത്തേക്കിറങ്ങുവാൻ വാതിൽ തുറന്നു. ഉമ്മറപടിയിൽ കയറിനിന്ന്, രണ്ട്കൈകൊണ്ടും വാതിൽ പാളികൾ മലർക്കെതുറന്ന് പിടിച്ചിരിക്കുന്ന സുൽത്താൻ.
മുറ്റത്ത്,
തലയുയർത്തിനിൽക്കുന്ന രണ്ട്സുൽത്താന്മാരെയും മാറിമാറി വീക്ഷിക്കുന്നവളുടെ മുഖത്ത്, ആശ്ചര്യവും, അമ്പരപ്പും മാറി, നാണംകലർന്ന പുഞ്ചിരി. കവിളിൽ നുണകുഴികൾ വിരിഞ്ഞു.
"കുഞ്ഞാക്കാ, ഞാം പിന്നെ ബെരാ" ആയിഷ ഓടിമറഞ്ഞു. അപ്പോഴും സുൽത്താൻ ഉമ്മറപടിയിൽതന്നെയായിരുന്നു.
.